ഇതെന്തൊരു നീതിയാണു സര്‍ക്കാരേ? വിശ്വസിച്ച് പണംമുടക്കി ഫ്ളാറ്റ് വാങ്ങി താമസിക്കുന്നവരോട് കൂടുംകുടുക്കയുമെടുത്ത് പുറത്തുപോകാന്‍ പറയുന്നത് അവരെ പെരുവഴിയിലാക്കുന്നതിനു തുല്യമാണ്. സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണെന്ന വിശദീകരണമല്ല വേണ്ടത്. അക്കാര്യം നാട്ടുകാര്‍ക്കു മുഴുവന്‍ അറിയാം. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടെന്ന് ആരും പറയുന്നുമില്ല. അതിനും അപ്പുറം, കോടതി അത്തരമൊരു ഉത്തരവ് ഇറക്കാന്‍ കാരണം ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ നോട്ടപ്പിശകാണെന്നുകൂടി നാട്ടുകാര്‍ക്ക് അറിയാം. സംസ്ഥാനത്തെ ഭരണസംവിധാനത്തിന്റെ ഭാഗമായ നഗരസഭ, എല്ലാം ഭദ്രമെന്നു സര്‍ട്ടിഫിക്കറ്റ് കൊടുത്തതിന്റെ ബലത്തിലാണ് അവരൊക്കെ ഫ്ളാറ്റ് വാങ്ങിയത്. ഫലത്തില്‍ അവര്‍ സര്‍ക്കാരിനെ വിശ്വസിച്ചാണ് അതിനു പുറപ്പെട്ടത്. അപ്പോള്‍ ഇക്കാണിക്കുന്നതു വിശ്വാസവഞ്ചനയാണ്. കാര്യങ്ങള്‍ ശരിയല്ലെന്നു സുപ്രീം കോടതി കണ്ടെത്തിയതിനര്ഥം സര്‍ക്കാര്‍ എവിടെയൊക്കെയോ കണ്ണടച്ചു എന്നു തന്നെയാണ്. എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതു സര്‍ക്കാരല്ലേ? ഫ്ളാറ്റ് മുതലാളിമാരും അന്നത്തെ തദ്ദേശസ്ഥാപന ഭരണസംവിധാനവും തമ്മിലുള്ള ഇടപാടില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ജനം സംശയിക്കുന്നെങ്കില്‍ തെറ്റില്ല. അതല്ലെങ്കില്‍ നിയമവിരുദ്ധമായ ഇത്രയേറെ ബഹുനില കെട്ടിടങ്ങള്‍ക്ക് എന്‍ഒസി കിട്ടില്ലല്ലോ. സുപ്രീം കോടതി വിധി ബാധകമായിരിക്കുന്നത് അനധികൃതമായി കെട്ടിടം പണിതുപൊക്കിയവര്ക്കും അതിന് ചട്ടവിരുദ്ധമായി അംഗീകാരം നല്‍കിയവര്‍ക്കുമാണ്. ഫ്ളാറ്റ് വാങ്ങിയവര്‍ എന്തുപിഴച്ചു? അവര്‍ക്കു നഷ്ടപ്പെട്ടത് ആരു തിരിച്ചുനല്‍കും?
സഹസ്രകോടികള്‍ മുടക്കി ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയുന്നവരെ നിയമത്തിന്റെ പഴുതിലൂടെ കാത്തുരക്ഷിച്ചിട്ടു പൊതുജനത്തെ വഴിയാധാരമാക്കുന്നതു ജനസേവനമല്ല, ജനവഞ്ചനയാണ്. ഇത്ര നഗ്നമായ നിയമലംഘനത്തിനെതിരെ അന്നു കണ്ണടച്ച ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംവിധാനമില്ലേ? ഉണ്ടെങ്കില്‍ നടപടി തുടങ്ങേണ്ടത് അവിടെനിന്നാണ്. അവരില്‍നിന്നും അവരെ അതിനു പ്രേരിപ്പിച്ചവരില്നിന്നും ആ പഴുതിലൂടെ സമുച്ചയം പണിതു വിറ്റവരില്നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നട്ടെല്ലാണ് സര്‍ക്കാരിനുവേണ്ടത്. ഒഴിഞ്ഞുപോകാന്‍ പറയേണ്ടത് അവരോടാണ്. പറ്റിപ്പോയി, തെറ്റിപ്പോയി എന്നു കൂടെക്കൂടെ ആവര്‍ത്തിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഈ തെറ്റ് അംഗീകരിക്കാനുള്ള മടി ഈ തെറ്റിനു കോടികളുടെ വിലയുണ്ടെന്നതുകൊണ്ടായിരിക്കാം. പക്ഷേ, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ഭാവി സുരക്ഷിതത്വത്തേക്കുറിച്ചൊരു ഉറപ്പുനല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറാനുമാവില്ല.
നേതാവായാലും മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും സാധാരണക്കാരനായാലും സ്വന്തം വീട് എന്നത് ആരും ഉള്ളില്‍ കൊണ്ടുനടക്കുന്ന സ്വപ്നമാണ്. സാധിച്ചാല്‍ അത് അവരുടെ സ്വര്‍ഗമാണ്. ജീവിതസമ്പാദ്യം മുഴുവന്മുടക്കി വാങ്ങിയ അത്തരം സ്വര്ഗങ്ങളില്നിന്നാണ് അവരെ കുടിയിറക്കുന്നത്. അതും അഞ്ചുദിവസത്തിനുള്ളില്‍. കോടികള്‍ മുടക്കുകയും മുതലാക്കുകയും ചെയ്യുന്നവര്‍ക്ക് അതൊന്നും കാര്യമല്ലായിരിക്കാം. പക്ഷേ, സര്‍ക്കാര്‍ അങ്ങനെയാകാന്‍ പാടില്ലല്ലോ. ജനങ്ങള്‍ക്കായി സംസാരിക്കേണ്ട ജനപ്രതിനിധികളാണ് നാടുഭരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു ശമ്പളംവാങ്ങുന്ന ഉദ്യോഗസ്ഥര്‍ ജനവഞ്ചകരാകുന്നതു നാട്ടില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ, ഇത്രയധികം കുടുംബങ്ങളെ വഞ്ചിച്ചു പെരുവഴിയിലാക്കിയ കഥ അധികം കേട്ടുകേള്‍വിയില്ല.
സുപ്രീംകോടതിയുടെ ഉത്തരവ് വന്നിട്ടു മാസങ്ങളായല്ലോ. ഇതുവരെ നിഷ്ക്രിയത്വം പാലിച്ചതിനെ സര്‍ക്കാര്‍ എങ്ങനെ ന്യായീകരിക്കും? കോടതിയില്‍നിന്നു കണക്കിനു പ്രഹരം കിട്ടിയപ്പോള്‍ ഞെട്ടിയുണര്‍ന്ന് ഉത്തരവു നടപ്പാക്കാനിറങ്ങുന്നത് നിയമസംവിധാനത്തോടുള്ള ബഹുമാനംകൊണ്ടല്ലെന്ന് അറിയാം. തെരഞ്ഞെടുപ്പു കാലത്തിനപ്പുറം ജനകീയ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ ചെയ്യേണ്ടത് ജനങ്ങളുടെ വേദന മനസ്സിലാക്കാനുള്ള മനസ്സുകാണിക്കുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: