ഇന്ന് കേരളം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു തീവ്രവാദ പരിശീലന കേന്ദ്രവും റിക്രൂട്ട്‌മെന്റ് കേന്ദ്രവുമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദികളുടെ പരിശീലനവും റിക്രൂട്ട്‌മെന്റും പലപ്രാവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴും കേരളത്തില്‍ അങ്ങനെയൊന്നുമില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു ഉമ്മന്‍ ചാണ്ടി, പിണറായി സര്‍ക്കാരുകള്‍. അക്ഷരാര്‍ത്ഥത്തില്‍ മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ട് തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് അവര്‍ എടുത്തിരുന്നത്. സാമ്പത്തികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറിയ മുസ്ലിം സമുദായത്തില്‍പ്പെട്ട ബഹുഭൂരിപക്ഷം ആളുകളും തീവ്രവാദത്തിന്റെ വളര്‍ച്ചയില്‍ ആശങ്കാകുലരാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദികള്‍ മുസ്ലിം വോട്ടുബാങ്കിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഇത്തരം നയം ഗുണം ചെയ്യില്ലെന്ന വസ്തുത ഈ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മനസിലാക്കിയിട്ടില്ല അല്ലെങ്കില്‍ അവര്‍ക്ക് മറ്റുപല ഉദ്ദേശങ്ങളും ഉണ്ടാകാം. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ മാത്രമാണ് തീവ്രവാദവും അക്രമവും വളര്‍ത്തി നമ്മുടെ നാടിനെ ഒരു സംഘര്‍ഷഭൂമിയാക്കി മാറ്റിയത്.
കേരളത്തില്‍ ഏതുസമയവും അക്രമത്തില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമായ 6,000 പേര്‍ അടങ്ങുന്ന തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ശ്രീലങ്കയില്‍ കൃസ്ത്യന്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുനടന്ന അതിഭീകരമായ തീവ്രവാദ ആക്രമണത്തിന്റെ ആസൂത്രണവും പരിശീലനവും നടന്നത് കേരളത്തിലാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
കേരളത്തിലെ നിഷ്‌ക്രിയവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളുമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേന കേരളം നേരിടുന്ന സുരക്ഷാഭീഷണിയേയും തീവ്രവാദ ആക്രമണങ്ങളേയും നേരിടാന്‍ തികച്ചും അപര്യാപ്തമാണ്. പിഎസ്‌സി ടെസ്റ്റില്‍ കൃത്രിമം കാട്ടി പോലീസില്‍ കടന്നുകൂടിയ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമാണ് ഇന്ന് കാക്കിയണിഞ്ഞ് നമ്മുടെ സുരക്ഷിതത്വം പന്താടുന്നത്. പോലീസ് മര്‍ദ്ദനത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ആത്മാഭിമാനമുള്ള ഒരാള്‍ക്കും കേരളാ പോലീസില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പോലീസുകാരാണ്.
പാര്‍ട്ടിക്കുവേണ്ടി സംഘര്‍ഷമുണ്ടാക്കാനും അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനും യുവജനങ്ങളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായി നമ്മുടെ കോളജുകള്‍ അധഃപതിച്ചു കഴിഞ്ഞു. എസ്എഫ്‌ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ അദ്ധ്യയനത്തിലല്ല മറിച്ച് അക്രമത്തിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. ഇത് മറ്റാരുമല്ല ആ സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഇത്തരം അക്രമികളെ സഹായിക്കാനായി സര്‍ക്കാരും സര്‍വ്വകലാശാലകളും കോളജ് പ്രിന്‍സിപ്പല്‍മാരും അദ്ധ്യാപകരും പ്രവര്‍ത്തിക്കുന്നു എന്നത് കേരളത്തിലെ ഭാവി തലമുറയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ശബരിമല ആചാരലംഘനത്തിനെതിരേ നടന്ന ബഹുജന പ്രക്ഷോഭത്തെ നിഷ്ഠൂരം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു. അയ്യപ്പഭക്തയായ ഒരു യുവതിപോലും ആചാരം ലംഘിച്ച് ശബരിമലക്ക് പോകാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ക്ഷേത്രവിശ്വാസികളെ അപമാനിക്കാനും ആചാരലംഘനത്തിനുമായി ആക്ടിവിസ്റ്റുകളായ യുവതികളെ ശബരിമല കയറ്റാന്‍ തയ്യാറാക്കി പോലീസ് അകമ്പടിയോടെ കൊണ്ടുവന്നത് ആര്‍ക്കുവേണ്ടിയായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പന്മാരെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞതും വൃത്തിഹീനമായ സ്ഥലങ്ങളില്‍ വിരിവയ്‌ക്കേണ്ടതായി വന്നതും ആരെ തൃപ്തിപ്പെടുത്താനായിരുന്നു. ശബരിമല ക്ഷേത്രപരിസരത്ത് ശരണം വിളിക്കുന്നവരെ അറസ്റ്റുചെയ്ത് ജയ്‌ലില്‍ അടച്ചത് ആര്‍ക്കും മറക്കാനാകില്ല. ഹിന്ദു ആചാരങ്ങളെ അധിക്ഷേപിക്കുന്നതും ഭക്തജനങ്ങളെ അവഹേളിക്കുന്നതും സിപിഎമ്മിന്റെ വിനോദമായിരുന്നില്ലേ. ക്ഷേത്രത്തില്‍ ഈറനുടുത്ത് ദര്‍ശനത്തിന് പോകുന്ന അമ്മമാര്‍ പുരുഷന്മാരെ ആകര്‍ഷിക്കാനാണ് ക്ഷേത്രത്തില്‍ പോകുന്നതെന്ന ആഭാസപ്രയോഗം നടത്തിയ സ്ത്രീ നയിക്കുന്ന പ്രസ്ഥാനത്തിന് എന്ത് മാന്യതയാണ് ജനം കല്പിക്കേണ്ടത്.
ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും തകര്‍ത്ത്, ക്ഷേത്രങ്ങളെയും ഹിന്ദുധര്‍മ്മത്തെയും ഇല്ലാതാക്കി, അതുവഴി പാര്‍ട്ടി വളര്‍ത്താമെന്ന വ്യാമോഹം പാടേ തകര്‍ന്നടിഞ്ഞപ്പോള്‍ പുതിയ അടവുമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം സംസ്ഥാന സമിതി ശ്രമിക്കുന്നത്. വിശ്വാസികള്‍ ജാതി-രാഷ്‌ട്രീയ ചിന്തകള്‍ക്ക് അതീതമായി സംഘടിച്ചതിന്റെ ഫലമായി, സ്വന്തം കാലിന്റെ അടിയില്‍നിന്ന് മണ്ണൊലിച്ച് പോകുന്നു എന്ന് മനസിലാക്കിയപ്പോള്‍ അതിന് തടയിടാനായി എടുത്ത തന്ത്രങ്ങളാണ് ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ കേട്ടത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം അധരവ്യായാമങ്ങള്‍ കേരളത്തില്‍ ചിലവാകില്ല. ശബരിമല വിഷയത്തില്‍ പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ച നടപടികള്‍ വിശ്വാസി സമൂഹം ഒരിക്കലും മറക്കുകയുമില്ല പൊറുക്കുകയുമില്ല. ബംഗാളിലും തൃപുരയിലും തകര്‍ന്നടിഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ താങ്ങിനിര്‍ത്തുന്നത് അന്ധമായി പാര്‍ട്ടിയെ വിശ്വസിക്കുകയും അതോടൊപ്പം പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുടെ ഗുണഭോക്താക്കളായ ആളുകളുമാണ്.
കേരളത്തിലെ മിക്കവാറും എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം താറുമാറായി. പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച പണം വകമാറ്റി ചിലവഴിക്കുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ബലമായി സമാഹരിച്ച പണം അനധികൃതമായി കൈവശം വെക്കുന്നു, പ്രളയത്തിന്റെ ദുരിതത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ മേല്‍ പുതിയ നികുതി അടിച്ചേല്‍പ്പിക്കുന്നു. ശതകോടികള്‍ മുടക്കി പണിത പാലം ഒരു വര്‍ഷത്തിനുള്ളില്‍ തകരുന്നു. പൊതുമരാമത്ത് വകുപ്പ് പണിതുകൊണ്ടിരിക്കുന്ന പാലങ്ങളില്‍ വേണ്ടത്ര കമ്പിയും സിമന്റും ഉപയോഗിക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് ചെയ്ത എഞ്ചിനീയറെ സസ്‌പെന്റ് ചെയ്യുന്നു. പണിയില്‍ പിഴവുണ്ടെന്ന് കണ്ട് പണി നിര്‍ത്തിവെക്കുന്നു. വകുപ്പ് മന്ത്രിക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. അദ്ദേഹം കവിതയെഴുതുന്നതിന്റെയും ഹിന്ദു സംന്യാസിമാരുടെ അടിവസ്ത്രം പരിശോധിക്കുന്നതിന്റെയും തിരക്കിലാണ്. പ്രളയ സമയത്ത് ജീവന്‍ പണയപ്പെടുത്തി ജനങ്ങളെ സഹായിച്ച മത്സ്യതൊഴിലാളികളുടെ വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകരുകയും കാലവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനു പോകാന്‍ സാധിക്കാതെ പട്ടിണി കിടക്കേണ്ടി വരുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി മാറുന്നു.
ദുരന്തമുഖത്ത് ദുരിതം അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് സഹായത്തിനായി സ്വരൂപിച്ച പണം ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കി പലിശ തിന്നുന്നു സര്‍ക്കാര്‍. പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ശമ്പളം നല്‍കി ആവശ്യമില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് സ്വന്തക്കാരെ നിയമിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തിയെ കാബിനെറ്റ് റാങ്കില്‍ നിയമിച്ച് ദല്‍ഹിയില്‍ കുടിയിരുത്തുന്നു. സാമ്പത്തികമായി തകരുകയും ജീവനും സ്വത്തിനും ഭീഷണി ഉയരുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കാതെ പലായനം ചെയ്യേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.
പക്ഷേ അത്തരം സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചും വരുന്ന തലമുറകളെക്കുറിച്ചും ചിന്തിക്കുന്ന ജനങ്ങള്‍ ഒന്നിച്ചുനിന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കും. ശബരിമല ആചാരലംഘനത്തിന് എതിരായി നമ്മള്‍ ഉണ്ടാക്കിയ കൂട്ടായ്‌മ പോലെ ശക്തമായ ഒരു കൂട്ടായ്‌മയിലൂടെ നമുക്ക് കേരളത്തെ രക്ഷിക്കാനാകും. അതിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം.
















