ശ്രീനഗര്‍: കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേന നടത്തുന്ന പ്രകോപനത്തിന് താത്കാലിക വിരാമം. അടുത്തിടെയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരേ നിരന്തരം വെടിയുതിര്‍ത്തു പ്രകോപനം സൃഷ്ടിക്കുകയായിരുന്നു പാക് സേന. ഒടുവില്‍ ശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ വെള്ളക്കൊടി ഉയര്‍ത്തി കീഴടങ്ങി സമാധാനം പ്രഖ്യാപിച്ചിരിക്കുകയാണ് പാക് പട്ടാളം. സെപ്റ്റംബര്‍ 10,11 തീയതികളിലാണ് പാക് പട്ടാളം തുടര്‍ച്ചായി ഹാജിപൂര്‍ സെക്റ്ററിലെ ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്‍ പഞ്ചാബിലെ ബഹ്വാല്‍നഗര്‍ സ്വദേശിയും പാക് പട്ടാളക്കാരനുമായ ഗുലാം റസൂല്‍ കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം എടുക്കാന്‍ പുറപ്പെടുമ്പോഴും പാക് സൈനികരില്‍ നിന്നു തുടര്‍ച്ചയായി വെടിവയ്‌പ്പുണ്ടായി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ വെടിവയ്‌പ്പില്‍ പാക്കിസ്ഥാന്റെ രണ്ടാമത്തെ പട്ടാളക്കാരനും കൊല്ലപ്പെട്ടു. ഇവരുടെ രണ്ടുപേരുടേയും മൃതദേഹം രണ്ടു ദിവസമായിട്ടും വീണ്ടെടുക്കാന്‍ പാക് സൈനികര്‍ക്ക് സാധിച്ചില്ല. ഇതോടെയാണു വെടിവയ്‌പ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി ഉയര്‍ത്തി ഇന്ത്യന്‍ സേനയോട് വെടിവയ്‌ക്കരുതെന്ന് അപേക്ഷിച്ച് പാക് പട്ടാളം രംഗത്തെത്തിയത്. ഇതോടെ മരിച്ച പാക് പട്ടാളക്കാരോടുള്ള ആദരവ് മാനിച്ച് ഇന്ത്യന്‍ സേന വെടിവയ്‌പ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, ജൂലൈ അവസാനവാരം ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട ഏഴോളം സൈനികരുടെയും ഭീകരരുടേയും മൃതദേഹം ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളം തയാറായിരുന്നില്ല. ഇവര്‍ കശ്മീരി സ്വദേശികളാണെന്നതിനാലാണു ഇതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക് പഞ്ചാബി മുസ്ലിങ്ങളാണ് പാക് പട്ടാളത്തിലെ പ്രമാണിമാര്‍. ഇവര്‍ കൊല്ലപ്പെട്ടാല്‍ ഏതുവിധേനയേയും ഇവരുടെ മൃതദേഹം പാക്കിസ്ഥാന്‍ കണ്ടെത്തും. എന്നാല്‍, പാക് അധീന കശ്മീര്‍, നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററി എന്നിവിടങ്ങളിടെ സൈനികരെ രണ്ടാംതരക്കാരായാണു പാക് പട്ടാളം കണക്കാക്കുന്നത്. ഇതാണു ഇവരുടെ മൃതദേഹത്തോട് പലപ്പോഴും പാക്കിസ്ഥാന്‍ അനാദരവ് കാട്ടുന്നതെന്നാണു സൈനിക വൃത്തങ്ങള്‍ പറയുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യമാണ് ഇവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു സംസ്‌കാരം നടത്തിയത്.
















