വടി കയ്യിലുണ്ടായാല്‍ പോര അടിക്കണം എന്നൊരു നാടന്‍ ചൊല്ലുണ്ടല്ലോ. ഇന്ത്യയുടെ നിലവിലെ സമീപനം ഇതുമായി നന്നായി യോജിക്കും. കരുത്തുറ്റ സൈന്യത്തേയും ആയുധ ശേഖരത്തേയും രാജ്യരക്ഷയ്ക്ക് കരുത്തോടെതന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ച് ഉറച്ച് ഇറങ്ങിയിരിക്കുകയാണ് രാജ്യം. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള ചില നിലപാടുകളും പ്രഖ്യാപനങ്ങളും അതു സൂചിപ്പിക്കുന്നുമുണ്ട്. ഇന്ത്യയോടുള്ള കളി കുട്ടിക്കളിയല്ല എന്ന മുന്നറിയിപ്പ് അതിലുണ്ട്. കരസേനയിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലടക്കം തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കാനുള്ള തീരുമാനം അതിന്റെ ഭാഗംതന്നെയാണ്. ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന നിലപാടില്‍ മാറ്റം വരുത്തുമെന്നും പാക്കിസ്ഥാനുമായി ഇനി ചര്‍ച്ചയുണ്ടെങ്കില്‍ അതു പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തില്‍ മാത്രമായിരിക്കും എന്നുമുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ വേണം ഇതിനെ വിലയിരുത്താന്‍. അതിര്‍ത്തികള്‍ക്ക് ഇനി ശക്തമായ കാവലുണ്ടാകും. നുഴഞ്ഞുകയറ്റത്തിന്റെ പഴുതുകള്‍ അടയും. ഒന്നിനു പത്തായി തിരിച്ചുകൊടുക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന നട്ടെല്ലുള്ളൊരു ഭരണസംവിധാനത്തിന്റെ പിന്‍ബലമുണ്ടാകുമ്പോള്‍ സൈന്യത്തിന്റെ ആത്മവീര്യത്തിലും അതു നിഴലിക്കും. പുറത്തുനിന്നുള്ള ഭീഷണികള്‍ക്കു നിയന്ത്രണം വരുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിനും ജനങ്ങളുടെ ആത്മവിശ്വാസത്തിനും ഉത്തേജനം നല്‍കും. സ്വച്ഛ് ഭാരതം പോലെ സ്വസ്ഥ ഭാരതത്തിലേയ്ക്കും നീങ്ങുകയാണ് നാളത്തെ ഇന്ത്യ.
ഇതുമൊരു ശുദ്ധീകരണ പ്രവര്‍ത്തിതന്നെ. ശുചീകരണം അതിര്‍ത്തിക്ക് അപ്പുറത്തുനിന്നു തുടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിരുകള്‍ക്കു പൂട്ടുവീഴുന്നതോടെ ആഭ്യന്തര ഭീകരവാദത്തിനും വിഘടനവാദത്തിനും വെള്ളവും വളവും കിട്ടാതെയാകും. സ്വയം പ്രകോപനമുണ്ടാക്കി അസ്വസ്ഥതയേക്കുറിച്ച് വിലപിക്കുന്ന പ്രതിപക്ഷത്തിന് നാട്ടില്‍ അസ്വസ്ഥത വിതയ്ക്കാനാകാതെ വരും. വിഘടനവാദത്തിന്റെയും വൈദേശിക ചിന്തകളുടേയും തണലില്‍നിന്ന് രാജ്യത്തെ ഇടതുസഹജീവികള്ക്കും ബുദ്ധിജീവികള്‍ക്കും യാഥാര്‍ഥ്യത്തിന്റെ വഴിയിലേയ്ക്കു മാറേണ്ടിവരും. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുടെ ശബ്ദം മങ്ങും. ദേശീയ ബോധമാകും പൊതുജീവിതത്തിന്റെ മുഖമുദ്ര.
യുപിഎ ഭരിച്ച ഒരു പതിറ്റാണ്ടുകാലത്തെ ഇന്ത്യ, സ്വന്തം കരുത്ത് തിരിച്ചറിയാന്‍ കഴിയാത്ത വന്‍ശക്തിയായിരുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണസംവിധാനത്തിന്റെ നിര്ജീവാവസ്ഥ സൈന്യത്തേയും ബാധിച്ചു. ആവശ്യത്തിന് ആള്‍ബലമോ ആയുധശേഖരമോ ഇല്ലെന്ന സൈന്യത്തിന്റെ പരാതികള്‍ ഗൗരവമായി എടുക്കപ്പെട്ടില്ല. സൈന്യം അടിയന്തരമായി ആവശ്യപ്പെട്ട യുദ്ധവിമാനങ്ങള്‍ അടക്കമുള്ള ആയുധ സന്നാഹങ്ങള്‍ ചെലവു ചുരുക്കലിന്റെ പേരില്‍ നിരാകരിക്കപ്പെട്ടു. ചെലവുകള്‍ വെട്ടിക്കുറച്ചു. ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാനുള്ള സൈനികരുടെ മനസ്സിനെപ്പോലും പ്രതികൂല സമീപനത്തിലൂടെ തളര്‍ത്തിക്കളഞ്ഞു. സേനയുടെ ആത്മവീര്യം മാത്രമായിരുന്നു കൈമുതല്‍. ദേശവിരുദ്ധ ശക്തികള്‍ക്കു വാതിലുകളും വാതായനങ്ങളും തുറന്നു കൊടുത്തതോടെ രാജ്യത്തിനകത്തും ദേശവിരുദ്ധ പ്രസ്ഥാനങ്ങളും അവരുടെ കൂട്ടായ്മകളും വളര്‍ന്നു. അതിന്റെ ഫലമാണ് ഇന്ത്യ ഇക്കാലമത്രയും അനുഭവിച്ചുവന്നത്.
അന്നത്തെ സൈനിക സംവിധാനത്തെത്തന്നെയാണ് ഭാവനാപൂര്‍ണമായ നടപടികളിലൂടെ ഈ സര്‍ക്കാര്‍ പുത്തന്‍ ഉണര്‍വുള്ള സംവിധാനമാക്കി മാറ്റിയിരിക്കുന്നത്. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സേനയുടെ പ്രഹരശേഷി പതിന്മടങ്ങു വര്‍ധിപ്പിക്കും. ആധുനിക ആയുധസാമഗ്രികള്‍ ലഭ്യമാക്കുന്നതോടെ സൈനികര്‍ക്കു സുരക്ഷിതത്വബോധവും അതുവഴി ആത്മധൈര്യവും ഇരട്ടിക്കും. ഒരേനിലവാരത്തില്‍ ചിന്തിക്കുന്ന ഭരണനേതൃത്വവും സൈനിക നേതൃത്വവും തന്നെയാണ് വിജയങ്ങളുടെ അടിത്തറ. ആധുനീകരണത്തിനൊപ്പം സൈന്യത്തിലും ശുദ്ധീകരണവും ലക്ഷ്യമിടുന്നതു സ്വാഗതാര്‍ഹംതന്നെ. സേനയിലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും തടയാന്‍ പ്രത്യേക സമിതികളെ നിയോഗിക്കുന്നതു ഭാവനാപൂര്‍ണവും ക്രിയാത്മകവുമായ സമീപനമാണ്. സംയുക്ത സൈനിക മേധാവിയെന്ന സങ്കല്‍പ്പത്തിന്റെ ഒരു ലക്ഷ്യം ഇതു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: