1939 സപ്തംബര്‍ ഒന്നിന് ജര്‍മ്മനിയുടെ പോളണ്ട് ആക്രമണത്തോടെയാണ് രണ്ടാംലോകമഹായുദ്ധത്തിന് തിരശീലയുയര്‍ന്നത്. സപ്തംബര്‍ മൂന്നിന് ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
ജര്‍മ്മനി, ഇറ്റലി, ജപ്പാന് തുടങ്ങിയവ ചേര്‍ന്ന സഖ്യം അച്ചുതണ്ട് ശക്തികള്‍ എന്നറിയപ്പെട്ടു. 1941ല്‍ റഷ്യയും പേള്‍ബാര്‍ബര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസും സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്നു. ആരംഭത്തില്‍ വിജയങ്ങള്‍ നേടിയ ജര്‍മ്മന്‍പക്ഷം 1942 ആയതോടെ പരാജയപ്പെട്ടു തുടങ്ങി.
1943ല്‍ ഇറ്റലി കീഴടങ്ങി. 1945 ഏപ്രില്‍ 28ന് മുസോളിനി കൊല്ലപ്പെട്ടു. ഏപ്രില്‍ 30ന് ഹിറ്റ്ലര്‍ സ്വയം ജീവനൊടുക്കി. ആഗസ്റ്റില്‍ അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചു. സപ്തംബര്‍ രണ്ടിന് ജപ്പാനും കീഴടങ്ങിയതോടെ രണ്ടാംലോകമഹായുദ്ധത്തിന് തിരശീല വീണു.
ആ രാജ്യത്തിനു ഹൃദയമില്ല
ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പുള്ള കാലം. 85 വയസുകാരനായ പോള്വോണ് ഹിന്‍ഡന്‍ബര്‍ഗ് ആയിരുന്നു ജര്‍മ്മനിയുടെ പ്രസിഡന്റ്. ഷ്ളീഷര്‍ ചാന്‍സലറും. പാര്‍ലമെന്റില്‍ ചാന്‍സലര്‍ക്ക് ഭൂരിപക്ഷമില്ല. ഹിറ്റ്ലറാകട്ടെ അധികാരം പിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ച് ചാന്‍സലറായി തുടരാന്‍ അനുവദിക്കണമെന്ന് ഷ്ളീഷര്‍ ആവശ്യപ്പെട്ടെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് അത് നിരസിച്ചു. ചാന്‍സലര്‍ക്ക് രാജിവയ്ക്കേണ്ടിവന്നു. രാജി സ്വീകരിച്ചുകൊണ്ട് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞതിങ്ങനെ: ”ഞാന്‍ ഒരു കാല് കുഴിയിലേക്കു നീട്ടി ഇരിക്കുകയാണ്. സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഈ പ്രവൃത്തിയെപ്പറ്റി പശ്ചാത്തപിക്കേണ്ടി വരുമോ എന്നറിഞ്ഞുകൂടാ.”
”ഈ നീചകൃത്യത്തിനുശേഷം അങ്ങ് സ്വര്‍ഗത്തില്‍ പോകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.” എന്നായിരുന്നു ഷ്ളീഷറുടെ എടുത്തടിച്ച മറുപടി. കാരണം പകരം നിയമിക്കപ്പെട്ടത് അഡോള്‍ഫ് ഹിറ്റ്ലറായിരുന്നു. മാത്രമല്ല 1934ല്‍ ഹിന്‍ഡന്‍ബര്‍ഗ് അന്തരിച്ചതോടെ ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ സര്‍വാധികാരിയുമായിത്തീര്‍ന്നു. ഷ്ളീഷര്‍ വധിക്കപ്പെടുകയും ചെയ്തു.
ഹിന്‍ഡന്‍ബര്‍ഗിനെപ്പറ്റി ഒരു കാര്യം കൂടി. ഒന്നാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയുടെ പടനായകനായിരുന്നു അദ്ദേഹം. റഷ്യയില്‍ കടന്നാക്രമണം നടത്തിയ സ്വീഡനിലെ ചാള്‍സ് 12-ാമന്‍, നെപ്പോളിയന് (പില്ക്കാലത്ത് ഹിറ്റ്ലര്‍ക്കും) പരാജയപ്പെടാനായിരുന്നു വിധി. യുദ്ധത്തില്‍ പലയിടത്തും സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ പടയെ തോല്പിച്ചു മുന്നേറിയ ഹിന്‍ഡന്‍ബര്‍ഗ് റഷ്യയുടെ ഹൃദയഭാഗത്തേക്ക് കടന്നുകയറി ആക്രമണം നടത്തുന്നതിനുള്ള നിര്‍ദേശം തള്ളിക്കളഞ്ഞു. ”ആ രാജ്യത്തിനു ഹൃദയമില്ല” എന്നായിരുന്നു പടനായകന്റെ ന്യായം.
പ്രധാനമന്ത്രിയുടെ രാജി
ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ചപ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞില്ല. ഹിറ്റ്ലറെ പ്രീണിപ്പുകയാണോ എന്നും ചോദ്യമുയര്‍ന്നു.
യുദ്ധം തീവ്രമാകവെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ നെവിന് ചേംബര്ലെയിന് രാജ്യത്ത് കഠിന വിമര്‍ശനത്തിനു വിധേയനായി. ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചത് ഒന്നാംലോകയുദ്ധത്തില്‍ ബ്രിട്ടനെ വിജയത്തിലേക്കു നയിച്ച ലോയിഡ് ജോര്‍ജായിരുന്നു.
പാര്‍ലമെന്റിലെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ ലോയിഡ് ഇങ്ങനെ പറഞ്ഞു: ”ത്യാഗം ചെയ്യണമെന്നു പ്രധാനമന്ത്രി ഇവിടെ ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹം തന്നെ അതിനു മാതൃക കാട്ടട്ടെ. ഈ യുദ്ധം ജയിക്കുന്നതിനു ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന അദ്ദേഹം അധികാരം വച്ചൊഴിയുക എന്നതാണ്.”
വൈകാതെ ചേംബര്ലെയിന് രാജിവയ്ക്കേണ്ടിവന്നു. 1940 മേയ് പത്തിന് വിന്സ്റ്റന് ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ ദേശീയ സര്‍ക്കാര്‍ അധികാരമേറ്റു. ഇതേവര്‍ഷം ചേംബര്‍ ലെയിന്‍ അന്തരിക്കുകയും ചെയ്തു.
അതുകൊണ്ട് നാം കീഴടങ്ങുന്നു
ജപ്പാനിലെ 124-ാമത്തെ ചക്രവര്‍ത്തിയായിരുന്നു ഹിരോഹിതോ (1926-89). ഓരോ ചക്രവര്‍ത്തിയും തന്റെ ഭരണകാലത്തെ കുറിക്കുന്നതിനായി ഓരോ പദം തെരഞ്ഞെടുക്കുക ജപ്പാനിലെ പതിവായിരുന്നു. അദ്ദേഹം തെരഞ്ഞെടുത്തത് ‘ഷാവോ’ എന്ന പദമാണ്. അര്‍ത്ഥം സമാധാനം. എന്നാല്‍ തന്റെ വാഴ്ചയുടെ ആദ്യകാലത്ത് രാജ്യത്തിനോ ലോകത്തിനോ അത് നല്‍കുന്നതിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ലോകയുദ്ധത്തിന്റെ അന്ത്യകാലത്ത് ഹിരോഹിതോ സമാധാനം ആഗ്രഹിച്ചു. സ്വന്തം അവകാശാധികാരങ്ങള്‍ക്കു കോട്ടം തട്ടാത്തവിധത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിതനായി.
ജപ്പാന്റെ കീഴടങ്ങല്‍ തകര്‍ക്കാനുള്ള സൈനിക ശ്രമങ്ങളും ഇക്കാലത്തുണ്ടായി. ചക്രവര്‍ത്തി നടത്തിയ കീഴടങ്ങല്‍ പ്രക്ഷേപണത്തിന്റെ റേഡിയോ റിക്കാര്‍ഡ് വരെ തട്ടിയെടുക്കാന്‍ അട്ടിമറിക്കാര്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി. 1945 ആഗസ്റ്റ് 15ന് ടോക്കിയോ റേഡിയോയില്‍ ‘കിമി ഗായോ’ എന്ന ദേശീയഗാനം ആലപിക്കപ്പെട്ടു. തുടര്‍ന്ന് ചക്രവര്‍ത്തി രാഷ്ര്ടത്തോട് നടത്തിയ പ്രഖ്യാപനം പ്രക്ഷേപണം ചെയ്യപ്പെട്ടു.
”എന്റെ നല്ലവരും വിശ്വസ്തരുമായ പ്രജകളോട്” എന്ന ആമുഖത്തോടെ അത് ആരംഭിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരേയും അവരുടെ ദുഃഖാര്‍ത്തരായ ബന്ധുക്കളെയും പറ്റിയുള്ള ഓര്‍മ്മകള്‍ രാവും പകലും തന്നെ വേദനിപ്പിക്കുകയാണെന്ന് ചക്രവര്‍ത്തി പറഞ്ഞു. ”അതുകൊണ്ട് നാം കീഴടങ്ങുകയാണ്” അദ്ദേഹം അറിയിച്ചു.
1945 സപ്തംബര്‍ രണ്ടിന് ടോക്കിയോ ഉള്‍ക്കടലില്‍ തമ്പടിച്ച യുഎസ് പടക്കപ്പലായ മിസോറിയില്‍ വച്ചാണ് ജപ്പാന്റെ കീഴടങ്ങല്‍ ഉടമ്പടി ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ടത്. യുഎസ് ജനറല്‍ ഡഗ്ലസ് മക് ആര്‍തറാണ് ചടങ്ങിനു നേതൃത്വം നല്‍കിയത്. ജനറല്‍ ഉമേസു ജാപ്പനീസ് സംഘത്തെ നയിച്ചു. ചൈന, റഷ്യ, ബ്രിട്ടന് തുടങ്ങിയ സഖ്യരാഷ്ട്ര പ്രതിനിധികളും സംബന്ധിച്ചു. ബന്ധപ്പെട്ടവര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചശേഷം മക് ആര്‍തര്‍ ഇങ്ങനെ പറഞ്ഞു: ”ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ദൈവം അതിനെ എക്കാലവും കാത്തുകൊള്ളട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. ചടങ്ങുകള്‍ ഇവിടെ അവസാനിക്കുന്നു.”
യുഎസ് പോര്‍വിമാനങ്ങള്‍ അന്നു ടോക്കിയോയ്ക്ക് മേല്‍ പറന്ന് ശക്തി പ്രകടിപ്പിച്ചു. കീഴടങ്ങിയില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. സപ്തംബര്‍ രണ്ട് വി.ജെ. (ഢശരീേൃ്യ ീ്ലൃ ഖമുമി) ദിനമായി ആഘോഷിക്കപ്പെട്ടു. ജപ്പാന് മക് ആര്‍തറുടെ സൈനിക ഭരണത്തിലായി. രണ്ടാംലോകമഹായുദ്ധത്തിന് അങ്ങനെ വിരാമമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: