ന്യൂദല്‍ഹി : രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയാണ്. ഇത് നിയന്ത്രണ വിധേയമാണ്. ബാങ്കിങ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷം നികുതി പരിഷ്‌കരണം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇത് ഉടന്‍ ഉണ്ടാകുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കൂടാതെ ഇനിമുതല്‍ നികുതി റിട്ടേണുകള്‍ ഇ റിട്ടേണ്‍ സംവിധാനം വഴിയാക്കും. ഈ മാസം 19 ന് പൊതു മേഖലാ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബാങ്കുകളില്‍ നിന്നും കൂടുതല്‍ വായ്‌പ ലഭ്യമാകും. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍ നടപ്പിലാക്കും. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കയറ്റുമതി ഇടിവ് കുറയ്‌ക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും. പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി അറിയിച്ചു.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ മാതൃകയില്‍ 2020 മെഗാ ഷോപ്പിങ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിങ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുക. കയറ്റുമതി രംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തും. വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വര്‍ഷം ഡിസംബറോടെ വേഗത്തിലാവും.
രാജ്യത്തെ കയറ്റുമതി മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ ആര്‍ബിഐ 68,000 കോടി അനുവദിക്കും. സ്വതന്ത്ര വ്യാപാരനയമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.
പാര്‍പ്പിട മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ നിര്‍മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം. ഇതിനായി 10,000 കോടി രൂപ നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാര്‍പ്പിട പദ്ധതികളെ ഇത് സഹായിക്കും. വീട് പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കും. അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
















