ന്യൂ ജേഴ്സി: മതപരമായും രാഷ്ട്രീയപരമായും കുമ്മനം രാജശേഖരനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വ്യക്തി എന്ന നിലയിലോ, അദ്ദേഹത്തിന്റെ കേരളത്തോടുള്ള പ്രതിബദ്ധതയിലോ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും വ്യക്തമായറിയാവുന്ന വ്യത്യസ്തനായ കുമ്മനമാണ് ന്യൂജേഴ്സിയില്‍ മലയാളി സമൂഹത്തെ അഭിമുഖീകരിച്ചത്. ഫോമാ നേതാവ് അനിയന് ജോര്‍ജിന്റെ നേതൃത്വത്തില്‍ വാറനിലെ അരോമ റെസ്റ്റോറന്റില്‍ നടന്ന സൗഹൃദസംഭാഷണത്തില്‍ ഒട്ടേറെ സാംസ്കാരിക- സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
പല വിഷയങ്ങളെപ്പറ്റിയും കുമ്മനം മനസ്സു തുറന്നു. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനോ, മത്സരിക്കാതിരിക്കാനോ, വീണ്ടും ഗവര്‍ണറാകാനോ, ആകാതിരിക്കാനോ ഒന്നും കുമ്മനത്തിനു വിഷയമല്ല. കിട്ടിയാൽ സന്തോഷം, ഇല്ലെങ്കിലും പ്രശ്നമില്ല. ‘ഇല്ലിഹ സംഗം ലോഭ….മെന്ന് കവി മഹാത്മജിയെപ്പറ്റി പാടിയതു കുമ്മനത്തിന്റെ കാര്യത്തിലും ശരിയാകാം. ഗവര്ണ്ണറായാലും ഇല്ലെങ്കിലും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെദൗത്യം. വെറുമൊരു സേവകന് മാത്രം.
പതിനാലു പതിനഞ്ചു വയസ്സില്‍ വീടുവിട്ട് പൊതുപ്രവര്ത്തനത്തിനിറങ്ങിയതാണന്നദ്ദേഹം പറഞ്ഞു. പിണങ്ങി ഇറങ്ങിയതല്ല. തന്റെ നിയോഗം അനുസരിച്ചുള്ള യാത്ര. ഓരോ സ്ഥലത്തേക്കും യാത്ര. സ്വന്തമായ ഒരു പെട്ടി വെച്ചിരിക്കുന്ന സ്ഥലമാണ് വീട് അഥവാ വാസസ്ഥലം. ഒരുപാട് പേരെ കാണാനും, ഒത്തിരി സൗഹൃദങ്ങളുണ്ടാക്കാനും ജീവിതം വഴിയൊരുക്കി. ആരോടും വെറുപ്പ് ഇല്ലാത്തതിനാല്‍ ആരുമായും പിണക്കവുമില്ല.
രണ്ടു പ്രളയവും ഉരുള്‍പൊട്ടലുകളും വരള്‍ച്ചയുംകൊണ്ട് വിറങ്ങലിച്ചു നില്ക്കുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദാഹമാണ് വാക്കുകളില്‍ പ്രകടമായത്. ഇനിയൊരു പ്രകൃതി ദുരന്തം താങ്ങാന്‍ നാടിനാവില്ല. അത്ര ദയനീയമാണ് സ്ഥിതി. പ്രകൃതി ദുരന്തത്തില്‍ ഭൗതിക നഷ്ടം മാത്രമല്ല നമ്മുടെ പൈതൃകവും കൈമോശം വരുന്നു. അതിനാല്‍ കേരളത്തെ ഏതു വിധേനയും രക്ഷപെടുത്തിയേ പറ്റൂ. അതു സര്‍ക്കാരിന്റെ മാത്രം കടമയല്ല. ഒരു മന്ത്രിസഭ കാര്യങ്ങള്‍ പഠിക്കാന്‍ രണ്ടു മൂന്നു വര്‍ഷമെടുക്കും. നാലാം വര്‍ഷമാകുമ്പോള്‍ പിന്നെ ഒരു തെരഞ്ഞെടുപ്പായി ലക്ഷ്യം. ഒന്നും നടക്കില്ല.
രണ്ടര ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ കടം. മറ്റു സ്റ്റേറ്റുകളെക്കാള്‍ കൂടുതല്‍. ഈ കടം ആരു വീട്ടും? പുതിയ സർക്കാർ വരുമ്പോള്‍ വീണ്ടും കടം വാങ്ങും. രണ്ടു ദിവസം മഴ പെയ്താല്‍ കേരളത്തില്‍ പ്രളയമായി. വെയില് വന്നാല്‍ ജലക്ഷാമവും. 1924-ലെ (99ലെ) വെള്ളപ്പൊക്കത്തില്‍ ഒരാളാണ് മരിച്ചത്. അന്നു മഴ തുടര്‍ച്ചയായി മൂന്നു മാസം പെയ്തു. അന്ന് മഴവെള്ളം നിറയാന്‍ പാടങ്ങളുണ്ടായിരുന്നു. ഒഴുകിപ്പോകാന്‍ നദികളുണ്ടായിരുന്നു. ഇന്നത് ഇല്ലാതായി. പാടം നികത്തി ആറന്മുള വിമാനത്താവളം വന്നിരുന്നെങ്കില്‍ എട്ടു ഗ്രാമങ്ങളെങ്കിലും ഒഴുകിപ്പോകുമായിരുന്നു. പാടം നികത്താതിരുന്നതുകൊണ്ട് പമ്പയിലെ ജലം പാടങ്ങളില്‍ നിറയാന്‍ എട്ടു മണിക്കൂറെടുത്തു.
വിമാനത്താവളത്തിനു താന്‍ എതിരല്ല. പക്ഷെ ജനത്തെ കുടിയൊഴിപ്പിച്ചല്ല അതു വേണ്ടത്. ഹാരിസണ്‍സിന്റേയും മറ്റും കയ്യില്‍ അഞ്ചര ലക്ഷം ഹെക്ടര്‍ സ്ഥലം പാട്ട കാലാവധി കഴിഞ്ഞതുണ്ട്. ചെറുവള്ളി എസ്റ്റേറ്റും അതിന്റെ ഭാഗമാണ്. 99 വര്‍ഷത്തെ പാട്ട കാലാവധി കഴിഞ്ഞാല്‍ അതു തിരിച്ചെടുക്കാമെന്നു രാജമാണിക്യം ഐഎഎസ് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഒന്നും നടന്നില്ല. അതില്‍ കുറച്ചു സ്ഥലമെടുത്താല്‍ വിമാനത്താവളം പണിയാം.
കേരളത്തില്‍ എട്ടുലക്ഷം ഹെക്ടറില്‍ കൃഷി ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടര ലക്ഷം ഹെക്ടറിലായി. ഒരിക്കല്‍ സ്വയംപര്യാപ്തമായിരുന്ന കേരളത്തിലേക്ക് അരി പുറത്തുനിന്നു കൊണ്ടുവരണം. ചില കാര്യങ്ങളിലെങ്കിലും നാം തിരിച്ചുപോകണം. ഉദാഹരണത്തിന് പാടം നികത്തുന്നത്. അതുപോലെതന്നെ പാടം വെറുതെയിട്ടാല്‍ വെള്ളം ഭൂമിയിലേക്കിറങ്ങില്ല. അവിടെ കൃഷി വേണം. അപ്പോഴേ വെള്ളം താഴേക്കിറങ്ങു.
തമിഴ്നാട്ടില്‍ വീടു പണിയുമ്പോള്‍ അനുമതി കിട്ടാന്‍ ജലസംഭരണി ഉണ്ടെന്നു ഉറപ്പുവരുത്തണം. കേരളത്തിലെ 44 നദികളും വറ്റിവരളുന്നു. പാലക്കാട് പണ്ട് 200 അടി കുഴല്‍കിണര്‍ താഴ്ത്തിയാല്‍ വെള്ളം കിട്ടുമായിരുന്നു. ഇപ്പോള്‍ 1500 അടി ആയി. കേരളം ഒട്ടും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല. തമിഴ്നാട്ടില്‍ കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ ഉണ്ടാകുമ്പോള്‍ കേരളത്തില്‍ അതു പൂട്ടുന്നു. 2500 കോടി രൂപയുടെ ചക്ക കേരളത്തില്‍ നശിക്കുന്നു. തമിഴ്നാട്ടില്‍ പ്രോസസ് ചെയ്ത ചക്കയാണ് നാം വാങ്ങുന്നത്. ഇവിടെ അതു ചെയ്യാനാവില്ലേ?
കാന്‍സര്‍ ഭയാനകമാംവിധം വര്‍ധിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് റീജണല്‍ കാന്‍സര്‍ സെന്ററിലെ അതി രാവിലെയുള്ള നീണ്ട നിര കണ്ടാല്‍ ഹൃദയംപൊട്ടും. ഐ.ടി രംഗത്ത് ഹൈദരാബാദിലും ബംഗളുരുവിലുമെല്ലാം വലിയ കുതിപ്പ്. കേരളത്തില്‍ അതില്ല. ആരെയും കുറ്റപ്പെടുത്താതെ നമുക്കും കേരളത്തെ രക്ഷിക്കാന്‍ രംഗത്തിറങ്ങാന്‍ കഴിയണം. നിങ്ങള്‍ക്ക് സാധിക്കും. 44 നദികളും പുനരുജ്ജീവിപ്പിക്കാമെന്നു ഉറപ്പുണ്ട്. അതിനായി പദ്ധതി ആവിഷ്കരിക്കും. ഇച്ഛാശക്തി ഉണ്ടെങ്കില്‍ നടക്കുന്ന കാര്യമാണത്.
അന്നം, വെള്ളം, മണ്ണ് എന്നിവ ഇല്ലാതെ മുന്നോട്ടുപോകാനാവില്ല. പമ്പാനദിയെ പുനരുജ്ജിവിപ്പിക്കാനാണ് ‘പമ്പാരണ്യം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 800 കോടിയുടെ പ്രോജക്ടാണിത്. പമ്പ കടന്നുപോകുന്ന 36 പഞ്ചായത്തുകളില്‍ നടപടി വേണം. നദിക്കരയില്‍ മുള, രാമച്ചം, ആറ്റുവഞ്ചി തുടങ്ങിയവ നട്ടുപിടിപ്പിക്കണം. അതു കഴിഞ്ഞാല്‍ മാവും, പ്ലാവും നടണം. അതില്‍ നിന്നുള്ള വിളകള്‍ സംസ്കാരിക്കാന്‍ സംവിധാനം ഉണ്ടാകണം.
വിത്തുകള്‍ മുളപ്പിച്ച് നല്കാന് വളത്തിനായി 500 നാടന്‍ പശുക്കള്‍ ഉള്ള ഗോശാല സ്ഥാപിച്ചിട്ടുണ്ട്. കാവും കുളങ്ങളും ഉണ്ടാകണം. മൂടിപ്പോയ കുളങ്ങളും നീര്‍മറി (വാട്ടര്‍ഷെഡ്) പ്രദേശങ്ങളും പുനരുജ്ജീവിപ്പിക്കണം. ഈ പദ്ധതികളില്‍ വിദേശ മലയാളികള്‍ക്കും പങ്കുചേരാം. ഏതെങ്കിലും ഒരു ഭാഗത്തെ പ്രവര്‍ത്തനം ഏറ്റെടുക്കാം. ഒരു വിദേശ മലയാളിയാണ് ഗോശാല സ്ഥാപിച്ചത്. പമ്പയില്‍ നിന്നുള്ള മലിന ജലമാണ് കുട്ടനാട്ടില്‍ ‘പോള’ വളരാന്‍ കാരണം. വൈകാരികമായ ബന്ധമാണ് പമ്പയെ ആദ്യ പദ്ധതിയായി തെരഞ്ഞെടുക്കാന്‍ കാരണം ശബരിമല, മാരാമണ്‍, ചെറുകോല്‍പ്പുഴ എന്നിവയെല്ലാം പമ്പയുമായി ബന്ധപ്പെട്ടുണ്ട്.
ജനങ്ങളെ ബോധവന്മാരാക്കേണ്ടതുണ്ട്. മുത്തൂറ്റ് സമരം നടക്കുന്നു. കേരളത്തില്‍ നിക്ഷേപം വരാതെ വികസനം നടത്താനാവുമോ? എയ്ഡ് സേവ് കേരള (എ.എസ്.കെ) പദ്ധതി തുടങ്ങിയിട്ടുണ്ട്. വിദേശത്താണെങ്കിലും നിങ്ങളുടേയും ഒരു കണ്ണ് കേരളത്തില്‍ വേണം.
ഇ-മലയാളിയുമായി സംസാരിക്കവേ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ കണ്ണടച്ച് എതിര്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ ഇലക്ഷനില്‍ ക്രിസ്ത്യന്‍, മുംസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിനു പോയി. ഇടതപക്ഷത്തിനു പോലും ഒന്നും കിട്ടിയില്ല. കേരളത്തില്‍ മാത്രമാണ് ഈ എതിര്‍പ്പ്. ഗോവയിലും മിസോറാമിലുമൊക്കെ ക്രിസ്ത്യാനികള്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിലെ ആര്‍എസ്എസും ബിജെപിയും മറ്റു സ്റ്റേറ്റുകളിലേതില് നിന്നു വ്യത്യസ്തമായ പ്രവര്‍ത്തനമല്ലേ നടത്തുന്നത് അതു കൊണ്ടല്ലേ ഈ എതിര്‍പ്പ് എന്ന ചോദ്യത്തിനു അല്ല എന്നായിരുന്നു മറുപടി.
കേരളത്തിലെ മാധ്യമങ്ങള്‍ നെഗറ്റീവില്‍ മാത്രം കേന്ദ്രീകരിക്കുന്നു. പശുവിന്റെ പേരില്‍ നോര്‍ത്തില്‍ കൊല നടന്നാല്‍ അതു വാര്‍ത്ത. കേരളത്തിലെ സദാചാര കൊല കണ്ടിട്ട് സങ്കടമില്ല. ബലാത്സംഗവും അക്രമവും ഏറ്റവും കൂടുതല്‍ കേരളത്തില്‍. പക്ഷെ മാധ്യമത്തില്‍ വരില്ല. ഗാഡ്ഗില്‍ വന്നപ്പോള്‍ മൂന്നിടത്ത് കരിദിനം ആചരിച്ചു. പക്ഷെ ഇപ്പോള്‍ ക്വാറികള്‍ നിരോധിച്ചിരിക്കുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി
വ്യവസായിയ ദിലീപ് വര്‍ഗീസ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥലം മാറിപ്പോകുന്ന കോണ്‍സല്‍ ദേവദാസന് നായരെ വ്യവസായി ഹനീഫ് പൊന്നാടയണിയിച്ചു. ജന്മഭൂമി പത്രാധിപ സമിതയംഗം പി. ശ്രീകുമാറിനെ പ്രസ്ക്ലബ് പ്രസിഡന്റ് മധു രാജന് പൊന്നാട അണിയിച്ചു. ദീപികയിലൂടെ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് കേരളത്തിലെ മുഖ്യ ജിഹ്വകളിലൊരാളായി മാറിയ കുമ്മനത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നു അനിയന് ജോര്‍ജ് പറഞ്ഞു. പ്രവാസി പ്രശ്നത്തില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നു നമുക്ക് ഒരുപാട് പ്രതീക്ഷകളൊന്നുമില്ല. എങ്കിലും നമ്മുടെ പ്രശ്നനങ്ങള്‍ ചൂണ്ടിക്കാട്ടാം.
വ്യവസായി തോമസ് മൊട്ടയ്ക്കല്‍, ഫോമ നേതാക്കളായ ഷിനു ജോസഫ്, ജിബി തോമസ്, ഗോപിനാഥകുറുപ്പ്, ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ അനില്‍ പുത്തന്‍ചിറ, തങ്കമണി അരവിന്ദ്, സുധീര്‍ നമ്പ്യാര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ ട്രൈസ്റ്റാര്‍, കാഞ്ച് നേതാവ് സ്വപ്ന രാജേഷ്, ഷീല ശ്രീകുമാര്‍ തുടങ്ങി ഒട്ടേറേ പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: