ലോകപുഷ്ടിക്കുവേണ്ടി മഴയുണ്ടാകുവാന്‍ വര്ഷപതിയായ ഇന്ദ്രനെ പ്രീതിപ്പെടുത്തന്നതിന് മറ്റു ഗോപന്മാരുമായി കൂടിച്ചേര്‍ന്ന് യാഗം നടത്തുവാന്‍ നന്ദഗോപന് ഒരുക്കങ്ങള്‍ ചെയ്തു. അപ്പോള്‍ കൗമാരപ്രായക്കാരനായ കൃഷ്ണന് അച്ഛനെ സമീപിച്ചു് ഇങ്ങനെ പറഞ്ഞു:- ”ലോകം ത്രിഗുണമയമാണ്; തന്നിമിത്തം കര്‍മ്മത്താല്‍ ബിന്ധിതവും. കര്‍മ്മം ഉചിതമായ ഫലം തരും; നന്മയ്ക്ക്ു നന്മയും തിന്മയ്ക്ക്ു തിന്മയും. പൂര്വജന്മകര്മ്മം അനുസരിച്ചാണ് ജീവികള്‍ക്കു കര്‍മ്മവും കര്മ്മഫലവുമുണ്ടാവുക. ത്രിമൂര്ത്തികളെപ്പോലെ ദേവേന്ദ്രനും കര്മ്മവശനാണ്. വര്ണാശ്രമാചാരമനുസരിച്ച് എല്ലാവരും കര്‍മ്മം ചെയ്യണം. ഈ മുറമാറ്റി അരുതാത്ത കര്‍മ്മം ചെയ്യുന്നവര്‍ക്ക് ഇന്ദ്രന് സദ്ഫലം കൊടുക്കുമോ? രജോഗുണശക്തിനിമിത്തം പ്രളയങ്ങള്‍ ഉണ്ടാവുകയും ആ ഗുണംകൊണ്ടുതന്നെ കാര്‍മേഘപടലങ്ങളും വൃഷ്ടിയും ഉണ്ടാവുകയും ചെയ്യുന്നു. ഇതില്‍ ഇന്ദ്രന് എന്താണ് കര്‍ത്തവ്യം? ഗ്രാമങ്ങളോ വീടുകളോ ഇല്ലാത്ത നമുക്ക് കാടുമാത്രമാണ് വാസകേന്ദ്രം. അതുകൊണ്ട് പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ഈ മലയ്ക്കുമായി ഇന്ദ്രയാഗത്തിനൊരുക്കിയ വസ്തുക്കള്‍കൊണ്ടുതന്നെ ഒരു യാഗം തുടങ്ങാം.” ഭഗവാന്റെ നിര്‍ദ്ദേശം കേട്ട് പ്രീതിവന്ന നന്ദഗോപനും മറ്റുള്ളവരും ഗോവര്ദ്ധനഗിരിക്കുവേണ്ടി യാഗം ചെയ്ത് സന്തുഷ്ടരായി. ഫലകാംക്ഷയോടുകൂടി അന്യദേവതോപാസന അനര്‍ത്ഥകരമാണെന്നും പുഷ്ക്കലമായ ഭൂമിയുണ്ടാകുവാന് വനങ്ങളും മലകളും പുഷ്ടിയോടുകൂടി സംരക്ഷിക്കപ്പെടണമെന്നുമുളള മഹത്തായ സിദ്ധാന്തമാണ് ഭഗവാന് ഈ സന്ദര്‍ഭത്തില്‍ക്കൂടി വെളിപ്പെടുത്തിയത്.
ഓരോ ജനതയ്ക്കും അവരവരുടേതായ ജ്ഞാനശക്തിയും സങ്കല്പശക്തിയുമനുസരിച്ച് ഓരോരോ ഈശ്വരവിശ്വാസപ്രമാണങ്ങളുണ്ട്. ഗോത്രവര്ഗമായിരുന്ന ഗോപന്മാരുടെ അറിവും വിശ്വാസവുമനുസരിച്ച് പ്രത്യക്ഷത്തില്‍ ഫലം തരുന്നതും അവരെ സംരക്ഷിച്ചുപോരുന്നതുമായ ദൈവം ഗോവര്‍ദ്ധനഗിരിയാണ് തന്നിമിത്തം അത് അവരുടെ കുലദൈവമാണുപോലും. കുലദൈവത്തെ മറന്നിട്ട് അന്യദേവതാഭജനം അന്യായമാണെന്ന് കൃഷ്ണന് അവരോട് ഉപദേശിക്കുന്നു. അര്‍പ്പണമനോഭാവത്തോടുകൂടി ലോകോപകാരപ്രദമായി എങ്ങനെയുളള കര്മ്മനുഷ്ഠിച്ചാലും അത് ബ്രഹ്മത്തില്‍ ലയിക്കുമെന്നുള്ള സിദ്ധാന്തവും കൃഷ്ണന് ഈ ഉപദേശത്തില്‍ ഉള്ക്കൊള്ളിച്ചതിട്ടുണ്ട്. ~~
ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിഃ
ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുത ബ്രഹ്മൈവതേനഗന്തവ്യം
ബ്രഹ്മകര്മ്മസമാധിനാ
(ഗീത: കഢ, 24)
യജ്ഞത്തിനുള്ള അര്‍പ്പണവും ഹോമിക്കപ്പെടുന്ന ഹവിസ്സും ബ്രഹ്മമാകുന്നു. ബ്രഹ്മമായ കര്‍ത്താ ബ്രഹ്മമാകുന്ന യാഗാഗ്നിയില്‍ ഹോമിക്കുന്നു. ബ്രഹ്മകര്മ്മസമാധിവഴി പ്രാപിക്കപ്പെടേണ്ട സ്ഥാനവും ബ്രഹ്മംതന്നെ.
യജ്ഞം എന്നതിന് വേദകാലത്തുള്ള യാഗം എന്ന അതിരുവിട്ട് ആദ്ധ്യാത്മികമായ അര്‍ത്ഥം കല്പിക്കുന്നു. ഹോതാവും ഹവിസ്സും അര്പ്പണകര്മ്മവും സകലതും അദ്വിതീയമായ ബ്രഹ്മംതന്നെ. ബ്രഹ്മാഗ്നിയെന്നാല് നമ്മില്‍ ഭഗവാനഭിമുഖമായിസ്ഥിതിചെയ്യുന്ന ഇച്ഛാശക്തിയാണു്. അതില്‍ സകലകര്‍മ്മങ്ങളും ഹോമിക്കപ്പെടുന്നു. ബ്രഹ്മസ്വരൂപമായ കര്‍മ്മത്തിലുള്ള ഏകാഗ്രതയാണ്. ബ്രഹ്മകര്മ്മസമാധി. ബ്രഹ്മം ഭഗവാന്തന്നെയെന്ന് മനസ്സിലാക്കി ഭഗവത്പദത്തില്‍ ചേര്‍ന്ന് ദിവ്യമായ കര്‍മ്മം അനുഷ്ഠിക്കുക. പ്രാപ്യമായിട്ടുള്ളത് അതൊന്നു മാത്രമേയുള്ളൂ. ഇന്ദ്രന്, അഗ്നി, വരുണന് മുതലായ ദേവതകളെ ഉദ്ദേശിച്ച് ചെയ്യപ്പെടുന്ന യജ്ഞങ്ങള്‍ക്ക് പൊതുവെ ദൈവയജ്ഞമെന്നു പറയുന്നു. ഇതുചെയ്യുന്നവര്‍ യജ്ഞത്തിന്റെ ബാഹ്യമായ അര്‍ത്ഥത്തെ മാത്രം അവലംബിക്കുന്നവരാണ്. യജ്ഞത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥമറിയുന്ന ജ്ഞാനികള്‍ ”ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം” എന്ന തത്ത്വമനുസരിച്ച് യജ്ഞം ചെയ്യുന്നു. ഭഗവദര്പ്പണമായിച്ചെയ്യുന്ന യജ്ഞംകൊണ്ടുതന്നെ സകലവസ്തുക്കളും സകലകര്‍മ്മങ്ങളും യജ്ഞരൂപമായിത്തീരുന്നു. യജ്ഞംവഴി യജ്ഞത്തെ ആഹൂതിചെയ്ക എന്നതിന്റെ പൊരുള്‍ ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: