”ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ” എന്നു വിളിച്ചുനടന്ന ഒരു കാലമുണ്ടായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക്. അവരത് മൊത്തം ഇന്ത്യക്കാരെക്കൊണ്ടും വിളിപ്പിക്കാന്‍ ശ്രമിച്ചു. നേരെചൊവ്വെ അതിനു സാധിക്കില്ലെന്ന് വന്നതോടെ ഭരണഘടനാസ്ഥാപനത്തെ കൂട്ടുപിടിച്ച് അടിയന്തരാവസ്ഥയെന്നൊരു ‘മയക്കുമരുന്ന്’ പ്രയോഗിച്ചു. വാസ്തവത്തില്‍ ഇന്ദിരയെ ഇന്ത്യയാക്കാനും ഇന്ത്യയെ ഇന്ദിരയാക്കാനും ഇറങ്ങിപ്പുറപ്പെട്ടത് ഒരു കുടുംബത്തിന്റെ കൈകളിലേക്ക് ഈ മഹാരാജ്യത്തെ തീറെഴുതിക്കൊടുക്കാനായിരുന്നു. ശരാശരി കോണ്‍ഗ്രസുകാരന്റെ ഉള്ളില്‍ ഇന്നും നുരച്ചുപൊങ്ങുന്നത് ആ ഇന്ദിരാകാലഘട്ടമാണ്. രാജ്യത്തെ കൊലയറയാക്കിയും പാര്‍ട്ടിക്കും നേതാവിനും മുന്നേറാനുള്ള അവസരം ഉണ്ടാവണമെന്നാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നത്.
ആ നികൃഷ്ടചിന്തയുടെ അടിവേരറുക്കുന്ന പ്രവര്‍ത്തനപദ്ധതിയുമായാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണകൂടം മുന്നേറുന്നത്. അതില്‍ ബിജെപിക്കുള്ള സ്ഥാനം എത്രകണ്ട് പ്രമുഖമാണെന്ന് ഇവിടുത്തെ സാധാരണക്കാര്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. അത്തരം സാധാരണക്കാരുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനമാണ് ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കുമുള്ളത്. ഇതുകണ്ട് ആകെ ഹാലിളകിയ കോണ്‍ഗ്രസ് നേതൃനിരയിലെ ഒരുവിഭാഗം നരേന്ദ്രമോദിക്കെതിരെ കിട്ടാവുന്ന അമ്പുകള്‍ മുഴുവന്‍ ശേഖരിച്ച് എയ്തുവിടുകയാണ്. ഓരോ അമ്പും തങ്ങളുടെ ഇച്ഛക്കൊത്ത് കൊള്ളുമെന്ന് കരുതുമ്പോള്‍ അതൊക്കെ പൂക്കളായി പരിണമിക്കുന്ന അനുഭവമാണുള്ളത്. ലോകരാജ്യങ്ങള്‍ മോദിയെ ആദരിച്ച് ബഹുമാനിക്കുന്ന വാര്‍ത്തകളാണ് ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു.
കോണ്‍ഗ്രസില്‍തന്നെ വകതിരിവുള്ള നേതാക്കള്‍ വസ്തുതകള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അഭിഷേക് സിങ്വി മുതല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ വരെ അതില്‍പെടുന്നു. ഇന്ത്യന്‍ ഭരണാധികാരിയെ കണ്ണുംപൂട്ടി വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ നല്ലവശങ്ങള്‍ കാണണമെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. വസ്തുതകളെ വസ്തുതകളായി കണ്ടുകൊണ്ടുള്ളതാവണം സാമൂഹികപ്രവര്‍ത്തനമെന്ന കാഴ്ചപ്പാടാണ് അത്തരം നേതാക്കള്‍ക്കുള്ളത്. എന്നാല്‍ ഏതിലും രാഷ്ട്രീയ ദുഷ്ടലാക്ക് കാണുന്ന ചിലര്‍ ചാട്ടവാറുമായി രംഗത്തിറങ്ങുകയാണ്. സത്യം പറയുന്നവന്റെ വായ്മൂടിക്കെട്ടാന് പണ്ട് ഇന്ദിരാഗാന്ധി നടത്തിയ രാഷ്ട്രീയാഭാസത്തിനാണ് അത്തരക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
‘ആദ്യം രാജ്യം രാഷ്ട്രീയം പിന്നെ’ എന്ന കാഴ്ചപ്പാടുള്ള നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്നതിലൂടെ രാക്ഷസീയ മനോഭാവമാണ് കോണ്‍ഗ്രസിനെന്ന് വ്യക്തമാക്കപ്പെടുകയാണ്. ഇത്തരം പ്രവണതകളാണ് രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതും പിറകോട്ടു വലിക്കുന്നതും. രാജ്യത്തെ കുടുംബസ്വത്താക്കി കച്ചവടം നടത്താനുള്ള അവസരം ഇല്ലാതായതിന്റെ ഇച്ഛാഭംഗമാണ് കേരളത്തിലെ കെ. മുരളീധരന്, ചെന്നിത്തല, മുല്ലപ്പള്ളി പ്രഭൃതികളുടെ വാക്കുകളില്‍ നിഴലിക്കുന്നത്. അവര്‍ക്കൊപ്പം ബെന്നിബഹനാന്, പ്രതാപന് എന്നിവരുമുണ്ട്. സാധാരണക്കാരുടെ ആശയും പ്രതീക്ഷയുമായ എന്‍ഡിഎ സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ടുപോയാല്‍ തങ്ങളുടെ കച്ചവടം എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറച്ചുവിശ്വസിക്കുന്ന രാഹുല്‍, പ്രിയങ്കമാര്‍ ദൂരക്കാഴ്ചയില്ലാത്ത നേതാക്കളിലൂടെ വിഷവിത്തെറിയുകയാണ്. രാജ്യതാല്‍പ്പര്യത്തേക്കാളുപരി കുടുംബ താല്‍പ്പര്യമുള്ളവര്‍ക്ക് അതല്ലേ ചെയ്യാനാവൂ.
മോദി അനുദിനം സൂര്യതേജസ്സോടെ മുന്നേറുന്നത് തടയാന്‍ അല്‍പ്പജ്ഞാനികളായ നേതൃമാന്യന്മാര്‍ക്ക് കഴിയില്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. കശ്മീര്‍ സംഭവഗതികളിലൂടെയും മറ്റും അങ്ങേയറ്റം മോദിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം വര്‍ദ്ധിതവീര്യവാനായി ജൈത്രയാത്ര നടത്തുകയാണ്. ലോകനേതാക്കള്‍ മോദിയുടെ സൗഹൃദം നെഞ്ചേറ്റുന്ന കാഴ്ചയാണെങ്ങും. നയതന്ത്രതലത്തില്‍ ഇന്ത്യ പ്രശോഭിത നിലയിലാണ്. മുമ്പെങ്ങുമില്ലാത്തവിധം രാജ്യം കുതിക്കുന്നു. ഇതിലൊക്കെ അസ്വസ്ഥരായവര്‍ നട്ടാല്‍ പൊടിക്കാത്ത നുണവിത്തുകളുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ സമൂഹമധ്യത്തില്‍ പരിഹാസ്യരാവുകയേയുള്ളൂ. കാര്യഗ്രഹണശേഷിയുള്ള നേതാക്കള്‍ സ്ഥിതിഗതികളിലെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് അഭിനന്ദനം ചൊരിയുന്നതുതന്നെ പാരമ്പര്യ പാര്‍ട്ടിയുടെ അജണ്ടാധിഷ്ഠിത രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ്. അത് മനസ്സിലാക്കാനുള്ള ആര്‍ജവം നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്കുണ്ടാവട്ടെ എന്നുമാത്രമേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: