നിലമ്പൂരിനെ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മലയിടിച്ചിലും തകര്‍ത്തെറിഞ്ഞ നിമിഷം മുതല്‍ രാപകലില്ലാതെ സഹായ ഹസ്തവുമായി അവരുണ്ട്. 59 പേരെ മണ്ണിനടിലേക്ക് താഴ്ത്തിയ കവളപ്പാറ ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയതും അവരാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ പാതാറിലും ഒറ്റപ്പെട്ട അമ്പുട്ടാന്‍പൊട്ടിയിലും ശാന്തിഗ്രാമിലുമെല്ലാം അവരുടെ കരുതല്‍ ഓടിയെത്തി.
ക്യാമ്പുകളില്‍ ഭക്ഷണമെത്തിക്കാനും വൈദ്യസഹായമെത്തിച്ചും വസ്ത്രവും കുടിവെള്ളവുമൊരുക്കിയും കൈത്താങ്ങായി. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ഉറ്റവരും ഉടയവരുമില്ലാത്തവരെ എല്ലാ വിധ ആചാരങ്ങളോടും കൂടി സംസ്കരിക്കാനും അവരേ ഉണ്ടായുള്ളൂ.
പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ കുത്തിയൊലിക്കുന്ന പുഴയെതോല്പ്പിച്ച് നടപ്പാലമൊരുക്കി. എല്ലാം നഷ്ടപ്പെട്ട വയോധികന് താത്കാലിക വീട് നിര്‍മ്മിച്ച് നല്കി. ആരും എത്താത്തിടങ്ങളിലെല്ലാം സേവാഭാരതിയുടെ കാരുണ്യം ഒഴുകിയെത്തി. അതുകൊണ്ടാണ് കൃത്യതോടെ, കാര്യക്ഷമതയോടെ അണിനിരന്ന സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ദുരിതബാധിതര്‍ നിറകണ്ണുകളോടെ സാക്ഷ്യപ്പെടുത്തുന്നു, സേവാഭാരതിയാണ് യഥാര്‍ത്ഥ സേവകരെന്ന്.
ദുരന്തഭൂമിയായ പാതാര്‍ ഗ്രാമം
ആഗസ്ത് നാലുമുതലുള്ള മഴയില്‍ പുഴകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരുന്നു. സേവാഭാരതിയുടെ പ്രവര്‍ത്തകരെല്ലാം പതിവുപോലെ ഓരോ ഇടങ്ങളിലെയും ആള്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ആഗസ്ത് അഞ്ച്മുതല്‍ മഴ കൂടുതല്‍ ശക്തമായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍ ടവറുകള്‍ ഓഫായി. ആഗസ്ത് ഏഴുമുതല്‍ സ്ഥിതി കൂടുതല്‍ വഷളായി. ഉച്ചയോടെ പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. പ്രവര്‍ത്തകര്‍ ആള്‍ക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഉച്ചയോടെ പാതാറിന് മുകളില്‍ മലയിടുക്കില്‍ എവിടെയോ ഉരുള്‍പൊട്ടി. മലവെളളത്തോടൊപ്പം ആര്‍ത്തിരമ്പിയെത്തിയ വലിയ പാറക്കല്ലുകളും വന്‍ മരങ്ങളും പാതാര്‍ എന്ന ഗ്രാമത്തെ തകര്‍ത്തെറിഞ്ഞു. ചാലിയാര്‍ പുഴ ഉഗ്രരൂപിണിയായി. അമ്പട്ടാന്പൊട്ടിയിലും കവളപ്പാറയിലും ശാന്തിഗ്രാമിലുമെല്ലാം ക്രമാതീതമായി വെള്ളം കയറി. ആയിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലേക്ക്. ഈ സമയമാണ് കനങ്കയം പാലം ഉള്‍പ്പെടെ മൂടിക്കൊണ്ട് കവളപ്പാറ ഒറ്റപ്പെടുന്നത്. ആരുമായും ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ല. രാത്രി ഏഴരയോടെ മുത്തപ്പന്‍കുന്ന് എന്ന വന്മലയുടെ ഒരുഭാഗം ഉഗ്രശബ്ദത്തോടെ താഴേക്ക് പതിച്ചു. നിലവിളികള്‍പോലും ആ മണ്ണിനടിയില്‍ ഞെരിഞ്ഞമര്‍ന്നു.
ആഗസ്ത് എട്ടിന് രാവിലെയാണ് കവളപ്പാറയിലെ ദുരന്തം പോലും പുറം ലോകം അറിയുന്നത്. ബിജെപിയുടെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് ഉപ്പടയാണ് ആദ്യം എത്തുന്നത്. വന്‍ മരങ്ങള്‍ അടിഞ്ഞ് പാലം മൂടപ്പെട്ടുപോയി. സുധീഷ് അറിയിച്ചതനുസരിച്ച് സേവാഭാരതി പ്രവര്‍ത്തകരും എത്തി. സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ച ജെസിബികൊണ്ട് തടസ്സങ്ങള്‍ നീക്കി എത്തുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി അറിയുന്നത്. പിന്നീടങ്ങോട്ട് സേവാഭാരതി എന്ന മഹാപ്രസ്ഥാനത്തിന്റെ കാരുണ്യസ്പര്‍ശം നിലമ്പൂരിലേക്ക് ഒഴുകുകയായിരുന്നു.
മൃതദേഹം കണ്ടെടുക്കലും സംസ്കരിക്കലും
കവളപ്പാറയിലെ ഏറ്റവും വലിയ ദൗത്യമായിരുന്നു മൃതദേഹം കണ്ടെടുക്കല്‍. ദുരന്ത നിവാരണ സേനയും പോലീസും ഫയര്‍ഫോഴ്സും എത്തുന്നതിന് മുമ്പ് ആദ്യം കണ്ടെടുത്ത എട്ട് മൃതദേഹങ്ങളം പുറത്തെടുത്തത് സേവാഭാരതി പ്രവര്‍ത്തകരാണ്. ഉറ്റവരില്ലാത്ത മൃതദേഹങ്ങളെ പുറത്തെടുത്ത് വൃത്തിയാക്കി. അവയെ ആചാരപൂര്‍വ്വം സൗജന്യമായി സംസ്കരിച്ചതും സേവാഭാരതിയുടെ നേതൃത്വത്തിലാണ്. സൈനികന് വിഷ്ണുവിന്റെ ഉള്‍പ്പെടെ 42 മൃതദേഹങ്ങള്‍ സേവാഭാരതിയും ഇടക്കര ശ്മശാന സമിതിയും ചേര്‍ന്ന് സംസ്കരിച്ചു. ഇതിനിടയില്‍ നിരവധി സംഘടനകള്‍ രംഗത്തേക്ക് വന്നെങ്കിലും സേവാഭാരതി പ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവത്തിന് മുന്നില്‍ അവര്‍ മുട്ടുകുത്തി. മണ്ണ് മാന്തിയന്ത്രങ്ങള്‍ മണ്ണിലേക്ക് ആഴ്ന്നുപോകുമ്പോള്‍ അവ ഉയര്‍ത്താനും അതിനുള്ള മരങ്ങള്‍ എത്തിക്കാനും മുന്നില്‍ സേവാഭാരതി തന്നെ. മൃതദേഹങ്ങള്‍ അഴുകിയ രൂക്ഷ ഗന്ധത്തെയും ഇടിഞ്ഞുവീഴാറായി നില്ക്കുന്ന കുന്നിനെയും അവഗണിച്ച് ഇപ്പോഴും ശവശരീരങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയാണവര്‍.
ഒഴുക്കിനെതിരെ നീന്തി ശീലിച്ചവര്‍
കവളപ്പാറ ദുരന്തത്തേക്കാള്‍ ഭയാനകമാണ് ചാലിയാര്‍ പുഴയിലൂടെ ഉരുള്‍പൊട്ടി വന്ന മലവെള്ളവും കല്ലും മണ്ണും മരവും നാശം വിതച്ചത്. പാലങ്ങള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഒറ്റപ്പെട്ടത് നിരവധി ഗ്രാമങ്ങളാണ്. നൂറുകണക്കിന് പേര് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ടു. അതില്‍ പ്രധാനപ്പെട്ട സ്ഥലമാണ് പാതാറിലെ അതിരുവെട്ടി ഗ്രാമം. കോണ്‍ക്രീറ്റ് പാലം തകര്‍ന്നതോടെ അതിരുവെട്ടിക്കാര് പൂര്‍ണമായും ഒറ്റപ്പെട്ടു. ഭക്ഷണംപോലും കിട്ടാത്ത അവസ്ഥ. കുത്തി ഒലിക്കുന്ന പുഴ കടക്കാനാകുന്നില്ല. പക്ഷെ ഒഴുക്കിനെതിരെ നീന്തുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കുത്തിയൊലിച്ച പുഴയും മെരുങ്ങി. ഒഴിക്കില്‍പ്പെട്ട് എത്തിയ മരങ്ങള്‍ കൊണ്ട് തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ നടപ്പാലം ഉണ്ടാക്കി. ഭക്ഷണവും മരുന്നും അവര്‍ അക്കരെ എത്തിച്ചു. അതിരുവീട്ടിയില്‍ മാത്രമല്ല തകര്‍ന്ന പാലങ്ങള്‍ക്ക് പകരം നിരവധി ഇടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നടപ്പാലം നിര്മ്മിച്ചുനല്കി.
രക്തത്തിലലിഞ്ഞ ശുചീകരണം
മണ്ണും കല്ലുംനിറഞ്ഞ വീടുകള്‍, മദ്രസകള്‍, അമ്പലങ്ങള്‍, പള്ളികള്‍ ഒക്കെ സേവാഭാരതി പ്രവര്‍ത്തകര്‍ നിമിഷ നേരം കൊണ്ട് വൃത്തിയാക്കുകയാണ്. രണ്ടുമീറ്റര്‍ ഉയരത്തില്‍ വരെ അടിഞ്ഞ ചെളിയും മണ്ണും സേവാഭാരതിയുടെ കൈകോര്‍ക്കലില്‍ നിഷ്പ്രഭമായി. കക്കൂസും ടോയ്ലെറ്റും അവര്‍ വൃത്തിയാക്കി. മണ്ണ് നീക്കുക മാത്രമല്ല വീടുമുഴുവന്‍ കഴുകി അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയശേഷമാണ് ഉടമസ്ഥന് കൈമാറുന്നത്. മാത്രമല്ല വീട്ടാവശ്യത്തിനുള്ള പാത്രങ്ങളും സാധന സാമഗ്രികളുമെല്ലാം പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കി. വെറുതെ എത്തിക്കുകയല്ല; ആവശ്യമുള്ളവ എന്തെന്ന് തിരക്കി അവയൊക്കെ എത്തിച്ച് നല്കി. ശാന്തിഗ്രാമിലെ പഞ്ചായത്ത് കൊടുത്ത വീട് വൃത്തിയാക്കി നല്കുമ്പോള് റംലത്തും രണ്ട് പെണ്മക്കളും നിറകണ്ണുകളോടെയാണ് നന്ദി പറഞ്ഞത്. സ്ത്രീകളും പെണ്‍കുട്ടികളും അഭയംപ്രാപിച്ച പൂളക്കുളം മദ്രസയില്‍ 10 താത്കാലിക കക്കൂസുകള്‍ നിര്‍മ്മിച്ച് നല്കി. നിരവധി റോഡുകള്‍ വൃത്തിയാക്കി. വിദ്യാനികേതന്‍ സ്കൂളുകളുടെ നേതൃത്വത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്തു. മാത്രമല്ല ചെളിവെള്ളം ഇറങ്ങിയ നൂറുകണക്കിന് കിണറുകളാണ് സേവാഭാരതി സ്വന്തം ചെലവില്‍ ശുചീകരിച്ച് നല്‍കുന്നത്.
അമ്പുട്ടാന്‍പൊട്ടിയില്‍ ചാലിയാര്‍ കരകവിഞ്ഞപ്പോള്‍ 69 കാരനായ കുട്ടപ്പനാശാരിക്ക് നഷ്ടമായത് അന്തിയുറങ്ങാന്‍ ആകെയുണ്ടായിരുന്ന ഷെഡാണ്. ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടതോടെ എവിടെപ്പോകുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് പൊന്നാനിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തുന്നത്. കവുങ്ങുകള്‍ മുറിച്ചെടുത്ത് തകരഷീറ്റുകള്‍ മേഞ്ഞ് പഴയതിനേക്കാള്‍ മനോഹരമായ വീടൊരുക്കി. മാത്രമല്ല വീട്ടുപകരണങ്ങളും സാധനങ്ങളും എത്തിച്ചുനല്‍കി. നിറഞ്ഞ കണ്ണുകളും കൂപ്പുകയ്യുമായി കുട്ടപ്പനാശാശി എത്തിയപ്പോള്‍ ‘ഞങ്ങള്‍ കണ്ടത് ഞങ്ങളുടെ മാതാപിതാക്കളെയാണ്’ എന്ന മറുപടിയാണ് പ്രവര്‍ത്തകര്‍ നില്‍കിയത്.
ആദ്യഘട്ടം നല്‍കിയത് ഒരുലക്ഷം കിറ്റുകള്‍
നിലമ്പൂരിന് കൈത്താങ്ങാകാന്‍ സേവാഭാരതിയുടെ പതിനയ്യായിരത്തോളം പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. പ്രളയ ദിവസം മുതല്‍ പ്രാദേശിക തലത്തിലെ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ കൈകോര്‍ത്തു. ദുരന്തത്തിന് പിറ്റേ ദിവസം മുതല്‍ ഓരോ ദിവസവും അറുനൂറിലധികം പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. സേവാഭാരതിക്ക് കീഴില്‍ ഡോക്ടര്‍മാരും ആംബുലന്‍സും സേവനത്തിനിറങ്ങി. മെഡിക്കല്‍ ക്യാമ്പുകള്‍ ഇപ്പോഴും നടന്നുവരുന്നു. ഓരോ പ്രദേശത്തിനും ഓരോവീടിനും ആവശ്യമുള്ളത് എന്തെന്ന് അറിഞ്ഞുള്ള പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ 6550 വീടുകളിലായി 32750 കിറ്റുകളാണ് നല്‍കിയത്. പത്ത് കിലോ അരിയും പയറും പഞ്ചസാരയും ഉപ്പും തേയിലയും അടങ്ങുന്ന കിറ്റുകള്‍. രണ്ടാംഘട്ടം നല്കിക്കൊണ്ടിരിക്കുന്നു. വീട്ടുപകരണങ്ങള്‍ വേണ്ടവര്‍ക്ക് അതും എത്തിച്ച് നല്‍കുന്നുണ്ട്. വണ്ടൂരിലെ പ്രധാന സംഭരണ കേന്ദ്രത്തിലും ചുങ്കത്തറയിലെയും നിലമ്പൂരിലെയും സബ്സെന്ററുകളിലുമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ബാലഗോകുലം കൂട്ടുകാര്‍ മുതല്‍ അമ്മമാര്‍വരെ ജാതിഭേദമില്ലാതെ സാധനങ്ങള്‍ കിറ്റുകളിലാക്കാനും ഭക്ഷണം ഒരുക്കാനും മുന്‍നിരയിലുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റ് സംഘടനകള്‍ക്കും ജില്ലാ ഭരണകൂടത്തിനും ലഭിക്കാത്ത വിധം സേവാഭാരതിയെ നിലമ്പൂരുകാര്‍ നെഞ്ചിലേറ്റുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: