ക്ഷതത്തെ ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം. മനസ്സിന്റെ ക്ഷതങ്ങളകറ്റാന് മനുഷ്യനേയും ഈശ്വരനേയും ഒന്നിപ്പിക്കുന്നയിടം. ക്ഷേത്രത്തിന്റെ പര്യായമായ അമ്പലം, അന്പ് (ദയ, സ്നേഹം) ഇല്ലം(വാസസ്ഥാനം) എന്നീ പദങ്ങളുടെ സങ്കലനമാണ്.
ഭാരതീയ സംസ്കൃതിയുടെ അമൂല്യ നിധികളാണ് ക്ഷേത്രങ്ങള്‍. നമ്മുടെ പൈതൃകമെന്തെന്ന് തലമുറകളെ ഉദ്ബോധിപ്പിക്കുന്ന ചൈതന്യ കേന്ദ്രങ്ങള്‍. മറ്റൊരര്‍ഥത്തില്‍, അവനവനില്‍ കുടിയിരിക്കുന്ന ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുകയാണ് ക്ഷേതദര്ശനത്തിന്റെ ലക്ഷ്യം.
സര്‍വവ്യാപിയായ ഈശ്വരനെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് ആ ചൈതന്യത്തെ വിശ്വാസികളിലേക്ക് പകരുകയാണ് ക്ഷേത്രങ്ങള്‍. അതി ശക്തമായ ഊര്ജസങ്കേതങ്ങളാണവ. ഭൗതികതയുടെ സ്വാധീനം ക്ഷേത്രദര്‍ശനം പതിവാകുന്നതിലൂടെ നേര്‍ത്തു നേര്‍ത്തു വരുന്നു.
‘ദേഹോ ദേവാലയ പ്രോക്തഃ
ജീവോ ദേവഃ സദാശിവഃ’
യോഗാശാസ്ത്രഗ്രന്ഥമായ ‘കുളാര്‍ണവ തന്ത്ര’ത്തില്‍ പറയുന്നത്. ശരീരത്തെ ക്ഷേത്രമായി സങ്കല്പിച്ചാല് ജീവനാണ് ആ ക്ഷേത്രത്തിലെ ദേവചൈതന്യമെന്ന് സാരം. ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാണെന്നും ദേഹി അഥവാ ആത്മാവാണ് പരമപ്രധാനമെന്നും ഓര്‍മ്മപ്പെടുത്താനും ക്ഷേത്രദര്‍ശനം പ്രയോജനപ്പെടും.
വിഗ്രഹങ്ങളിലാവാഹിച്ചെടുക്കുന്ന ചൈതന്യങ്ങളെ അചേതനങ്ങളെന്നു മുദ്രകുത്തുന്നതില്‍ അര്‍ഥമില്ല. വിഗ്രഹങ്ങള്‍ വെറും കല്ലും ലോഹങ്ങളും മാത്രമല്ല. അഭൗമമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണ് അവയെന്ന് ശാസ്ത്രം പോലും അംഗീകരിക്കുന്നുണ്ട്. തന്ത്രവിധി പ്രകാരം അവയിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിച്ച് മനുഷ്യകുലത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു നമ്മുടെ പൂര്‍വികര്‍.
‘വിശേഷാല്‍ ഗ്രഹിക്കുന്നതെ’ന്നാണ് വിഗ്രഹമെന്ന വാക്കിനര്‍ഥം. ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് വിഗ്രഹങ്ങളെന്ന ധാരണ തെറ്റാണ്. മനുഷ്യന് അവന്റെ തന്നെ രൂപത്തില്‍ അല്ലെങ്കില്‍ പ്രതിഛായയില്‍ വിഗ്രഹങ്ങളിലൂടെ ഈശ്വരനെ കാണുന്നുവെന്നാണ് സങ്കല്പം.
ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയകൂടി ക്ഷേത്രങ്ങളില്‍ നിക്ഷിപ്തമാണ്. വിഗ്രഹങ്ങളും ദീപവും നമ്മുടെ കണ്ണുകളെയും ചന്ദനം, ചന്ദനത്തിരി എന്നിവയുടെ സുഗന്ധം നാസാരന്ധ്രങ്ങളെയും തീര്‍ഥവും പ്രസാദവും നാവിനേയും മന്ത്രധ്വനികളും മണിനാദവും ചെവികളേയും ഭസ്മചന്ദന ലേപനങ്ങള്‍ ത്വക്കിനേയും ലൗകികകാര്യങ്ങളില്‍ നിന്നകറ്റി ഈശ്വര ചൈതന്യത്തിലേക്ക് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നു.
പ്രതിഷ്ഠയിലെ ചൈതന്യത്തെ ശരീരത്തിലേക്ക് ആവാഹിക്കാനും പ്രത്യേകചിട്ടകളുണ്ട്. ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും മുമ്പ് കുളിച്ച് ശരീരശുദ്ധി വരുത്തണം. അതുപോലെ ശുദ്ധമാകണം മനസ്സും. ധരിക്കുന്ന വസ്ത്രങ്ങളും വൃത്തിയുള്ളതാവണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: