പുതുവെയിലും പൂനിലാവും പുതുനാമ്പും കൃഷി വിളവെടുപ്പുമായി വീണ്ടും ഒരു ഓണക്കാലംകൂടിയെത്തി. ഓര്‍മ്മകളില്‍ സുഗന്ധം നിറച്ചും നന്മയുടെ പൂക്കള്‍ വിരിയിച്ചും. ഒപ്പം ഒഴുകിയെത്തുകയാണ് ആ പാട്ടുകള്‍. പൂവിളി… പൂവിളി… പൊന്നോണമായി…. ആഗോളവത്കരണവും പരിഷ്‌കാരങ്ങളും സൃഷ്ടിച്ച ധാരാളിത്തത്തില്‍ മലയാണ്മയില്‍നിന്ന് പൂക്കളും പൂക്കളവും പാട്ടുകളും പച്ചപ്പുകളും നഷ്ടമായെങ്കിലും ഓണപ്പാട്ടുകള്‍ ചുണ്ടില്‍ മൂളാത്തവര്‍ ആരെങ്കിലുമുണ്ടോ? പ്രത്യേകിച്ചും സിനിമയിലൂടെ മലയാളിക്ക് മുന്നിലെത്തിയ ഓണ രുചിയുള്ള പാട്ടുകള്‍.
നിരവധി ഓണവര്‍ത്തമാനങ്ങള്‍ പോലെ ഓരോ നാടിനും വൈവിധ്യങ്ങളുള്ള ഓണപ്പാട്ടുകളുണ്ട്. പുതുകാലത്ത് ഓണം ഒരു ആഘോഷം മാത്രമായി ചുരുങ്ങിയിരിക്കയാണ്. ഒപ്പം ഓണപ്പാട്ടുകളും. പരിഷ്‌കാരങ്ങള്‍ക്കിടയിലും ഓണം മലയാളികള്‍ മറ്റൊരു തരത്തില്‍ കൊണ്ടാടുന്നുണ്ടെങ്കിലും ഓണപ്പാട്ടുകള്‍ ഇല്ലാതായിരിക്കുന്നു. പുതിയ ഓണപ്പാട്ടുകള്‍ കേള്‍ക്കാനില്ല.
പണ്ടുകാലത്ത് മണ്ണിന്റെ മണമുള്ള ഒത്തിരി ഓണപ്പാട്ടുകള്‍ നമ്മുടെ പൂര്‍വ്വികര്‍ സമ്മാനിച്ചിട്ടുണ്ട്. അത് നെഞ്ചേറ്റി നമ്മള്‍ പാടി നടന്നു. അതില്‍ സ്വപ്‌നങ്ങള്‍ നെയ്തു, പുതുതലമുറക്ക് പകര്‍ന്നു നല്‍കി. അത് വാമൊഴിയായും വരമൊഴിയായും ആത്മാവിന്റെ ഭാഗമായി. ഇത്തരം നിരവധി പാട്ടുകളുണ്ടെങ്കിലും മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണ ഓര്‍മ്മകളില്‍ നിറയുന്നത് സിനിമാപാട്ടുകള്‍ തന്നെയാണ്.
1955-ല്‍ പുറത്തിറങ്ങിയ ‘ന്യൂസ് പേപ്പര്‍ ബോയ്’ എന്ന ചിത്രത്തിലുണ്ടായിരുന്ന, എല്ലാവരുടെയും നാവില്‍ പെട്ടെന്നെത്തുന്ന, ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന പരമ്പരാഗത പാട്ടാണ് സിനിമയിലൂടെ ആദ്യമായി കേള്‍ക്കുന്ന ഓണപ്പാട്ട്. എ. വിജയനും ഈയിടെ അന്തരിച്ച എ. രാമചന്ദ്രനും ഈണം നല്‍കി കമുകറ പുരുഷോത്തമനും ശാന്ത പി. നായരും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ‘അവര്‍ ഉണരുന്നു’ എന്ന ചിത്രത്തില്‍ പി നാരായണന്‍ നായര്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ‘മാവേലി നാട്ടിലെ മന്ദാരക്കാറ്റിലെ…’ എന്ന ഗാനം എല്‍. പി. ആര്‍. വര്‍മ്മ പാടിയത് ശ്രദ്ധേയമായ പാട്ടാണ്.
‘കവിയൂര്‍ രേവമ്മ പാടിയ ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി…’ എന്ന ഗാനം പി. ഭാസ്‌കരന്‍മാഷുടെ ശാലീനത തുളുമ്പുന്ന വരികളാണ്. ബാബുരാജിന്റെ ലാളിത്യമാര്‍ന്ന സംഗീതം കൂടിയായപ്പോള്‍ ഈ ഗാനം മികവുറ്റതായി. 1961-ല്‍ പുറത്തുവന്ന മുടിയനായ പുത്രനിലേതാണ് ഈ ഗാനം. എല്‍.ആര്‍.ഈശ്വരിയുടെ കുസൃതി നിറഞ്ഞ ശബ്ദത്തിലുള്ള ‘ഓണത്തുമ്പീ വന്നാട്ടേ ഒരു നല്ല കഥപറയാന്‍ ഒന്നിരുന്നാട്ടേ…’ എന്ന ഗാനം അക്കാലത്തെ ഹിറ്റുകളിലൊന്നാണ്. എം.ബി.ശ്രീനിവാസന്റെ ഉജ്ജ്വല സംഗീതത്തിന് തിരുനായനാര്‍കുറിച്ചിയാണ് വരികള്‍ എഴുതിയത്്.
റേഡിയോയില്‍ കേട്ട് ഹിറ്റായ ഒരു ഓണപ്പാട്ടാണ് ‘അത്തം പത്തിനു പൊന്നോണം പുത്തരികൊണ്ടൊരു കല്യാണം…’ 1966-ല്‍ പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്നചിത്രത്തിലേതാണിത്. പി.ഭാസ്‌കരന്‍-ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ഇതിന്റ ശില്‍പികള്‍. എല്‍.ആര്‍ ഈശ്വരി പാടിയിരിക്കുന്നു.
വയലാറിന്റെ തൂലികയില്‍ പിറന്ന മാവേലി വാണൊരുകാലം മറക്കുകില്ലാ മലയാളം. 1970-ല്‍ വളരെ ഹിറ്റായ സമൂഹഗാനമായിരുന്നു. തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ ഈ ഗാനം യുവജനോത്സവവേദികളിലും മറ്റും മുഴങ്ങി. കുറ്റവാളി എന്ന ചിത്രത്തിനുവേണ്ടി വയലാര്‍-ദക്ഷിണാമൂര്‍ത്തി ടീമിന്റേതാണ് സൃഷ്ടി. പി സുശീലയാണ് മുഖ്യ ഗായിക.
‘പൂവേ പൊലി പൂവേ പൊലി പൊലി പൂവേ, തുമ്പപ്പൂവേ പൂത്തീടണേ നാളേക്കൊരുവട്ടി പൂ തരണേ…’ 1972-ല്‍ ചെമ്പരത്തി എന്ന ചിത്രത്തില്‍ മാധുരി പാടിയതാണ്. വയലാര്‍-ദേവരാജന്‍മാരുടെ അനശ്വര സഷ്ടിയാണിത്.
1973 ആയപ്പോഴേക്കും ആളുകള്‍ സിനിമകള്‍ കൂടുതല്‍ കണ്ടുതുടങ്ങി. റേഡിയോ പാട്ടുകള്‍ക്കൊപ്പം നിരവധി പാട്ടുകള്‍ ആസ്വദിച്ചുതുടങ്ങി. ‘പൂവണിപ്പൊന്നുംചിങ്ങം വിരുന്നു വന്നു പൂമകളേ, കാറ്റിലാടും തെങ്ങോലകള്‍ കളിപറഞ്ഞു. കളിവഞ്ചിപ്പാട്ടുകളെന്‍ ചുണ്ടില്‍ വിരിഞ്ഞു…’ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ. അര്‍ജുനന്‍ സംഗീതം നല്‍കി. ഇതോടെ പുതിയ കൂട്ടുകെട്ടുകള്‍ വന്നു.
ഒന്നാം പൊന്നോണ പൂപ്പടകൂട്ടാന്‍ പൂക്കനികോരാന്‍ പൂക്കളം തീര്‍ക്കാന്‍ ഓടിവാ തുമ്പീ പൂത്തുമ്പീ താ…തെയ്…’ എവിടുത്തെ മലയാളികളുടെയും ഓര്‍മ്മയില്‍ പൂത്തുനില്‍ക്കുന്ന ഈ വയലാര്‍-ദേവരാജന്‍ ഗാനം 1973-ലെ പാവങ്ങള്‍ പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലേതാണ്. ‘പൊന്നിന്‍ ചിങ്ങത്തേരുവന്നേ പൊന്നമ്പലമേട്ടില്‍…’ എന്ന പി. ലീല ആലപിച്ച ഈ ഗാനം തമ്പി – ദക്ഷിണാമൂര്‍ത്തിമാരുടെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്.
1973-ല്‍ പുറത്തിറങ്ങിയ മാധവിക്കുട്ടി എന്ന ചിത്രത്തിലെ ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ…’ എന്ന പി. ലീല പാടിയ ഗാനം ദക്ഷിണാമൂര്‍ത്തി -ശ്രീകുമാരന്‍ തമ്പി ടീമിന്റെ മറ്റൊരു ഹിറ്റാണ്. തമ്പിയുടെ ‘തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍…’ എന്ന ആരഭി രാഗത്തിലുള്ള വാണി ജയറാം പാടിയ ഗാനം ഇന്നും ചാനലുകളില്‍ ആഘോഷിക്കുന്നു.
‘ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം ആലോല മണിത്തിരയില്‍ നടനമാടി…’ എന്ന പി.ജയചന്ദ്രന്‍ പാടിയ ഗാനം 1976-ലെ ഹിറ്റാണ്. കേരളം കേരളം കേളികൊട്ടുയരുന്ന…’ എന്നതും ശ്രീകുമാരന്‍ തമ്പി – ദേവരാജന്‍ കൂട്ടുകെട്ടിലെ അപൂര്‍വ്വ ഗാനങ്ങളിലൊന്നാണ്. മിനിമോള്‍ ആണ് ചിത്രം.
ചലച്ചിത്രഗാനങ്ങളുടെ രുചി മാറിവരുന്ന കാലമായിരുന്നു 1975 മുതല്‍. പാരമ്പര്യ ഈണങ്ങളില്‍ നിന്നും മാറി എം.കെ. അര്‍ജുനന്‍, ശ്രീകുമാരന്‍തമ്പി, ടീമിന്റെ ‘പൊന്നിന്‍ ചിങ്ങ മേഘം വാനില്‍ പൂക്കളം പോലാടി’ എന്ന സുശീല പാടിയ ഗാനം അക്കാലത്ത് എല്ലാവരും മൂളി നടന്ന ഗാനമായിരുന്നു.
ഇന്നത്തെ തലമുറയ്‌ക്കു പരിചയമുള്ള ഓണപ്പാട്ടുകളില്‍ ഒന്നാമതാണ് ‘ഓണപ്പൂവേ ഓണപ്പൂവേ…” എന്ന സലില്‍ ചൗധരി-ഗാനം. പ്രേംനസീര്‍ കുട്ടനാടന്‍ കായലിലൂടെ ബോട്ടില്‍ പാടിവരുന്ന സീന്‍ ഇല്ലാതെ ഈ പാട്ടിനെ ഓര്‍ക്കാന്‍ സാധിക്കില്ല. ഇതിലെ സലില്‍ദായുടെ പാശ്ചാത്യ ശൈലിയിലുള്ള പുതുമയാര്‍ന്ന ഓര്‍ക്കെസ്‌ട്രേഷന്‍ മലയാളികളെ അത്ഭുതപ്പെടുത്തി. ശ്രീകുമാരന്‍ തമ്പിയും സലില്‍ദായുമൊന്നിച്ച ‘പൂവിളി പൂവിളി പൊന്നോണമായി…’ എന്ന ഗാനവും ഇന്ന് ഏറെ ഹിറ്റാണ്.
1980-ല്‍ ശ്യാം ഈണമിട്ട രണ്ട് ഓണപ്പാട്ടുകള്‍ വളരെ ഹിറ്റായിരുന്നു. ഒന്ന് ബിച്ചു തിരുമലയെഴുതി വാണി ജയറാം പാടിയ ‘ഓണവില്ലിന്‍ താളവും കൊണ്ടിതിലേ പോരുമെന്‍ കരിവണ്ടേ നീരാടാന്‍ നീയും പോരുമോ…’ പിന്നെ ശ്യാമും ശ്രീകുമാരന്‍ തമ്പിയും സഹകരിച്ച ‘കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കള്ളച്ചിരിപോലെ, പൊന്നരളി പൂനിരത്തി പൊന്നോണം വിരുന്നു വരും അരവയര്‍ നിറവയറാകുമ്പോള്‍ നിനക്കും എനിക്കും കല്യാണം…’ അക്കാലത്ത് ഏറ്റുവും മുഴങ്ങിക്കേട്ട ഗാനങ്ങളാണ്. 1983-ല്‍ കെ.പി. ഉദയഭാനുവും ഒരു പാട്ടിനു ഈണമിട്ടു. ജാനകിദേവി പാടിയ ഈ ഗാനം ഇതാണ്. ‘മാവേലി മന്നന്റെ വരവായ് മാളോര്‍ക്കെല്ലാമുണര്‍വ്വായ്…’ വഴിയോരക്കാഴ്ചകളിലെ ഓണനാളില്‍ താഴെക്കാവില്‍ ഒരുകിളി തപസുണര്‍ന്നു…’ എന്ന ഗാനം എസ്.പി. വെങ്കിടേഷ്-ഷിബുചക്രവര്‍ത്തി ടീം ആണ് ഒരുക്കിയത്. ചിത്രയും ജയചന്ദ്രനും ശബ്ദം നല്‍കി. 1992-ല്‍ അഹം ബ്രഹ്മാസ്മി എന്ന ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ടി.കെ. ലയന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഗാനം ചിത്രയും യേശുദാസും പാടി. ഓണം ആല്‍ബങ്ങളില്‍ കൂടുതല്‍ ഹിറ്റുകളുണ്ടാക്കിയ രവീന്ദ്രന്‍ പക്ഷേ സിനികളില്‍ വളരെ കുറച്ചു മാത്രമാണ് സംഗീതം നല്‍കിയിട്ടുള്ളത്. പി.സി. അരവിന്ദന്റെ രചനയില്‍ ഒരു പഞ്ചതന്ത്രം കഥ എന്ന ചിത്രത്തില്‍ ‘ഓണം വന്നൂ മലനാട്ടില്‍…’ എന്ന ഗാനവും പിറന്നു. ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ സബീഷ് ജോര്‍ജിന്റെ സംഗീതത്തിലുള്ള ‘ഓലത്തുമ്പത്തൂഞ്ഞാലാടും തുമ്പപ്പൂവേ…’ എന്ന ഗാനം പുതുമയാര്‍ന്ന താളക്കൊഴുപ്പള്ളതാണ്. കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ‘ഓണവില്ലിന്‍ തംബുരുമീട്ടും നാടാണീ നാട്…’ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഷാന്‍ റഹ്മാന്റെ ഈണത്തില്‍ ഉണ്ണിമേനോനും സിതാരയും ആലപിച്ച ‘തിരുവാവണി രാവ് മനസ്സാകെ നിലാവ്…’ എന്നീ ഗാനങ്ങളാണ് ഏറ്റവും പുതിയ ഓണഹിറ്റ്.
എണ്‍പതുകളുടെ തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യത വര്‍ദ്ധിച്ചതും ഇലക്‌ട്രോണിക്‌സ് രംഗത്തെ വിപ്ലവവും സംഗീത രംഗത്തിന് പുത്തനുണര്‍വ്വേകി. റേഡിയോ, ഡിസ്‌ക് കോളാമ്പി പാട്ടുകളില്‍ നിന്നും ബോക്‌സിലേക്കുമാറി. സ്റ്റീരിയോ ട്രാക്ക് സംവിധാനം നിലവില്‍ വന്നതോടെ ബാസ്, ട്രബില്‍ ശബ്ദവൈവിധ്യങ്ങള്‍ കര്‍ണസുഖം നല്‍കുന്നവയായിരുന്നു. കാസെറ്റ് യുഗം പിറന്നു. മൈക്കുസെറ്റുകാരനെ മാത്രം ആശ്രയിച്ചിരുന്ന ആസ്വാദനം മാറി. ഓരോ വീടുകളുടെ അടുക്കളയിലും പാട്ടുകളുണര്‍ന്നു.
പ്രവാസികളെ ലക്ഷ്യം വച്ച് ധാരാളം കാസെറ്റ് കമ്പനികള്‍ മത്സരിച്ചു. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണിയില്‍ നിന്നും ധാരാളം ഓണപ്പാട്ടുകളുണ്ടായി. പ്രതിഭാധനന്മാരായ നിരവധികലാകാരന്മാരുടെ അനശ്വരമായ സംഗീത സൃഷ്ടികള്‍ പിറന്നു. മരുഭൂമിയില്‍ പൂക്കളും ഓണനിലാവും വിരിയിക്കുന്ന അനവധി ഓണപ്പാട്ടുകളായിരുന്നു അവ. ദൂരെയാണ് കേരളം പോയ് വരാമോ…, പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയില്‍ നിന്നു, വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിന്‍ പൂമേനി പൊന്നായി മിന്നി…, മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…, ഉത്രാട രാത്രിയില്‍ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയില്‍ കാത്തുനിന്നു… എന്നിങ്ങനെയുള്ള വിരഹനോവുകള്‍ നിറഞ്ഞ ഗാനങ്ങള്‍ ഓണരാത്രികളില്‍ നിറഞ്ഞു.
ഓണാട്ടുകരയിലെ ഓണസൗന്ദര്യങ്ങളാണ് ശ്രീകുമാരന്‍തമ്പിയുടെ ഗാനങ്ങളില്‍ നിറഞ്ഞുനിന്നത്. തോണിക്കാരനുമവന്റെ പാട്ടും കൂടണഞ്ഞല്ലോ, തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍ വിളക്കണഞ്ഞു.., എനിക്കും നിനക്കും ഉറക്കമില്ലല്ലോ കായലേ വൈക്കം കായലേ…, രവീന്ദ്രന്‍ മാസ്റ്റര്‍ വികാരം പകര്‍ന്നവയാണ് ഇവ.
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിക്കും മാറ്റുവാനാമോ…, പറയൂ നിന്‍ ഗാനത്തിന്‍ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ… എന്നിവ പ്രണയാതുര സ്മരണകളുണര്‍ത്തുന്നവയാണ്. ഹംസധ്വനി രാഗത്തിന്റെ ചടുലമായ പ്രയോഗങ്ങളുള്ള ഉത്രാടപ്പൂനിലാവേ വാ…, ഒരു സ്വരം മധുരതരം, ഓണം പൊന്നോണം പൂമല പൊങ്ങും പുഴയോരം…, അരയന്നമേ ആരോമലേ ദമയന്തിക്കായ് ദൂതുമായ് പോകയോ…, മാമാങ്കം പലകുറി കൊണ്ടാടി…, പായിപ്പാട്ടാറ്റില്‍ വള്ളംകളി പമ്പാനദീ തീരത്ത് ആര്‍പ്പുവിളി… എന്നീ ഗാനങ്ങള്‍ ഓണനിലാവിന്റെ നൈര്‍മ്മല്യമുള്ള ഓര്‍മ്മകളെ താലോലിക്കുന്നവയാണ്. ‘വലംപിരിശംഖില്‍ തുളസീതീര്‍ത്ഥം…’ എന്ന ബിച്ചുതിരുമലയുടെ വരികള്‍ വര്‍ഷങ്ങളോളം യുവജനോത്സവ വേദികള്‍ കീഴടക്കിയതാണ്. നിറയോ നിറനിറയോ പൊന്നാവണി നിറപറവച്ചു…, കിഴക്കെ മാനത്ത് മലമേലെ കേള്‍ക്കുന്നൊരു തിമിരടി… എന്നീ മണ്ണിന്റെ മണമുള്ള ഈണങ്ങള്‍ വിദ്യധരന്‍ മാസ്റ്ററുടേതാണ്.
ഒഎന്‍വിയുടെ രചനയില്‍ ദേവരാജന്‍മാസ്റ്റര്‍ സംഗീതം നല്‍കിയ പുഷ്പ സുരഭില ശ്രാവണത്തില്‍…, നീലക്കായലില്‍…, ഒന്നിനി ശ്രുതിതാഴ്‌ത്തി പാടുക… എന്നീ ഗാനങ്ങള്‍ ദൂരദര്‍ശന്‍ കാലത്തെ ഓര്‍മകളാണ്.
യൂസഫലി കേച്ചേരി-എം.എസ് വിശ്വനാഥന്‍ ഇവരുടെ സൃഷ്ടിയിലുള്ള തുളസി കൃഷ്ണതുളസി…, മൂവന്തി മുത്തശ്ശി ചെപ്പുതുറന്നപ്പോള്‍…, ഓണപ്പൂവേ ഓമല്‍ പൂവേ പൂങ്കൊതിയന്‍ വണ്ടിന്‍ തേനും…, കിനാവിലിന്നലെ വന്നൂ നീയെന്‍ കിസലയ മൃദുലാംഗീ കുടമുല്ലച്ചിരിയുമായ് നിന്നൂ നീയെന്‍ കുവലയ ചടുലാക്ഷീ… എന്നിവ വ്യത്യസ്തമായ ഓണഗീതികളാണ്.
നൂതനമായ വാദ്യവൃന്ദംകൊണ്ട് സമ്പന്നമാണ് ഗിരീഷ് പുത്തഞ്ചേരി -വിദ്യാസാഗര്‍ വിജയശില്‍പികളുടെ ഗാനങ്ങള്‍. ചന്ദനവളയിട്ട കൈകൊണ്ടു നീ മണിചെമ്പക പൂക്കളമെഴുതുമ്പോള്‍…, ആരോ കമഴ്‌ത്തിവച്ചൊരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍…, പറനിറയെ പൊന്നും കൊണ്ടൊരു പൗര്‍ണമിരാവായ്… ഇവ പ്രധാനപ്പെട്ടവയാണ്.
ഓണപ്പാട്ടുകളില്‍ ഇന്നും ആഘോഷിക്കുന്നവ അന്യഭാഷാ സംഗീതസംവിധായകരായ സലില്‍ ചൗധരിയുടെയും വിദ്യാസാഗറുടെയുമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചാനലുകളിലെ ഇടവേളകളില്‍ ഇവരുടെ സംഗീതമാണ് നിറയുന്നത്.
ഋതു കന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: