ഒരു വര്‍ഷത്തോളമായി അമേരിക്കയ്ക്കും താലിബാനുമിടയില്‍ തുടരുന്ന സമാധാനചര്‍ച്ചകളുടെ അന്ത്യഘട്ടം എന്ന നിലയില്‍ അമേരിക്കയിലെ ചരിത്രപ്രസിദ്ധമായ ക്യാമ്പ് ഡേവിഡില്‍ നടക്കേണ്ടിയിരുന്ന സമാധാനചര്‍ച്ച ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റപ്രഖ്യാപനം ഉണ്ടാകുമോ എന്നായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കിയത്. കാബൂളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥന് അടക്കം മരണമടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രമ്പ് പ്രഖ്യാപിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദവും ആ തീരുമാനത്തെ സ്വാധീനിച്ചു എന്നുകരുതണം. ചര്‍ച്ച വിജയിച്ചിരുന്നെങ്കില്‍ പതിനെട്ട് വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ തുടരുന്ന അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമായിരുന്നു. ചര്‍ച്ചയില്ലെങ്കില്‍ ജിഹാദ് തുടരുമെന്നും അമേരിക്കയ്ക്ക് വലിയ നഷ്ട്ടം നല്‍കേണ്ടിവരുമെന്നുമാണ് താലിബാന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രമ്പിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയെത്തിയ ഈ പ്രതികരണം മേഖലയില്‍ അശാന്തി തുടരുമെന്നുള്ള സൂചനയാണ് നല്‍കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്നു അഫ്ഗാനിസ്ഥാന്. ബ്രിട്ടന്റെ പിന്‍വാങ്ങലിനുശേഷം അമനുള്ള രാജാവിന്റെ ഭരണത്തിലായ രാജ്യം പിന്നീടു സാഹിര്‍ഷായുടെ റിപ്പബ്ലിക്കന്‍ഭരണത്തിനും സാക്ഷ്യംവഹിച്ചു. 1978ല്‍ സോവിയറ്റ് അധിനിവേശത്തിനുശേഷം സോഷ്യലിസ്റ്റ് ഭരണ വ്യവസ്ഥയായിരുന്നു അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്. 1996 മുതല്‍ ഭരണം താലിബാന് എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ കൈകളിലായി. താലിബാന് ഭരണകാലത്ത് അല്‍-ക്വയ്ദയടക്കമുള്ള ഭീകരവാദികള്‍ക്കു പരിശീലനക്യാമ്പുകള്‍ നടത്താന്‍ അഫ്ഗാന് മണ്ണ് വിട്ടുനല്‍കിയിരുന്നു. 2001 സെപ്റ്റംബറില്‍ മൂവായിരത്തോളം പേരുടെ മരണത്തിനിടയായ അമേരിക്കയുടെ വേള്‍ഡ് ട്രേഡ്സെന്റര്‍ ആക്രമണത്തില്‍ അല്‍- ക്വയ്ദയ്ക്കും തലവനായ ഒസാമ ബിന്‍ലാദനും പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും മറ്റു സഖ്യരാജ്യങ്ങളും ചേര്‍ന്ന് സൈനികനടപടി സ്വീകരിക്കുകയും താലിബാന്‍ഭരണം 2001ല്‍ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ബിന്‍ലാദനെ അമേരിക്കന്‍സൈന്യം വധിച്ചുവെങ്കിലും അമേരിക്ക അടക്കമുള്ള സഖ്യരാജ്യങ്ങളുടെ സൈന്യം അഫ്ഗാനില്‍ തുടര്‍ന്നു. 2001 ഡിസംബറില്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും താലിബാനുമായുള്ള ആഭ്യന്തരയുദ്ധം അവസാനിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ആദ്യമായി 2014ല്‍ അഷ്റഫ് ഗാനിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം രൂപപെടുത്തുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായ പ്രാധാന്യമാണ് ഇന്ത്യക്കു പ്രിയമുള്ള രാജ്യമാക്കി അഫ്ഗാനിസ്ഥാനെ മാറ്റിയത്. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ പശ്ചിമേഷ്യയിലേയ്ക്കും മധ്യേഷ്യയിലേക്കും കടന്നുചെല്ലാന്‍ അഫ്ഗാന്‍ബന്ധം ഉപയോഗിച്ച് ഇന്ത്യക്ക് അനായാസം സാധിക്കും. ഇന്ത്യ-ഇറാന് സഹകരണത്തിനും അഫ്ഗാന്‍സഹായം അത്യന്താപേക്ഷിതമാണ്. ഇറാനില്‍ ഇന്ത്യന്‍ സഹായത്താല്‍ നിര്‍മിച്ച ചബ്ബാര്‍തുറമുഖം അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ചു. 2016ല്‍ പ്രധാനമന്ത്രിയുടെ ഇറാന് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചബ്ബാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഇറാന് സന്ദര്‍ശനത്തിലായിരുന്ന അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഖാനിയും പദ്ധതിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. 2017 ഒക്ടോബറിലായിരുന്നു ചബ്ബാര്‍ തുറമുഖത്തേയ്ക്ക് ഇന്ത്യയുടെ ആദ്യകപ്പല്‍ യാത്രതിരിച്ചത്. അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കുന്ന 11 ലക്ഷം ടണ്‍ ഗോതമ്പിന്റെ സഹായം എത്തിക്കാനായിരുന്നു ഈ യാത്ര. ഇന്ത്യയെ ഇറാനുമായും അഫ്ഗാനുമായും ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ നിരവധി റോഡുകളും റെയില്‍ പാതകളും ലക്ഷ്യമിടുന്നു. ഇന്ത്യന്‍ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ ഇപ്പോള്‍ മേഖലയില്‍ രൂപപ്പെട്ടിട്ടുള്ള ചൈന-പാകിസ്ഥാന് സഖ്യത്തിന് ബദലായി ഇന്ത്യ-അഫ്ഗാനിസ്ഥാന്-ഇറാന് സഖ്യം ഉയര്‍ന്നുവരും. ഇന്ത്യയെ എപ്പോഴും ശത്രുവായി കാണുന്ന പാകിസ്ഥാനെ സൈനികവലയത്തില്‍ കൊണ്ടുവരാനും ഇതു സഹായകരമാവും.
ലോകത്തില്‍ ആകെയുള്ള പ്രകൃതിവാതകത്തിന്റെ നാല് ശതമാനവും എണ്ണയുടെ മൂന്ന് ശതമാനവും കണ്ടെത്തിയിരുന്നത് ഖസാക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍ ഉസ്ബൈകിസ്ഥാന്‍ താജാക്കിസ്ഥാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളിലാണ്. പ്രകൃതിവാതകം കൂടുതലും കണ്ടെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യമായ തുര്‍ക്മെനിസ്ഥാനിലാണ്. കരമാര്‍ഗം പൈപ്പ് ലൈന്‍ പദ്ധതിയിലൂടെ മാത്രമേ ഇത് എത്തിക്കാന്‍ സാധിക്കു. പാകിസ്ഥാന്റെ മണ്ണില്‍ തൊടാതെ ഇറാന് അഫ്ഗാനിസ്ഥാന് സഹായത്തോടെ കുറഞ്ഞ ചിലവില്‍ ഇന്ത്യക്കിത് ലഭ്യമാക്കാം എന്നതാണ് മറ്റൊരു നേട്ടം.
ഇന്ത്യക്കു ശുഭ പ്രതീക്ഷയാണ് ട്രംപിന്റെ പ്രഖ്യാപനം നല്‍കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. തെരഞ്ഞെടുക്കപെട്ട അഫ്ഗാന് സര്‍ക്കാരിനെ മാറ്റിനിര്‍ത്തിയുള്ള അമേരിക്ക-താലിബാന് സമാധാനചര്‍ച്ചയെയും ഒരു ജനാതിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. മാത്രമല്ല പതിനെട്ട് വര്‍ഷത്തിന് ശേഷമുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ ഇന്ത്യാവിരുദ്ധ ഭീകരവാദികളുടെ പ്രധാന കേന്ദ്രമായി അഫ്ഗാനിസ്ഥാന് മാറും എന്ന ആശങ്ക ഇന്ത്യക്കുണ്ട്. വീണ്ടും അല്‍ ക്വയിദ, ഐഎസ്ഐഎസ് ശക്തികള്‍ക്കു വളരാന്‍ അഫ്ഗാന് ണ്ണ് ഉപയോഗിക്കാനുള്ള സാധ്യത ഇതുണ്ടാക്കും എന്ന് ഇന്ത്യ വിശ്വസിക്കുന്നു. കാശ്മീരില്‍ ഇന്ത്യ നടത്തുന്ന ഭീകരവാദവിരുദ്ധ പ്രവര്‍ത്തങ്ങള്‍ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരവാദികള്‍ക്ക് വലിയ തിരിച്ചടിയാകുന്ന സമയത്ത് അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍സൈന്യം പിന്‍വാങ്ങുന്നത് ഭീകരവാദികള്‍ക്ക് കൂടുതല്‍ ശക്തിപകരും. ഇത് രാജ്യത്തെ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന ആശങ്ക അഫ്ഗാനിസ്ഥാനില്‍ വലിയ സാമ്പത്തിക മുതല്‍മുടക്ക് നടത്തിയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്കുണ്ട്. 3 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തികസഹായം രാജ്യത്തിന് നല്‍കിക്കഴിഞ്ഞു.
അടുത്തിടെ അഫഗാനിസ്ഥാന് പുതിയ പലര്‍ലമെന്റ് മന്ദിരം ഇന്ത്യ നിര്‍മിച്ചുനല്‍കിയിരുന്നു. നിരവധി സ്കൂളുകളും ആശുപത്രികളും നിര്‍മാണത്തിലാണ്. കുട്ടികളുടെ വിദ്യാഭാസത്തിനും, പോഷകാഹാരത്തിനും വനിതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരവധി സാമൂഹികപ്രവര്‍ത്തങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നുണ്ട്. നൂറിലധികം സ്കോളര്‍ഷിപ്പുകളാണ് അഫ്ഗാന് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യ നല്‍കുന്നത്. ഡാമുകളും, റോഡുകളും അടക്കം അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ നിക്ഷേപം നടത്തിക്കഴിഞ്ഞു. അഫ്ഗാന് ഗതാഗതവകുപ്പിന് നൂറിലധികം ബസുകളും അഫ്ഗാന് നാഷണല്‍ ആര്‍മിക്ക് മുന്നൂറിലധികം സൈനികവാഹനങ്ങളും ഇന്ത്യ നല്കി. എംഐ-25, എംഐ-35 ഹെലികോപ്റ്ററുകള്‍ അഫ്ഗാന് സൈന്യത്തിന് നല്കി. അഫ്ഗാന് സൈന്യത്തെയും പോലീസിനെയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അഫ്ഗാന്റെ സാമൂഹിക-സാമ്പത്തിക സൈനികമേഖലയില്‍ സമഗ്രമാറ്റത്തിനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥ അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കാശ്മീരിലേതുപോലെ ഭീകരവാദികളുടെ എന്നന്നേയ്ക്കുമായുള്ള ഉന്മൂലനമാണ് ലക്ഷ്യം. അതിനാല്‍ത്തന്നെ, അമേരിക്ക-താലിബാന് സമാധാനചര്‍ച്ച പിന്‍വലിച്ചത് ഇന്ത്യയെ സംബന്ധിച്ചടത്തോളം ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.
ഇന്ത്യയുടെ ഭൂപടത്തിലെ പിശക്
ഇന്നത്തെ (സെപ്തംബര്‍13) ജന്മഭൂമി ദിനപ്പത്രത്തിന്റെ ആറാം പേജിലെ ലേഖനത്തോടൊപ്പം ചേര്‍ത്ത ഇന്ത്യയുടെ ഭൂപടത്തില്‍ വന്ന പിശകില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയില്‍ ചിത്രീകരിക്കപ്പെട്ടത് ഭൂപടം തെരഞ്ഞെടുത്തതില്‍ പറ്റിയ കൈയബദ്ധം മൂലമാണ്. മനപ്പൂര്‍വ്വമല്ലാത്ത തെറ്റാണ്.
പത്രാധിപര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: