കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിചാര പദ്ധതിയുടെ വിജയകാലമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗരത്തിലെ പൂര്‍ണഗണവേഷധാരികളായ സ്വയംസേവകരുടെ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആരംഭിച്ച ആദ്യ ഇരുപത് വര്‍ഷങ്ങള്‍ അവഗണനയുടെയും പിന്നീടുള്ള എഴുപതു വര്‍ഷങ്ങളില്‍ കടുത്ത എതിര്‍പ്പിന്റെയും കാലമായിരുന്നു. നിസ്സീമമായ ആത്മീയ മനോഭാവത്തോടെ സമൂഹത്തില്‍ നിരന്തരമായി പ്രവര്‍ത്തിച്ച് സംഘം മുന്നേറുകയായിരുന്നു.
വിരോധികളുടെ മനസ്സില്‍ പോലും സ്നേഹവും മമതയും സൃഷ്ടിക്കാന്‍ സംഘത്തിന് കഴിഞ്ഞു. സമ്പൂര്‍ണ സമര്‍പ്പണ മനോഭാവത്തോടെ സ്വയംസേവകര്‍ സമൂഹ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മാറ്റം സൃഷ്ടിക്കുകയായിരുന്നു. ഈ നിത്യസാധനയാണ് ഇന്നത്തെ വിജയത്തിനാധാരമായത്. അനുകൂല കാലാവസ്ഥയിലും ശ്രദ്ധയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിക്കേണ്ടത്. സമൂഹത്തെ വിഘടിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന ഭേദ ഭാവനകളെ അകറ്റി സമ്പൂര്‍ണ സമൂഹത്തെയും ഒന്നായി കാണാനുള്ള മനോഭാവം വളര്‍ത്തണം. വ്യക്തി പരിവര്‍ത്തനത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനത്തിന് ശ്രദ്ധയും കൂടുതല്‍ സമയവും നല്‍കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. ആര്. വന്നിയരാജന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്. മഹിപാല്‍ എന്നിവര്‍ പങ്കെടുത്തു. മഹാനഗര്‍ സഹകാര്യവാഹ് കെ. സര്‍ജിത്ലാല്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. കോഴിക്കോട്ടെ മൂന്നു ദിവസത്തെ വിവിധ പരിപാടികള്‍ക്ക് ശേഷം മോഹന്‍ ഭാഗവത് കോട്ടയത്തേക്ക് തിരിച്ചു. ഇന്ന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ. ഒ.എം. മാത്യു എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് അദ്ദേഹം മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: