അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരമെന്ന നിലപാടുമായാണ് 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അഴിമതി നടത്തില്ല, നടത്താന്‍ അനുവദിക്കുകയുമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുവന്ന സര്‍ക്കാര്‍ അതിനനുസൃതമായ തരത്തില്‍ ഓരോ കാര്യങ്ങളും നടപ്പില്‍ വരുത്തുകയാണുണ്ടായത്. 2019ല്‍ എത്തിനില്ക്കുമ്പോള് അതില്‍നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് അഴിമതിയുടെ വേരുകള്‍ അടിയോടെ വെട്ടിമാറ്റാന്‍ ശ്രമിക്കുകയുമാണ്.
കര്‍ണാടകത്തിലെ മുടിചൂടാമന്നനെന്ന് വിളിപ്പേരുള്ള ഡി.കെ. ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് നിയമത്തിന്റെ വലയിലാക്കുമ്പോള്‍ അവരുടെ നേതൃത്വം ഒന്നടങ്കം ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. അഴിമതിയെന്നാല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നാല്‍ അഴിമതി എന്ന തരത്തിലേക്കാണല്ലോ അവര്‍ പോയിക്കൊണ്ടിരിക്കുന്നത്. പത്തറുപതു വര്‍ഷം രാജ്യത്തെ ഭരിച്ചു മുടിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണുള്ളത്. അഴിമതിക്കപ്പുറം ഒന്നും ചിന്തിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയസംവിധാനമായി അധപ്പതിക്കുമ്പോഴും ഇവിടുത്തെ ശക്തമായ ഭരണസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും ചോദ്യം ചെയ്യുകയാണവര്‍.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ഡി.കെ. ശിവകുമാറിനെ എങ്ങനെയും രക്ഷിച്ചേ തീരൂ എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങള്‍. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയതോടെ എങ്ങനെയും അന്വേഷണത്തിന് തടയിടാനുള്ള പരിശ്രമത്തിലാണ്. ദല്‍ഹി കോടതിയിലെ പ്രത്യേക ജഡ്ജി അജയ്കുമാര്‍ കുഹാര്‍ ആണ് സപ്തംബര്‍ 13 വരെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു ഇത്.
കര്‍ണാടകത്തില്‍ പ്രത്യേകിച്ചും രാജ്യത്താകമാനവും കോണ്‍ഗ്രസ് നേതാക്കള്‍ ശിവകുമാറിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങി. കര്‍ണാടകത്തില്‍ ബസ്സുകള്‍ കത്തിച്ചും കല്ലെറിഞ്ഞു തകര്‍ത്തും അവര്‍ താണ്ഡവമാടി. ശിവകുമാറില്‍ തുടങ്ങിയ നിയമ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന ഭീതി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങി വീരവാദം മുഴക്കുന്ന ഉന്നത നേതാക്കള്‍ക്ക് ഇപ്പോള്‍ മുട്ടിടിച്ചു തുടങ്ങിയിട്ടുണ്ട്. അഴിമതിയിലൂടെ തടിച്ചുവീര്‍ത്തവര്‍ എന്തുചെയ്യണമെന്നറിയാതെ പരക്കം പായുകയാണ്. രാജ്യത്തിന്റെ ചൗക്കീദാറായി അഭിമാനിക്കുന്ന മോദിയുടെ മുമ്പില്‍ എന്തു ചെയ്യേണ്ടൂ എന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. അന്വേഷണം അട്ടിമറിക്കാനും വഴിതിരിച്ചുവിടാനും അണികളെ തെരുവിലിറക്കുകയേ നിവൃത്തിയുള്ളൂ എന്ന നിലയായിരിക്കുന്നു.
നിയമനടപടികള്‍ ആരംഭിക്കുമ്പോള്‍ അതൊക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടി നിസ്സാരവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് എന്തേ നിയമം അതിന്റെ വഴിക്കുപോകട്ടെയെന്ന നയം സ്വീകരിക്കുന്നില്ല. രാജ്യത്തിന്റെ സ്വത്തും പരമാധികാരവും ഒരു കുടുംബത്തിനും ഒരു പാര്‍ട്ടിക്കുമായി വീതം വെക്കണമെന്ന അവരുടെ ലക്ഷ്യമല്ലേ വാസ്തവത്തില്‍ തികഞ്ഞ രാഷ്ട്രീയം? വാരിക്കൂട്ടിവെച്ച സ്വത്തുവകകള്‍ നിയമനടപടികളിലൂടെ കൈമോശം വരുമെന്ന ഭീതിയില്‍ അവര്‍ നാട്ടിലാകമാനം അസ്വസ്ഥതയും അശാന്തിയും പടര്‍ത്തുകയാണ്.
എന്തഴിമതിയും അക്രമവും നടത്തിയാലും നടപടിയൊന്നും സ്വീകരിക്കരുതെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാവില്ല. അഴിമതിക്കെതിരെ ജനവിധി നേടിവന്ന സര്‍ക്കാരിന് അഴിമതിയെ എങ്ങനെ നിസ്സാരമായി കാണാനാവും. ഏത് വന്‍ തോക്കായാലും നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകണമെന്ന നിശ്ചയദാര്‍ഢ്യമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. അത് ഭീഷണികൊണ്ടും പ്രതിഷേധം കൊണ്ടും അട്ടിമറിക്കാനാവില്ല. രാജ്യത്തിന്റെ സ്വത്തുവകകള്‍ കൊള്ളയടിക്കുന്നതും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും ഏതാണ്ട് ഒരുപോലെയുള്ള കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ഭഗീരഥ പ്രയത്നമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. കശ്മീരിലെ 370-ാം വകുപ്പിന്റെ റദ്ദാക്കലിലും ചിദംബരം, ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടികളിലും നിഴലിക്കുന്നത് അതുതന്നെയാണ്. അതൊക്കെ തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയാം. അഴിമതി വീരന്മാരെ പൂട്ടാനും അക്രമികളെ കൈകാര്യം ചെയ്യാനും അതിനനുസരിച്ചുള്ള നടപടികളുമായി സര്‍ക്കാരും നീങ്ങും. ജനമനസ്സില്‍ സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഇനി പോംവഴികളൊന്നുമില്ല എന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: