പ്രജാക്ഷേമ തത്പരനായൊരു ചക്രവര്‍ത്തിയിടെ വരവറിയിച്ച് തിരുവോണം വന്നു മടങ്ങി. ഇന്ന് ചതയം. മലയാളികള്‍ക്ക് മറ്റൊരു ആഘോഷത്തിന്റെ വേള. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. സാമൂഹിക കേരളത്തിനത് ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു.
സാമൂഹികമായ എല്ലാ അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ ഗുരുദേവന് കൊല്ലവര്‍ഷം 1030 ല്‍ ചിങ്ങത്തിലെ ചതയം നാളില്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയിലാണ് ജനിച്ചത്. അച്ഛന് കൊച്ചു വിളയില്‍ മാടനാശാന്. അമ്മ വയല്‍വാരത്ത് കുട്ടിയമ്മയ.
അച്ഛനമ്മമാര്‍ അദ്ദേഹത്തിന് നല്കിയ പേര് നാണുവെന്നായിരുന്നു. സ്കൂള്‍ പഠനത്തിനു ശേഷം സംസ്കൃതം, വേദാന്തം, രാമായണം മഹാഭാരതം എന്നിവയില്‍ അവഗാഹം നേടി. 1881 ല്‍ ഏകാധ്യാപകവിദ്യാലയം തുടങ്ങി.നാണുവാശാന് എന്നായിരുന്നു പിന്നീട് അറിയപ്പെട്ടിരുന്നത്.
1882 ല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹിതനായെങ്കിലും കുടുംബജീവിതത്തിനു നില്‍ക്കാതെ സംന്യാസത്തിലേക്കു തിരിഞ്ഞു.
1884 ല്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. പിന്നീടങ്ങോട്ട് ആ ദിവ്യപുരുഷന്റെ സന്നിധിയിലേക്ക് ജനപ്രവാഹമായിരുന്നു. ഏറെ നാളത്തെ തപസ്സിനൊടുവില്‍ അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി. 1888 ലെ ശിവരാത്രി നാളില്‍ അവിടെ നദിക്കരയിലെ പാറപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. മഹത്തായൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.
മഹാകവി കുമാരനാശാനെയും ഡോ. പല്പ്പുവിനെയും കണ്ടു മുട്ടിയതോടെ ഗുരുദേവന്റെ നവോത്ഥാന ശ്രമങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവെന്നു. അവരുടെ പ്രേരണയാല്‍ ധര്‍മപരിപാലന യോഗം രൂപീകരിച്ചു.
വര്‍ക്കല ശിവഗിരിയില്‍ 1912 ല്‍ വിദ്യാദേവതാ സങ്കല്പത്തോടെ ശാരദാ പ്രതിഷ്ഠ നടത്തി. 1914 ലാണ് ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചത്.
അദ്വൈത ബോധത്തെ സമര്‍ഥമായി പ്രയോഗിച്ചായിരുന്നു ഗുരുദേവന്റെ സാമൂഹിക പരിവര്‍ത്തനങ്ങള്‍. അജ്ഞതയിലാണ്ടു കിടന്നൊരു സമൂഹത്തെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കാന്‍ അദ്ദേഹം ജീവിതാന്ത്യം വരെ യത്നിച്ചു.
വിഭാഗീയതകളില്ലാത്ത ഒരു കാലമായിരുന്നു ഗുരുദേവന്റെ സ്വപ്നം. ഒരേ ഇൗശ്വര ചൈതന്യമാണ് എല്ലാവരിലുമുള്ളതെന്നായിരുന്നു ഗുരുവിന്റെ പക്ഷം. യോഗി, കവി, ദാര്ശനികന്, വിദ്യാഭ്യാസവിചക്ഷണന്‍ തുടങ്ങി പലതാണ് ഗുരുദേവനുള്ള വിശേഷണങ്ങള്‍. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കണം. പഠിപ്പിക്കണം. അത് കാലത്തിന്റെ അനിവാര്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: