ദമാം : കേരളത്തില്‍ നിന്നും സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തി പിരിവ് പതിവാക്കിയ മലയാളി രഹസ്യ പോലീസിന്റെ പിടിയില്‍. കോഴിക്കോട് കല്ലായി സ്വദേശിയെയാണ് ദമാം സീകോ പരിസരത്തു നിന്നും അറസ്റ്റിലായത്. വീട് ജപ്തി ഭീഷണിയില്‍ ആണെന്നും പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്‌ക്കുന്നതിനുള്ള ബാധ്യതയുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ പിരിവ് നടത്തിയിരുന്നത്.
2008 മുതല്‍ ഇദ്ദേഹം പല തവണ സൗദിയില്‍ എത്തി പിരിവ് നടത്തുന്നുണ്ട്. കളിഞ്ഞ ദിവസം പള്ളിയില്‍ നമസ്‌കാരത്തിനു ശേഷം എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥിക്കാന്‍ എത്തിയവരോട് മലയാളത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇയാളുടെ ഭാഷ മനസ്സിലായില്ലെങ്കിലും അവര്‍ ധന സഹായം നല്‍കി. എന്നാല്‍ അവിടെയുണ്ടായിരുന്ന ചില മലയാളികള്‍ തട്ടിപ്പ് മനസ്സിലാക്കി ഇയാളെ താക്കീത് നല്‍കി വിട്ടയച്ചു. എന്നിട്ടും ഇത് വകവെയ്‌ക്കാതെ വീണ്ടും പണപ്പിരിവ് നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
പല സ്ഥലങ്ങളിലായി പണപ്പിരിവ് നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടയിലാണ് അറസ്റ്റിലാകുന്നത്. സൗദിയില്‍ യാചനയും അനധികൃത പിരിവും നിയമ വിരുദ്ധമാണ്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സന്ദര്‍ശക വിസയില്‍ ഇയാള്‍ പിരിവ് നടത്തിയിരുന്നത്. പ്രാഥമികാന്വേഷണത്തിനു ശേഷം ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
















