സാൻ ഡിയാഗോ: ക്യാൻസർ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായിക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങൾ നൽകാനും കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ “ഇല്യൂമിന” എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ ക്യാൻസറും ഓട്ടിസം ഉൾപ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്ന ലോകത്തിലെ മുൻനിര സ്ഥാപനമാണ് “ഇല്യൂമിന”.
ചൈനയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ക്യാൻസറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങൾക്കും ഇവരുടെ സേവനം ഉപയോഗിച്ചു വരുന്നു. മനുഷ്യ ശരീരത്തിലെ ഡിഎൻഎയും ആർഎൻഎയും പരിശോധിച്ച് രോഗ വിവരം മുൻകൂട്ടി അറിയുവാനുള്ള സാങ്കേതികവിദ്യയിൽ കൂടി ആധുനിക ചികിത്സ രംഗത്ത് പ്രത്യേകിച്ചും പ്രീസിഷൻ മെഡിസിൻ സാങ്കേതിക വിദ്യയിൽ മുൻനിരയിൽ നിൽക്കുന്ന ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നാണ് “ഇല്യൂമിന”. ഓരോ മനുഷ്യന്റെയും ആരോഗ്യവും ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിൻ നിർമ്മിക്കുക എന്നാണ് പ്രീസിഷൻ മെഡിസിൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ‘ഇല്യൂമിന’ ക്ലിനിക്കൽ ജീനോമിക്സ് ഡിപ്പാർട്മെൻറ് വൈസ് പ്രസിഡന്റ് റയാൻ ടാഫ്റ്റു മായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാൻസർ ഗവേഷണത്തിന് സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്.
കേരളത്തിൽ വർധിച്ചുവരുന്ന ക്യാൻസർ രോഗത്തെക്കുറിച്ചു കുമ്മനം വിശദീകരിച്ചു. ഇല്യൂമിനായുമായി സഹകരിക്കാൻ താല്പര്യം അറിയിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി ബയോ ടെക്നോളജിയുടെ കത്ത് കുമ്മനം കൈമാറി. ക്യാൻസറും പാരമ്പര്യരോഗങ്ങളും നിർണയിക്കാൻ നടത്തിവരുന്ന ഗവേഷണങ്ങളും അതുമായി ബന്ധപെട്ടു നടത്തുന്ന പോപുലേഷൻ ജീനോമിക്സ്നെ കുറിച്ചും റയാൻ ടഫ്റ്റ് വിശദീകരിച്ചു. കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ “ഇല്യൂമിന” ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങൾ നോക്കിക്കണ്ടു. തുടർന്നാണ് മേധാവികളുമായി ചർച്ച നടത്തിയത്.
ഗവേഷണ രംഗത്തു കൈകോർക്കുമെന്ന സന്നദ്ധത കേരളത്തിന് ആശ്വാസമാണെന്ന് കുമ്മനം പറഞ്ഞു. ഗ്ലോബൽ ഓൺകോളജി മാർക്കറ്റിങ് ഡിപ്പാർട്മെന്റിലെ സാന്ദ്ര ബല്ലാർസസ്, പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജെൻ കരോൾ, സപ്ലൈ ചെയിൻ ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ ശ്യാം ശങ്കർ, ജനിതക വിഭാഗം ഗവേഷക അനിത പൊറ്റെക്കാട്, മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. റയാൻ ടഫ്റ്റ് നിർദ്ദേശിച്ചതനുസരിച്ചു ‘ഇല്യൂമിന’ ഏഷ്യ പെസഫിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗ്രെറ്റച്ചൽ വൈറ്റുമാനുമായി കുമ്മനം അടുത്ത ആഴ്ച ആസ്ടേലിയയിൽ വച്ച് കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: