വസുദേവരുടേയും ദേവകിയുടേയും അരുമയ്ക്ക്,അമ്പാടിക്കണ്ണന് ഇന്ന് പിറന്നാള്‍. ഭഗവാന് കൃഷ്ണന്റെ അവതാര ദിനമായ ജന്മാഷ്ടമി. ഭാദ്രപാദത്തിലെ എട്ടാംനാളിലാണ് ഈ പുണ്യദിനമെന്നാണ് അനുമാനം. ചിങ്ങത്തില് കൃഷ്ണപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന നാള്.
പകരം വെയ്ക്കാനില്ലാത്ത ചാരുതയോടെ ഇന്ത്യയില്‍ രണ്ടിടങ്ങളിലാണ് ജന്മാഷ്ടമി ആഘോഷങ്ങള്‍ പാരമ്യത്തിലെത്തുന്നത്. ഭഗവാന്റെ ജന്മസ്ഥലമായ മഥുരയിലും ബാലലീലകളാടിയ വൃന്ദാവനത്തിലും. ഉത്തര്‍പ്രദേശിലാണ് ഈ രണ്ട് പുണ്യഭൂമികളുമുള്ളത്. ജന്മാഷ്ടമി നാളില്‍ ലോകമെങ്ങുമുള്ള കൃഷ്ണഭക്തരാല് വൃന്ദാവനവും മഥുരയും നിറയും. പകലത്രയും വൃന്ദാവത്തിലെ ആഹ്ലാദാരവങ്ങളില്‍ മുഴുകുന്ന ജനക്കൂട്ടം സന്ധ്യയോടെ ഭഗവാന്റെ അവതാര സ്മൃതികളില്‍ മുഴുകി മഥുരയിലേക്കൊഴുകും.
കൃഷ്ണാവതാര കഥകളില്‍ അനന്യമായൊരു സ്ഥാനമാണ് വൃന്ദാവനത്തിനുള്ളത്. യമുനയുടെ തീരത്ത് ഗോപികമാരൊത്ത് ഭഗവാന് രാസലീലകളാടിയ കൗമാരത്തിന് സാക്ഷിയായ വൃന്ദാവനം. ഇന്നും ജന്മാഷ്ടമി നാളില്‍, ഇവിടെ ,രാസലീലയും മഹാഭാരതത്തിലെ ധന്യമുഹൂര്‍ത്തങ്ങളും നൃത്തസംഗീതവിരുന്നായി പുനര്‍ജനിക്കുന്നു.
ഇതു കാണാന്‍ വിദേശടൂറിസ്റ്റുകളുടെ തിരക്കാണ്. 4000 ത്തിലേറെ ക്ഷേത്രങ്ങളുണ്ട് വൃന്ദാവനത്തില്‍. അവയില്‍ ബാന്‍കേ ബിഹാരി മന്ദിര്‍, രംഗനാഥ്ജി ക്ഷേത്രം, ഇസ്കോണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. യമുനാതീരത്തെ മധുബനില്‍ ഇപ്പോഴും രാസലീലകളാടാന്‍ കൃഷ്ണന് ഗോപികമാരൊത്ത് രാത്രകാലങ്ങളില്‍ എത്താറുണ്ടെന്നാണ് തദ്ദേശീയരുടെ വിശ്വാസം. അസ്തമയ ശേഷം അവരാരും മധുബനില്‍ പ്രവേശിക്കാറില്ല.
മഥുരയിലെ ആഘോഷങ്ങളില്‍ ഒന്നാമതാണ് ജൂലനോത്സവ്( തൊട്ടിലാട്ടം). ഉണ്ണിക്കണ്ണനെ പ്രതീകാത്മകമായി തൊട്ടിലാട്ടി ഉറക്കുന്ന ആഘോഷമാണ് ജുലനോത്സവ്. വീടുകള്‍ തോറും ഉണ്ണിക്കണ്ണനെ അന്ന് അലങ്കരിച്ച് തൊട്ടിലിലാട്ടും. വെണ്ണയിലും തേനിലും കുളിപ്പിച്ചതിനു ശേഷമാണ് കണ്ണനെ തൊട്ടിലാട്ടുക. കണ്ണന് വെണ്ണകട്ടതിന്റെ ഓര്‍മയ്ക്ക് അരങ്ങേറുന്ന ദഹി ഹണ്ടിയും കാണാന്‍ ഏറെ കമനീയം. മണ്കുടങ്ങളില് വെണ്ണ നിറച്ച് ഒന്നിനാ മീതെ ഒന്നായി വെച്ച് ഉയരത്തില്‍ കെട്ടിത്തൂക്കിയിടും. പിരമിഡ് രൂപത്തില്‍ ആളുകള്‍ കയറി നിന്ന് വടികൊണ്ട് മണ്‍പാത്രം തച്ചുടയ്ക്കുന്നതാണ് ദഹി ഹണ്ടി. അര്‍ധരാത്രിയോടെ മഥുര ഭജനകളാലും കീര്‍ത്തനങ്ങളാലും ഭക്തിസാന്ദ്രമാകും. അവതാരമുഹൂര്ത്തത്തെ ധന്യമാക്കുന്ന നിമിഷങ്ങളാണ് പിന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: