ഗൃഹസ്ഥാശ്രമികള്‍ക്ക് പാരായണം ചെയ്യാന്‍ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില് ദേവിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങള്‍, സ്വരൂപം, അവതാരകഥകള്‍ എന്നിവയെല്ലാം സമന്വയിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ലളിതാ സഹസ്രനാമത്തില് ഒരു നാമം പോലും ആവര്‍ത്തിക്കപ്പെടുന്നില്ല. മറ്റ് സഹസ്രനാമങ്ങളില്‍ പല നാമങ്ങളും ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. ലളിതാസഹസ്രനാമം പതിവായി ഉരുവിട്ടാല്‍ വീട്ടില്‍ ദാരിദ്ര്യമുണ്ടാവില്ല. രോഗദുരിതങ്ങളും ബാധിക്കില്ല. ലളിതാ സഹസ്രനാമജപത്തിലൂടെ അമ്മ, കുഞ്ഞിനെയെന്ന പോലെ ഭക്തരെ ദേവി കാത്തു കൊള്ളുമെന്നാണ് വിശ്വാസം. രോഗശാന്തി, ആയുര്ദോഷശാന്തി, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധകളില് നിന്ന് മോചനം വിഷബാധാ ശാന്തി എന്നിവ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ കൈവരും. നിത്യവും പാരായണം ചെയ്യാന്‍ പറ്റാത്തവര്‍ വെള്ളിയാഴ്ചകളിലും പൗര്‍ണമി, ജന്മനക്ഷത്ര ദിവസം, നവമി, ചതുര്‍ദ്ദശി തിഥികള്‍, ഗ്രഹണം എന്നീ ദിവസങ്ങളിലും നിഷ്ഠയോടെ സഹസ്രനാമമുരുവിടണം. വെള്ളിയാഴ്ചകളില്‍ ഈ സ്തോത്രം ജപിച്ചാല്‍ സമ്പത്തു വര്‍ധിക്കും.
മാതൃരൂപിണിയായ ദേവിയുടെ അനുഗ്രഹത്താല്‍ ഒരു വ്യക്തിയുടെ സകല പാപങ്ങളും തീരുന്നു. ഉത്തമസന്തതിയെ ലഭിക്കാനും വൈധവ്യദോഷമകറ്റാനും ദീര്ഘായുസ്സിനുമെല്ലാം ലളിതാ സഹസ്രനാമം ചൊല്ലുക. ആയിരം വിഷ്ണുനാമത്തിന് തുല്യമത്രേ ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ഒരു ദേവീ നാമമെന്നും പറയപ്പെടുന്നു. നിത്യവും ജപിച്ചാല്‍ മനസ്സിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കും.
എല്ലാ ജീവജാലങ്ങള്‍ക്കും വാക്കുകള്‍ ഉച്ചരിക്കാനുള്ള കഴിവു നല്‍കുന്നത് വാഗ്ദേവതകളാണ്. ഈ വരം നല്കി വാഗ്ദേവതകളെ അനുഗ്രഹിച്ചത് ദേവിയാണ്. മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും 72 ദ്വൈക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദശാക്ഷരീ മന്ത്രങ്ങളും 3 ഏകാദശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് ദേവിയുടെ സഹസ്രനാമങ്ങള് വാഗ്ദേവതകള് ആവിഷ്ക്കരിച്ചത്. താന്ത്രികാരാധനയിലെ സകല രീതികളും ഇതില്‍ പരാമര്‍ശിക്കുന്നു.
സാധാരണക്കാര്‍ക്ക് ദേവിയെ ആരാധിക്കാന്‍ ഏറ്റവും നല്ല മന്ത്രമാണ് ലളിതാസഹസ്രനാമം. മറ്റു ബീജമന്ത്രങ്ങള് ചൊല്ലണമെങ്കില് ഗുരുവിന്റെ ഉപദേശം വേണം. സാധന ചെയ്യുന്നതും ഗുരുവിന്റെ സാന്നിധ്യത്തിലാവണം. എന്നാല്‍ ലളിതാസഹസ്രനാമം അതീവ ലളിതമായി ഏത് ദേവീ ഭക്തര്‍ക്കും ഉരുക്കഴിക്കാം. എപ്പോള്‍ വേണമെങ്കിലും സഹസ്രനാമം ചൊല്ലാം. അതിന് സമയമോ കാലമോ നോക്കേണ്ടതില്ല. ചൊല്ലുമ്പോള്‍ അറിയാതെ വരുന്ന പിഴകള്‍ ഭക്തിയ്ക്കു മുമ്പില്‍ ദേവി നിര്വീര്യമാക്കിക്കളയും. എന്നാല്‍ ശരീരശുദ്ധിയോടെ വേണം നാമജപത്തിനിരിക്കാന്. നിലവിളക്കു കൊളുത്തിവെച്ചിട്ടാണെങ്കില് ഏറെ അഭികാമ്യം. രാവിലെയെങ്കില് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് സഹസ്രനാമം ജപിക്കാന്‍ ശ്രമിക്കണം. വൈകീട്ടെങ്കില് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കാം. ഭഗവതിയുടെ ചിത്രത്തിനു മുമ്പിലിരുന്ന് പൂജിക്കുന്നത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: