നിലത്തുവീണ പൂക്കള്‍ അര്‍ച്ചനയ്‌ക്കെടുക്കരുതെന്നാണ് വിശ്വാസം. എന്നാല്‍ പാരിജാതത്തിന്റെ പവിത്രതയ്‌ക്ക് ഇത് തടസ്സമല്ല. നിലത്താണെങ്കിലും പെറുക്കിയെടുക്കാം. അര്‍ച്ചിക്കാം.
ഭാരതീയ പുരാണങ്ങളിലെ ‘സ്വര്‍ഗീയ പുഷ്പങ്ങ’ളില്‍ മുന്‍നിരയിലാണ് നിശയില്‍ വിടര്‍ന്ന് പരിമളം പടര്‍ത്തുന്ന പാരിജാതം. സൂര്യനോടുള്ള പ്രണയം, കൃഷ്ണപത്‌നിമാര്‍ക്കിടയിലെ അസൂയ… തുടങ്ങിയ പുരാണകഥകളില്‍ നിര്‍ണായക കഥാപാത്രമാണ് പാരിജാതം.
പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് പാരിജാതത്തിന്റെ പിറവി. പാലാഴി കടയുന്നതിനിടെ ദിവ്യവും അമൂല്യവുമായ ഒട്ടേറെ വസ്തുക്കള്‍ ഉയര്‍ന്നു വന്നു. അവയിലൊന്നാണ് പാരിജാതം. മനസ്സിനെ പ്രണയാര്‍ദ്രമാക്കുന്ന സുഗന്ധഹാരിയായ പൂക്കളുള്ള ദിവ്യവൃക്ഷം. ഇന്ദ്രന്‍ അതെടുത്ത് ദേവലോകത്ത് നട്ടു. അതോടെ ഇന്ദ്രന്റെ രാജകീയ പ്രൗഢികളില്‍ പാരിജാതത്തിന്റെ പേരും ചേര്‍ത്തു വെച്ചു. ഇന്ദ്രന് അതിന്റെ അഹങ്കാരവുമുണ്ടായിരുന്നു. പാരിജാതം തനിക്കു മാത്രം സ്വന്തമായ ദിവ്യപുഷ്പം.
ഭഗവാന്‍ കൃഷ്ണനാണ് പാരിജാതത്തെ ഭൂമിയിലെത്തിച്ചതെന്നൊരു കഥയുമുണ്ട്. ഇന്ദ്രലോകത്തു നിന്നു പറിച്ചെടുത്ത പാരിജാത പൂക്കളുമായി നാരദന്‍ കൃഷ്ണനെ കാണാനെത്തി. ഭഗവാന്‍ ആ പൂക്കളിലൊന്നെടുത്ത് ഭാര്യയായ രുക്മിണിക്കു നല്‍കി. തമ്മിലടിപ്പിക്കാന്‍ മിടുക്കനായ നാരദന്‍ ഇക്കാര്യം കൃഷ്ണന്റെ രണ്ടാമത്തെ പത്‌നിയായ സത്യഭാമയോട് പറഞ്ഞു. സത്യഭായയ്‌ക്ക് അസൂയപെരുകി. എങ്കില്‍ തനിക്ക് പൂക്കളല്ല, അതിന്റെ തൈ തന്നെ വേണമെന്ന് സത്യഭാമ പ്രിയതമനോട് ആവശ്യപ്പെട്ടു. കൃഷ്ണനും സത്യഭാമയും ഇന്ദ്രലോകത്തെത്തി. എന്നാല്‍ പാരിജാതതിന്റെ ഒരു ഇല പോലും നല്‍കാന്‍ ഇന്ദ്രന്‍ തയ്യാറല്ലായിരുന്നു. കൃഷ്ണനും ഇന്ദ്രനുമിടയില്‍ വാഗ്വാദമായി. അത് യുദ്ധത്തിലേക്കെത്തി. ഒടുവില്‍ ഇന്ദ്രന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങിയെന്നും പാരിജാതമെന്ന സ്വര്‍ഗീയ പുഷ്പം ഭൂമിയിലും പരിലസിച്ചെന്നും കഥയുടെ ബാക്കി.
പാരിജാതത്തിനൊരു പ്രണയകഥകൂടി പറയാനുണ്ട്. ഒരു നാടോടിക്കഥ. പാരിജാതമെന്ന രാജകുമാരിക്ക് സൂര്യഭഗവാനോട് കടുത്ത പ്രണയം. തന്നെ വധുവായി സ്വീകരിക്കണമെന്ന് സൂര്യനോട് അവള്‍ അഭ്യര്‍ഥിച്ചു. ഒരു നിബന്ധനയോടെ സൂര്യന്‍ പ്രണയാഭ്യര്‍ഥന സ്വീകരിച്ചു. ഒരിക്കലും തന്നെ വിട്ടു പിരിയരുത്. അത്രമേല്‍ സൂര്യനെ പ്രണയിച്ച പാരിജാതത്തിന് അത് പൂര്‍ണസമ്മതമായിരുന്നു. ഒരു ശരത്ക്കാലത്തായിരുന്നു അവരുടെ വിവാഹം. ശിശിരവും വസന്തവും കടന്നു പോയത് അവര്‍ അറിഞ്ഞതേയില്ല. അങ്ങനെയിരിക്കെ ഗ്രീഷ്‌മെത്തി. സൂര്യന്റെ കത്തുന്ന ചൂട് പാരിജാതത്തിന് താങ്ങാനായില്ല. സൂര്യന്‍ അടുത്തെത്തിയപ്പോഴേക്കും പാരിജാതം ഓടിക്കളഞ്ഞു. സൂര്യന്‍ ക്ഷുഭിതനായി. ഭഗവാന്റെ കോപത്തീയില്‍ പാരിജാതം കരിഞ്ഞു പോയി. പെട്ടെന്നാണ് സൂര്യന്‍ തന്റെ അവിവേകത്തെക്കുറിച്ച് ഓര്‍ത്തത്. പാരിജാതത്തിന് ജീവന്‍ തിരിച്ചു നല്‍കാന്‍ സൂര്യന്‍ ഈശ്വരനോട് അപേക്ഷിച്ചു. മനമലിഞ്ഞ ഈശ്വരന്‍ അവളെ വൃക്ഷമായി പുനര്‍ജനിപ്പിച്ചു. പിന്നീടൊരിക്കലും കത്തുന്ന പകലില്‍ സൂര്യന്‍ പത്‌നിയെ കാണാനെത്താറില്ല. രാത്രിയിലാണ് ഇരുവരും കണ്ടു മുട്ടുന്നത്.
മറ്റെല്ലാ ചെടികളും പൂത്തുലയാന്‍ സൂര്യവെളിച്ചം വേണം. എന്നാല്‍ പാരിജാതം ഇപ്പോഴും പൂക്കുന്നത് നിശയിലത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: