മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണിൽ ഇ-സിഗരറ്റ് നിരോധിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് മിഷിഗണ്‍ ഗവര്‍ണ്ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ ബുധനാഴ്ച ആരോഗ്യ വകുപ്പിന് നല്കി. ഇതോടെ അമേരിക്കൻ സംസ്ഥാനങ്ങളില്‍ ഇ-സിഗരറ്റ് നിരോധിക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി മിഷിഗണിന് ലഭിച്ചു.
നിക്കോട്ടിന് ഉല്പന്നങ്ങള് മുതിര്‍ന്നവര്‍ക്ക് ഉള്‍പ്പെടെ വില്ക്കുന്നതു നിരോധിക്കുന്ന വകുപ്പുകള്‍ എമര്‍ജന്‍സി ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണ്ണറുടെ തീരുമാനം ആരോഗ്യവകുപ്പ് അധികൃതര്‍ സ്വാഗതം ചെയ്തു. ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ് നിരോധനത്തില്‍ മുന്‍കൈ എടുത്തത്. ചെറുകിട വ്യവസായികള്‍ 30 ദിവസത്തിനകം ഉല്പന്നങ്ങള് മുഴുവനായും ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇ-സിഗരറ്റ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ 215 കേസുകള്‍ 25 സംസ്ഥാനങ്ങളില്‍ നിന്നും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിഷിഗണ്‍ സംസ്ഥാനത്തു ആറു കേസുകള്‍ പോലീസ് അന്വേഷണത്തിലാണ്. എന്നാല്‍ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യാപാരികളും ഉല്പാദകരും മുന്നറിയിപ്പു നല്കി. യുവാക്കളേയും, കുട്ടികളേയും ഇ-സിഗരറ്റ് തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: