കുവൈത്ത് സിറ്റി : ഭാരതത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, ഭാരതീയ പ്രവാസി പരിഷത്തിന്റെ നേതൃത്വത്തില്‍ ജാബ്രിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൻമനാടിന്റെ ആഘോഷവേളയിൽ പങ്ക് ചേരാനും അതോടൊപ്പം തന്നെ കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം പ്രവാസികളാണ് രക്തദാനത്തിനായി ഒത്തു ചേർന്നത്.
ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് ജനറൽ സെക്രട്ടറി നാരായണൻ ഒതയത്ത് ക്യാമ്പിന്റെ ഉദ്ഘാടനകർമ്മംനിർവ്വഹിച്ചു. ബിഡികെ കുവൈത്ത് ഉപദേശക സമിതി അംഗം മുരളി എസ്. പണിക്കർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡണ്ട് രഘുബാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സേവാദർശ്ശൻ ജനറൽ സെക്രട്ടറി പ്രവീൺ വാസുദേവ്, ബിപിപി വൈസ് പ്രസിഡണ്ട് ബിനോയ് സെബാസ്റ്റ്യൻ തുടങ്ങിയ ഭാരവാഹികള്‍ സംസാരിച്ചു. ഫര്‍വാനിയ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആര്.ജെ. രാജേഷ് സ്വാഗതവും, മനോജ് മാവേലിക്കര നന്ദിയും പറഞ്ഞു.
സമൂഹത്തിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിഡികെ കുവൈത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈവര്‍ഷത്തെ 14-ാമത്തെ ക്യാമ്പ് ആണ് സ്വാതന്ത്ര്യദിനത്തിൽ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: