വാരാണസി: 20 ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാമങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നറിയിച്ചു വാരണാസിയിലെ 760 ഗ്രാമത്തലവന്മാര്‍ക്ക് പ്രധാന മന്ത്രിയുടെ കത്ത് ലഭിച്ചു. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വച്ഛതാ ഹെ സേവയുടെ ഭാഗമായാണ് മോദി ഗ്രാമത്തലവന്‍മാര്‍ക്ക് കത്തയച്ചത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹയാത്തോടെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണം, കൂടാതെ ജനങ്ങളെ ഇതിനെ കുറിച്ച് ബോധവാന്മാരുമാക്കേണ്ടതുണ്ടെന്നും ഗ്രാമം,നഗരം, സ്‌കൂള്‍ തുടങ്ങി എല്ലായിടങ്ങളിലും ക്യാമ്പെയ്ന്‍ പൂര്‍ണ വിജയമാക്കണമെന്നും പ്രധാനമന്ത്രി പറയുന്നു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഗ്രാമത്തലവന്‍മാരെ സമീപിക്കുന്നത്. നേരത്തെ ജലം സംരക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ഗ്രാമത്തലവന്മാര്‍ക്ക് കത്തയച്ചത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും അത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകര്‍ക്കുമെന്നും പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അടിയന്തിരമായി പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തണമെന്നും അതോടൊപ്പം മാലിന്യങ്ങളില്‍ നിന്ന് പൂര്‍ണമായും പ്ലാസ്റ്റിക് വേര്‍തിച്ചെടുക്കണമെന്നും പ്രധാനമന്ത്രി ഗ്രാമത്തലവന്മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സെപ്റ്റംബര്‍ 11നും ഒക്ടോബര്‍ 2 നും ഉള്ളില്‍ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നാണ് മോദി കത്തില്‍ പറഞ്ഞിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രധാനമന്ത്രിയുടെ കത്ത് ജില്ല അധികൃതര്‍ക്ക് ലഭിച്ചത്. അടുത്ത ദിവസമായ സെപ്റ്റംബര്‍ 10 നു തന്നെ എല്ലാ ഗ്രാമത്തലവന്‍മാര്‍ക്കും കത്ത് കൈമാറിയെന്ന് ജില്ലാ മജിസ്ട്രറ്റ് സുരേന്ദ്ര സിങ് അറിയിച്ചു.
















