തിരുവനന്തപുരം: ചിങ്ങംപിറന്ന് ഓണമെത്താറായപ്പോള് തലസ്ഥാനത്തെ പ്രധാന കമ്പോളമായ ചാലയില്‍ തിരക്കേറി. വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനും ഓണത്തിനുള്ള ഒരുക്കത്തിനുമായിട്ടാണ് ആളുകളാണ് ഇപ്പോള്‍ കൂടുതലായി കമ്പോളത്തില്‍ എത്തുന്നത്. ഇന്ന് അത്തം കൂടി പിറന്നതോടെ രണ്ടുദിവസം കൂടി കഴിയുമ്പോള്‍ തിരക്കു വര്‍ധിക്കും. പലവ്യഞ്ജനം, പച്ചക്കറി എന്നിവയ്ക്ക് പുറമെ കല്യാണാവശ്യത്തിനുള്ള പൂക്കള്‍ക്കും ഹാരത്തിനുമായും ആളുകള്‍ കൂടുതലായി ഇവിടെ എത്തുന്നുണ്ട്.
തലസ്ഥാന ജില്ലയിലെ പ്രധാന കച്ചവടകേന്ദ്രമാണ് ചാലക്കമ്പോളം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേരാണ് ദിവസവും ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത്. മൊത്തക്കച്ചവടക്കാര്‍ ധാരാളമുള്ളതിനാല്‍ അവരുടെ പക്കല്‍നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ നല്ല ലാഭത്തിന് വാങ്ങാന്‍ കഴിയും എന്നതാണ് ആളുകളെ പ്രധാനമായും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
പച്ചക്കറി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, ചെരുപ്പ്, ബാഗുകള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നുവേണ്ട മനുഷ്യന് ദൈനംദിന കാര്യങ്ങള്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും ചാലക്കമ്പോളത്തില്‍ നിന്നും കിട്ടും. ചിങ്ങം പിറന്ന് ഓണമെത്തിയതോടെ സാധനങ്ങള്‍ക്ക് നേരിയ വിലവര്‍ധിച്ചിട്ടുണ്ട്. പച്ചക്കറിക്കടകളില്‍ സവാളയ്ക്കും തൊണ്ടന്‍മുളകിനും പാല്ചേമ്പിനും വെളുത്തുള്ളിക്കും ഇഞ്ചിക്കുമാണ് വില വര്‍ധനയുണ്ടായിട്ടുള്ളത്. അരി വില 38 ല്‍ നിന്ന് 48 ആയി ഉയര്‍ന്നു. വെളിച്ചെണ്ണയ്ക്കും പാംഓയിലിനും വിലവര്‍ധന ഉണ്ടായിട്ടുണ്ട്. പൂക്കളില്‍ മുല്ലയ്ക്കും പിച്ചിക്കുമാണ് ഉയര്‍ന്ന വില. കിലോയ്ക്ക് ആയിരം രൂപ വരെയാണ് ഇപ്പോഴത്തെ വില. ഓണം അടുക്കുന്നതോടെ പൂക്കളുടെ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
മാസശമ്പളക്കാര്‍ക്ക് ഉത്സവബത്തയും ശമ്പളവും കിട്ടുന്നതോടെ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍പേര്‍ എത്തും എന്ന പ്രതീക്ഷയിലാണ് ചാലക്കമ്പോളത്തിലെ കച്ചവടക്കാര്‍.
എന്നാല്‍ ഇവിടെയെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സാധനങ്ങള്‍ വാങ്ങി കാറില്‍ കൊണ്ടുപോകാമെന്നു വിചാരിച്ചുവരുന്നവര്ക്ക് വാഹനം പാര്‍ക്കുചെയ്യാനുള്ള യാതൊരു സൗകര്യവും ഇവിടെയില്ല. ഇരുചക്രവാഹനയാത്രികരുടെ കാര്യവും പരിതാപകരമാണ്. ഇത് ഇവിടത്തെ കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: