ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശത്തിനു പിന്നാലെ പിണറായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയിലെ വിഴുപ്പലക്കല്‍ പരസ്യമായി രംഗത്ത് ജോയിന്റ് കണ്‍വീനര്‍ സി.പി. സുഗതന്‍ സമിതി വിട്ടതിനു പിന്നാലെ അദ്ദേഹത്തിനെതിരേ രൂക്ഷമായ വിമര്‍ശിച്ച് സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.സി.പി.സുഗതന്റെ രീതി പണ്ടേ ശരിയല്ലായിരുന്നു. ഇത് തുടക്കത്തിലേ താന്‍ പറഞ്ഞതാണ്. സുഗതനു പാര്‍ലമെന്ററി മോഹമായിരുന്നു. ഹിന്ദു ഐക്യം ലക്ഷ്യമിട്ടല്ല നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. നവോത്ഥാന സംരക്ഷണത്തിന് ഏതറ്റം വരെയും എസ്എന്‍ഡിപി പോകാന്‍ തയ്യാറാണ്. സുഗതന്‍ വെറും കടലാസ് പുലിയാണ്. സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല. പൂര്‍വാധികം ശക്തിയോടെ നവോത്ഥാന സംരക്ഷണ സമിതി പ്രവര്‍ത്തിക്കും. നവോത്ഥാന സംരക്ഷണ സമിതിയിലെ പിളര്‍പ്പ് കാര്യമാക്കാനില്ല.
ഹിന്ദു പാര്‍ലമെന്റ് അംഗമാണ് സി.പി.സുഗതന്‍. സുഗതന്റെ നേതൃത്വത്തില്‍ അമ്പതോളം സമുദായസംഘടനകളാണ് നവോത്ഥാന സംരക്ഷണ സമിതി വിട്ടത്. നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമെന്നാണ് സൂചന.
നവോത്ഥാന സമിതിയില്‍ നിന്നും പിന്മാറുകയാണെന്ന് ഹിന്ദു പാര്‍ലമെന്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാര്‍ലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാര്‍ലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങള്‍ക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാനസമിതിയില്‍ തുടരാന്‍ തടസമുണ്ടാവില്ലെന്നും തങ്ങളുമായി സഹകരിക്കുന്ന സംഘടനകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. നവോത്ഥാന മൂല്യസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാടുകളെ തള്ളിപ്പറയാതെ ആയിരുന്നു സുഗതന്റെ സര്‍ക്കുലര്‍. കണ്‍വീനര്‍ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷവിമര്‍ശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍. വനിതാമതില്‍ രൂപീകരണ തീരുമാനമുണ്ടായതോടെ ഹിന്ദു പാര്‍ലമെന്റിന്റെ ഭാഗമായ 12 മുന്നാക്ക സംഘടനകള്‍ നവോത്ഥാനസംരക്ഷണസമിതിയില്‍ നിന്ന് പിന്മാറിയതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നവോത്ഥാന സംരക്ഷണസമിതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഹിന്ദു പാര്‍ലമെന്റ് പിന്തുടരുന്ന രാഷ്‌ട്രീയരഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്ന് കാണുന്നു. പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള മുന്നാക്കസമുദായങ്ങളെയൊന്നും ഇതില്‍ അടുപ്പിക്കുന്നില്ല. ജില്ലാതല പ്രവര്‍ത്തനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ സമിതി രൂപീകരണസമയത്ത് പങ്കെടുത്ത പ്രമുഖ ഹിന്ദു പാര്‍ലമെന്റ് അംഗ സമുദായപ്രാതിനിദ്ധ്യമില്ല. അവര്‍ക്ക് പകരം ചില സമുദായ സ്പ്ലിന്റര്‍ ഗ്രൂപ്പുകള്‍ സമിതിയെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് വന്നിരിക്കുന്നു. അതുപോലെ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ചരിത്രമായി കാണുകയും ബഹുഭൂരിപക്ഷത്തിന്റെയും വികാരങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നത് ചരിത്രനിഷേധമാണ്. അതാണിപ്പോള്‍ സമിതിയുടെ ചില ഭാരവാഹികള്‍ മുഖ്യമന്ത്രി അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് എന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സമിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുഗതനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009-ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. എന്നാല്‍ പിന്നീട് എസ്എന്‍ഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു.
















