അടിമാലി: അവശ നിലയിലായ രോഗിയെ 25 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ച് ഇടമലക്കുടിക്കാര്‍. രണ്ടു ദിവസമായി പനി ബാധിച്ച് അവശനായ ആണ്ടവന്‍ കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് അവിട്ട നാളില്‍ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
50 ഓളം പേര്‍ ചേര്‍ന്ന് കഴ(മരക്കമ്പ്) യുടെ നടുഭാഗത്ത് തുണി കെട്ടി രോഗിയെ അതിനുള്ളില്‍ സുരക്ഷിതമായി ഇരുത്തി കമ്പിന്റെ രണ്ട് തലയും തോളിലേറ്റിയായിരുന്നു യാത്ര. രാവിലെ 8ന് പുറപ്പെട്ട് 12.30 ഓടെ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആണ്ടവന്‍ കുടിയില്‍ നിന്നും 18 കി.മീ. കാട്ടുപാതയിലൂടെ നടന്നാലാണ് ആനക്കുളത്തിനടുത്തുള്ള റോഡിലെത്തിചേരാനാവുക. 50 ഓളം പേര്‍ ചേര്‍ന്ന് മാറി മാറി ചുമക്കും. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി എന്നും അവഗണനയുടെ ദുരിതക്കയത്തിലാണ്.
കഴിഞ്ഞ പെരുമഴയില്‍ സൊസൈറ്റിക്കുടിയിലേക്കുണ്ടായിരുന്ന ജീപ്പ് റോഡ് വിരിപ്പുകാട് ഭാഗത്ത് 10 മീറ്ററോളം ഭാഗത്ത് റോഡ് തകര്‍ന്നതിനെത്തുടര്‍ന്നാണ് പ്രദേശം ഒറ്റപ്പെട്ടത്. മൂന്നാറില്‍ നിന്നും രാജമല, പെട്ടിമുടി വഴിയാണ് ഇടമലക്കുടിയില്‍ എത്തിചേരാനുള്ള വഴിയുണ്ടായിരുന്നത്. പെട്ടിമുട്ടിയില്‍ നിന്നും കാട്ടു റോഡിലൂടെ സാഹസിക യാത്ര നടത്തിയാല്‍ സ്ഥലത്തെത്താമാ യിരുന്നു. ഈ റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ജനങ്ങള്‍ ആനക്കുളം, മാങ്കുളം വഴിയാണ് ഇവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി അടിമാലിയിലെത്തുന്നത്.
രോഗികള്‍ക്ക് ഏക ആശ്രയമായ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചേരുന്നതിനുമുള്ള ഏക മാര്‍ഗം ഇതു വഴിയാണ്. മഴക്കാലമാകുന്നതോടെ രോഗികളെ ചുമന്നുകൊണ്ടുവരാനും സങ്കേതിക ബുദ്ധിമുട്ടുകളുണ്ടാകുന്നു. ഇതിനിടെ ഇത്തവണത്തെ മഴയില്‍ നിരവധി ഭാഗങ്ങളില്‍ മലയിടിച്ചിലുണ്ടായി മൂന്ന് വീടുകളും, ഹെക്ടടര്‍ കണക്കിന് കൃഷികളും നശിച്ചിട്ടും ഇതുവരെ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല.
നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും, അധികൃതര്‍ ഇടമലക്കുടിക്കാരെ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്തംഗം ഷണ്‍മുഖന്‍ പറഞ്ഞു.
















