തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍. എല്ലാത്തരം പാലിനു ലിറ്ററിന് നാലു രൂപയുടെ വര്‍ധയാണ് വരുത്തിയിരിക്കുന്നത്. പാല്‍ വില ലിറ്ററിന് 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തത്. പാലിന്റെ വില വര്‍ദ്ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ അറിയിച്ചു.
നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പാലിന്റെ വില വര്‍ദ്ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. മില്‍മക്ക് വില സ്വന്തമായി വര്‍ദ്ധിപ്പിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയാണ് വര്‍ദ്ധന നടപ്പില്‍ വരുത്താറുള്ളൂ.
കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്. നിലവിലെ വരവും ചെലവും വെച്ചു നോക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് മില്‍മ കണക്ക് കൂട്ടുന്നു. ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം.
2017-ലാണ് പാല്‍വില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചതെന്നും മില്‍മ. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടി. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്. പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്ററായി.
















