ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മിന്നും ജയം. ആകെയുള്ള നാലു സീറ്റില്‍ മൂന്നു സീറ്റും വിദ്യാര്‍ഥി പരിഷത്ത് സ്വന്തമാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപി നേടിയത്. സെക്രട്ടറി സ്ഥാനം എന്‍എസ് യു നേടി.എബിവിപിയുടെ അക്ഷിത് ദഹിയ 19,000 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥി ചേതന ത്യാഗിയെ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രദീപ് തന്‍വാര്‍ 8574 വോട്ടുകള്‍ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ശിവാംഗി കര്‍വാള്‍ 2914 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. 2053 വോട്ടുകള്‍ക്കാണ് എന്‍സ് യു സ്ഥാനാര്‍ഥി ആശിഷ് ലാംബം സെക്രട്ടറിയായി വിജയിച്ചത്. കഴിഞ്ഞ വര്‍ഷവും മൂന്നു സീറ്റുകള്‍ എബിവിപി കരസ്ഥമാക്കിയിരുന്നു. എന്‍എസ്‌യുഐ 1 സീറ്റിലുമാണു വിജയിച്ചത്.
ആകെയുള്ള 4 സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ വോട്ടു ചെയ്തത് ഏറെ ആവേശത്തോടെയാണ്.കനത്ത പൊലീസ് കാവലിലായിരുന്നു വോട്ടെടുപ്പ്. നാലു സ്ഥാനങ്ങളിലേക്ക് മല്‍സരിച്ചത് 16 സ്ഥാനാര്‍ഥികള്‍. കോളജുകളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്കു 2 മണിവരെയും സായാഹ്ന കോളജുകളില്‍ വൈകിട്ട് 3 മുതല്‍ 7.30വരെയുമായിരുന്നു തിരഞ്ഞെടുപ്പ്. 1.3 ലക്ഷം വോട്ടര്‍മാര്‍ക്കായി 52 പോളിങ് ബൂത്തുകളാണു സജ്ജമാക്കിയത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകര്‍ക്ക് ആവേശംപകരാന്‍ കോളജുകളില്‍ എത്തിയിരുന്നു. എബിവിപിയും എന്‍എസ്‌യുഐയുമാണ് പരസ്പരം കനത്തപോരാട്ടം. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പില്‍ എബിവിപി 3 സീറ്റിലും ഇടതു വിദ്യാര്‍ഥി സംഘടനകളും ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്.
















