തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി ആവിഷ്‌കരിച്ച ‘സമ്പുഷ്ട കേരളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐസിഡിഎസ്-സിഎഎസ് സോഫ്റ്റുവെയര്‍ ഉദ്ഘാടനവും നാളെ വൈകിട്ട് 3ന് ജവഹര്‍ സഹകരണ ഭവനില്‍ നടക്കും.
ചടങ്ങില്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി മുഖ്യാതിഥിയായിരിക്കും. ഐഎല്‍എ മൊഡ്യൂളുകളുടെ പ്രകാശനം കേന്ദ്രമന്ത്രി നിര്‍വഹിക്കുകയും പോഷന്‍ അഭിയാന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. ഫോര്‍ട്ടിഫൈഡ് ന്യൂട്രിമിക്സ് വിതരണോദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, സമ്പുഷ്ടീകരിച്ച മില്‍മ പാല്‍ വിതരണോദ്ഘാടനം വനം, മൃഗ സംരക്ഷണ മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ നിര്‍വഹിക്കും.
















