‘ഇനി ചോദ്യക്കടലാസുകളും വിദ്യാര്‍ത്ഥിസൗഹൃദം’ എന്ന തലക്കെട്ടു കണ്ടപ്പോള്‍ പല സംശയങ്ങളും തോന്നി.
ഇത്രയുംകാലം ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരുന്നോ ‘വിദ്യാര്‍ത്ഥി വിരോധമായിരുന്നോ? അതൊ അദ്ധ്യാപക സൗഹൃദമായിരുന്നോ?
വാര്‍ത്തവായിച്ചതോടെ സംശയങ്ങള്‍ നീങ്ങി.
‘വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കും ഇത്തവണത്തെ ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍. പരീക്ഷയെ പേടിക്കാതെ ഉത്തരമെഴുതാന്‍ കഴിയുംവിധം ലളിതമായാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.’
‘ലളിത’ത്തിന്റെ ഔദ്യോഗിക വ്യാഖ്യാനം പിന്നാലെവരുമായിരിക്കും. ഇപ്പോള്‍ ആര്‍ക്കും ഇഷ്ടംപോലെ വ്യാഖ്യാനിക്കാം.
‘ഏതു വിദ്യാര്‍ത്ഥിക്കും ഉത്തരമെഴുതാവുന്ന ചോദ്യങ്ങള്‍’ എന്നാണ് ഒരു വിദ്യാഭ്യാസ പ്രവര്ത്തകന് വ്യാഖ്യാനിച്ചത്. ‘പേടിയുണ്ടാക്കാത്ത ചോദ്യങ്ങള്‍ എന്നാണ് ‘ലളിതം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. ചോദ്യക്കടലാസ് കൈയില്‍ കിട്ടുന്ന മാത്രയില്‍ പരീക്ഷാപ്പേടി പമ്പകടക്കുമത്രെ. ‘പരീക്ഷയും ചോദ്യക്കടലാസും വിദ്യാര്‍ത്ഥിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളാകാന്‍ ഇടയാകുന്ന ചോദ്യങ്ങള്‍’ എന്നാണ് മറ്റൊരു വ്യാഖ്യാനം. ലളിതത്തിന്റെ യഥാര്‍ഥ അര്‍ത്ഥം’ അറിയാന്‍ ഓണപ്പരീക്ഷവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.
‘മലയാളം പഠിപ്പിക്കാന്‍ മറുനാട്ടുകാര്‍ ‘എന്ന വാര്‍ത്ത മലയാളികളില്‍ പലരിലും കൗതുകമുണര്‍ത്തിയേക്കാം.
‘സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’ മലയാള പഠനപദ്ധതിയിലാണ് പരിശീലകരായി മറുനാട്ടുകാരെ നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട്ട് എട്ട് ഒഡിഷക്കാരെ നിയമിച്ചു. മറ്റുജില്ലകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മറുനാടന്‍ തൊഴിലാളിയുടെ പങ്കാളിത്തം കൂടിയതോടെയാണ് അവര്‍ക്കിടയില്‍നിന്നുതന്നെ പരിശീലകരെ കൊണ്ടുവരാനുള്ള ആലോചന വന്നത്’.
കേരളീയര്‍ എന്തിനും മറുനാട്ടുകാരെ ആശ്രയിക്കുന്ന കാലമാണിത്. മലയാളം അധ്യാപന രംഗത്തേയ്ക്കും മറുനാട്ടുകാര്‍ കടന്നുവരുന്നു.
എന്തായാലും മലയാളം പഠിക്കാന്‍ ഒട്ടേറെ മറുനാട്ടുകാര്‍ താത്പര്യം കാണിക്കുന്നതും പഠിപ്പിക്കാന്‍തക്ക പ്രാവീണ്യം അവരില്‍ പലരും നേടിയെന്നതും ഭാഷാസ്നേഹികള്‍ക്ക് ആഹ്ലാദമുണ്ടാക്കുന്നു. മറുനാടുകളിലും അവരിലൂടെ മലയാളം വളരട്ടെ.
ഒരു രാമായണചിന്തയില്നിന്ന്:
‘ദേവാസുരയുദ്ധത്തില്‍ ദേവപക്ഷത്തെ സഹായിക്കാനായി എത്തിയ ദശരഥമഹാരാജാവ് ഒരേസമയം പത്തുദിക്കുകളിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അസുരന്മാരോട് അടരാടിയതും ഇങ്ങനെ സര്‍വാഭിമുഖമായി തേര് ഉപയോഗപ്പെടുത്തിയതിന്റെ ഉലച്ചില്‍ തേര്‍ച്ചക്രത്തിന്റെ നടുവിലെ കീലം ഇളകി രഥം തകര്‍ന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കുംവരെ തേരിന്റെ കോട്ടം തീര്‍ത്തതും കൈകേയിയായിരുന്നു’.
എന്തിനാണ് വാക്യം ഇങ്ങനെ നീട്ടുന്നത്? അവസാന ഭാഗത്തെത്തുമ്പോഴേക്കും വായനക്കാര്‍ വിഷമിച്ചുപോകും. ഘടനശരിയല്ലാത്തതിനാല് ഇവിടെ അര്‍ത്ഥശങ്കയും അഭംഗിയും ഉണ്ടാകുന്നു. അടരാടിയതും തേരിന്റെ കോട്ടംതീര്ത്തതും കൈകേയി ആണെന്നുതോന്നും. ഇത് രണ്ടുവാക്യങ്ങളാക്കിയാല് അര്‍ത്ഥശങ്ക ഒഴിവാകുകയും വായനാക്ലേശം കുറയുകയും ചെയ്യും. ആദ്യഭാഗം ‘അടരാടി’ എന്നിടത്ത് അവസാനിപ്പിക്കാം.
ചേര്ത്തെഴുതണമെന്ന നിര്‍ബന്ധമാണെങ്കില്‍, അവസാന ഭാഗം ‘രഥം തകര്‍ന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ കൈകേയി സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കുംവരെ തേരിന്റെ കോട്ടം തീര്‍ത്തതും പ്രസക്തമാണല്ലോ’ എന്ന മട്ടില്‍ തിരുത്തണം. എങ്കിലേ ഘടന ശരിയാകൂ.
പിന്കുറിപ്പ്:
ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും നല്കിയാല് ചോദ്യക്കടലാസ് കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: