കൊച്ചി: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതോടെ ധനകാര്യ വകുപ്പിനെതിരെ ഗുരുതതര ആരോപണവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മഴക്കാലമായതോടുകൂടി വാഹനവുമായി പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്നു വര്‍ഷമായി ഒറ്റത്തവണത്തെ അറ്റകുറ്റപ്പണികള്‍ക്കായി ധനമന്ത്രി ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്ത സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു. നിലവില്‍ പി.ഡബ്ലിയു ഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. പഞ്ചായത്തുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ അവരെന്തു ചെയ്യാനാണെന്നും സുധാകരന്‍ ചോദിക്കുന്നു.
എന്നാലിപ്പോള്‍ അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എം.എല്‍.എമാര്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കണമെന്നും അനുവദിക്കുന്ന പണം ദുര്‍വിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികള്‍ക്ക് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
















