പ്രപഞ്ചത്തോളം വളരുന്ന മാനവ ചേതനയാണ് ശ്രീകൃഷ്ണന്. കൃഷ്ണന്റെ ചിത്രം വരയ്ക്കുമ്പോള്‍ അത് വിശ്വപ്രകൃതിയുടെ ചിത്രമായി തീരുന്നു. കുന്നും പുഴയും കന്നും കിടാവും പീലിക്കതിരും ഓടക്കുഴലുമൊക്കെയുള്ള ചരാചര പ്രപഞ്ചമായി അത് വികസിക്കുന്നു. അമ്പാടിയില്‍ വച്ച് യശോദയും കുരുക്ഷേത്രത്തില്‍ വച്ച് അര്‍ജുനനും ആ വിശ്വരൂപം നേരിട്ടു ദര്‍ശിച്ചു. ‘ഈശാവാസ്യമിദം സര്‍വം’ എന്ന സൂക്തത്തിന്റെ പ്രത്യക്ഷ വ്യാഖ്യാനമാണ് ആ വിശ്വരൂപം. ഒന്നിനേയും മാറ്റി നിര്‍ത്താതെ ഏവരേയും തന്നിലേക്കിണക്കുന്ന മഹാസ്നേഹമാണ് കൃഷ്ണന്. കുബ്ജയ്ക്കും കുചേലനും കുന്തീമാതാവിനും ആ സ്നേഹാനുഗ്രഹം സിദ്ധിച്ചു.
കൂപത്തില്‍ പതിച്ച ഓന്തിനു പോലും അത് അതിജീവനമന്ത്രമായി. ദീനയായ ദ്രൗപതിക്കു മുമ്പില്‍ അന്നമായും വസ്ത്രമായും ആ സ്നേഹം അവതരിച്ചു. മണ്കുടിലിലെ ഗോപികയ്ക്കും രാജസൂയസ്നാതനായ ചക്രവര്‍ത്തിക്കും എല്ലാം തുറന്നു പറയാനുള്ള ചങ്ങാതിയായി. അഭിപ്രായ ഭേദങ്ങള്‍ മറന്ന് അക്രൂരനും സാത്യകിയും സത്രാജിത്തും ഉദ്ധവരും സുസംഘടിതരായി. രാഷ്ട്രീയ ശത്രുവിന്റെന ഭവനത്തില്‍ ആയുധമില്ലാതെ ഒറ്റയ്ക്കു ചെല്ലാമെന്ന സ്വാതന്ത്ര്യമുണ്ടായി. അതിരുകളില്ലാത്ത കൃഷ്ണസ്നേഹത്തിന്റെ അടയാളങ്ങള്‍ അങ്ങനെ നീളുന്നു.
നമുക്ക് ചുറ്റും മതിലുകള്‍ വളരുകയാണിന്ന്. ഭേദചിന്തകളുടെ വന്മതിലുകള് മനസ്സില്‍ പൊന്തുകയാണ്. സ്വാര്‍ഥത ഭയാനകമാം വിധം പെരുകിയിരിക്കുന്നു. മലയും പുഴയും തിന്നു തീര്‍ത്ത് ഒടുവില്‍ മനുഷ്യനെ തന്നെ വാരിവിഴുങ്ങുവാന്‍ വാ പിളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളെ വെറുപ്പാക്കി വളര്‍ത്തുന്നു. ഇവിടെയാണ് ഉപാധികളില്ലാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ശ്രീകൃഷ്ണസ്നേഹത്തിനു പ്രസക്തിയേറുന്നത്.
കര്‍മത്തെ കര്മയോഗമാക്കുന്ന ദിവ്യശക്തിയാണ് സ്നേഹം. കുടുംബം മുതല്‍ പ്രപഞ്ചം വരെ മേല്ക്കുമേല് വളരുന്ന ജീവിതസ്നേഹത്തിന്റെ നാഭീകേന്ദ്രമാണ് സ്നേഹം. അതിന്റെ ഉറവവറ്റാതൊഴുകുവാന് അമ്പാടിക്കാലത്തേക്കു മടങ്ങണം. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹിതകരമായ വൃന്ദാവന മാതൃകകള്‍ കേരളത്തില്‍ രൂപപ്പെടണം. ഗോമാതാവിനേയും ഭൂമാതാവിനേയും ആദരപൂര്‍വം സംരക്ഷിക്കുന്ന ധാര്‍മികത തിരിച്ചു വരണം. നിരുപാധിക സ്നേഹത്തിലൂടെ മാത്രമേ അതിനു കഴിയൂ. സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള പാതയായി ശ്രീകൃഷ്ണജീവിതത്തെ നമുക്ക് മാതൃകയാക്കാം.
9400868720
പ്രതികരിക്കാൻ ഇവിടെ എഴുതുക: