വടക്കായാലും കിഴക്കായാലും ഭൂമിയുടെ ഏതുകോണിലായാലും പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്വന്തം നാട് തെരഞ്ഞെടുക്കുന്നവരുടെ നാടാണ് കേരളം. അതുകൊണ്ടാണല്ലോ കത്വയുടെ പേരിലും ദാദ്രയുടെ പേരിലും സദ്ദാം ഹുസൈന്റെ പേരിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരിലുമൊക്കെ ഇവിടെ ബന്ദും അക്രമങ്ങളും നടക്കുന്നത്. ശാന്തമായും സമാധാനപരമായും കഴിയുന്ന കശ്മീരിന്റെ പേരിലാണത്രെ ഇനി കേരളത്തില്‍ അസ്വസ്ഥത പടര്‍ത്താന്‍ പോകുന്നത്. അതിന്റെ പേരില്‍ കലാപത്തിന് ഒരുക്കം നടക്കുന്നതായാണ് സൂചന. കലാപം, അക്രമം, അസ്വസ്ഥത തുടങ്ങിയവ ചിലര്‍ ഇവിടെ കുത്തകയായി ഏറ്റെടുത്തിരിക്കുകയാണല്ലോ. അവര്‍ക്കും അവരെ കുട ചൂടിക്കുന്നവര്‍ക്കും അത് ലഹരിയാണ്. അതിനവര്‍ കാരണം കണ്ടെത്തും. ഇല്ലെങ്കില്‍ ഉണ്ടാക്കും. അവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നമാണത്.
ഇത് പക്ഷെ ഒരു പ്രത്യേകതരം അസ്വസ്ഥതയാണ്. കശ്മീരിനെ തൊട്ടാല്‍ കൈപൊള്ളുമെന്നും പലയിടവും കത്തുമെന്നും പറഞ്ഞവര്‍ നോക്കിനില്‍ക്കെ ആ നാടിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞപ്പോള്‍ ഉണ്ടായ അന്ധാളിപ്പില്‍ നിന്നാണ് അത് ഉടലെടുത്തത്. കശ്മീര്‍ കത്തിയില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന ആ തീരുമാനത്തിന് പിന്നിലെ യാഥാര്‍ഥ്യം പരാജയബോധമാണ്. അടിത്തട്ടുമുതല്‍ ഭരണ തലപ്പത്തുവരെ നിറഞ്ഞുനില്‍ക്കുന്ന ആ അക്രമസംസ്‌കാരത്തിന്റെ ബീഭത്സമുഖം മുന്‍പ് കണ്ടതുമാണ്. മതതീവ്രവാദത്തിന്റെയും സംഘടിത അതിക്രമങ്ങളുടെയും ഭരണവര്‍ഗ ഭീകരതയുടെയും അടിവേരുകള്‍ക്ക് കത്തിവീഴുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന പോരാട്ടമായിരിക്കാം ഇത്.
കശ്മീരില്‍, ഇസ്ലാമിക് സ്റ്റെയ്റ്റ് എന്ന ആഗോള ഭീകര സംഘടനയുടെപോലും അടിത്തറയടക്കം ഇളകുന്നത് അടുത്ത നാളുകളില്‍ കണ്ടു. മതാന്ധതയുടെ പേരിലുള്ള അസ്വസ്ഥതയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് സല്‍ഭരണത്തിന്റെ നല്ല നാളുകളാണെന്ന് അവിടുത്തെ യുവാക്കളടക്കമുള്ളവര്‍ തി രിച്ചറിഞ്ഞതിന്റെ ഫലമാണ് കശ്മീരില്‍ കണ്ടത്. ഇന്നലെവരെ ആര്‍ക്കോവേണ്ടി സൈന്യത്തെ കല്ലെറിഞ്ഞവര്‍ ഇന്ന് അതേ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. വിഘടനവാദത്തിനു പകരം ദേശഭക്തിയുടെ മുദ്രാവാക്യം മുഴങ്ങുന്നു. ഇനിയും ഇതൊക്കെ തിരിച്ചറിയാത്ത ഒരു വിഭാഗം ഉള്ളത് ഈ കേരളത്തിലാണ്. അവരിലാണിപ്പോള്‍ വിഘടന വാദികളുടെയും മത ഭീകരവാദികളുടെയും കമ്യൂണിസ്റ്റ് തീവ്രവാദികളുടേയുമൊക്കെ പ്രതീക്ഷ. അവസാന തുരുത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ജീവന്മരണപോരാട്ടം. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നു ബോധ്യപ്പെട്ട സി പിഎം എന്ന ഭരണകക്ഷിക്കും ഇത് അവസാനത്തെ ആളിക്കത്തലിനുള്ള ശ്രമമായിരിക്കാം. പക്ഷെ കേരളവും മാറിയില്ലെന്ന് ആരറിഞ്ഞു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: