ന്യൂദല്‍ഹി : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ വൈകുന്നത് എന്തെന്ന് സുപ്രീംകോടതി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ സുപ്രീം കോടതി സമ്മര്‍ദ്ദം ചെലുത്തിയിട്ടും എന്തുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നതെന്നും ആരാഞ്ഞു.
ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.
ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഇത് അരാഞ്ഞത്. നിലവില്‍ ഗോവ മാത്രമാണ് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കിയിട്ടുള്ള ഏക സംസ്ഥാനമെന്നും സുപ്രീംകോടതി അറിയിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് നല്‍കിയ കേസിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം. മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യം അവകാശം ഉറപ്പാക്കാന്‍ ഗോവ സ്വീകരിച്ച നടപടികള്‍ മികച്ച ഉദാഹരണമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നുണ്ട്. 1965ലെ പിന്തുടര്‍ച്ചാവകാശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും വ്യക്തിനിയമം ഇന്ത്യയില്‍ നടപ്പാക്കണം. സര്‍ക്കാരുകള്‍ വിഷയത്തില്‍ ശ്രദ്ധ പതിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്.
















