കോണ്‍ഗ്രസ് നയിച്ച യുപിഎയുടെ 10 വര്‍ഷത്തെ കേന്ദ്രഭരണത്തില്‍ ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു പി. ചിദംബരം. യുപിഎ ഭരണം അഴിമതിയുടെ കൊയ്ത്തുകാലമാണെന്ന് പറയാം. അമ്പുകൊള്ളാത്തവരില്ല ഗുരുക്കന്മാരില് എന്ന ചൊല്ലുപോലെ അഴിമതി ആരോപണവിധേയരാകാത്ത ഒരുമന്ത്രിയും അക്കാലത്തുണ്ടായിരുന്നില്ല. കല്‍ക്കരിപാടം പങ്കുവച്ചതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസും ആരോപണ കയത്തില്‍ പെട്ടിരുന്നു. ഭൂമിയും ആകാശവും പാതാളവും വെട്ടിവിഴുങ്ങി സ്വന്തമാക്കിയവര്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതിലൊന്നാണ് പി. ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനും എതിരായ കേസ്. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമകമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചു എന്നതാണ് കേസ്. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 2007 ല്‍ ഈ ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്.
ഈ കേസില്‍ കാര്‍ത്തി ചിദംബരം ജാമ്യത്തിലാണ്. ചിദംബരത്തെ പലതവണ ചോദ്യം ചെയ്തുകഴിഞ്ഞു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചാര്‍ജ് ചെയ്ത കേസില്‍ ചിദംബരം അറസ്റ്റിലായി. ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളിയതോടെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റിന് നീക്കം ആരംഭിച്ചപ്പോള്‍ വീടുവിട്ട് മുങ്ങിയിരുന്നു ചിദംബരം. പിന്നീട് എഐസിസി ആസ്ഥാനത്ത് പൊങ്ങുകയായിരുന്നു. ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് ജനങ്ങള്‍ക്ക് മാതൃകയാകേണ്ടയാളാണ്. ശക്തമായ ആരോപണവും വ്യക്തമായ തെളിവുകളുമായി അന്വേഷണ ഏജന്‍സി രംഗത്ത് വരുമ്പോള്‍ നിയമവിധേയമായി നേരിടുന്നതിനുപകരം ഒരു അഭിഭാഷകന് കൂടിയായ ചിദംബരം ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാവുകയാണ്. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കണോ? സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ.
അഴിമതിപ്പണം ഐഎന്‍എക്സ് മീഡിയ വഴി കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ലഭിച്ചെന്നാണ് ആരോപണം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ഈ കേസില്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു. 2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞവര്‍ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിക്കാനിരിക്കെയാണു ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയലാക്കോടെയുള്ളതുമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും എത്ര ഉന്നത പദവിയിലുള്ളവരാണെങ്കിലും കുറ്റക്കാര്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നുമാണ് കോടതി പറഞ്ഞത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്. വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂച്ചുവിലങ്ങിടാനാകില്ല. ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കിയത് അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തിപകരുന്നതാണ്. ചിദംബരത്തിനും മകനും അനുകൂല നിലപാടുമായി കോണ്‍ഗ്രസും ചില കക്ഷിനേതാക്കളും രംഗത്തുണ്ട്. രാഷ്ട്രീയ പക തീര്‍ക്കുകയാണ് കേന്ദ്ര ഭരണകൂടമെന്നാണ് ആരോപണം. ഇങ്ങനെ പറയുന്നവര്‍ ആരോപണം നേരിടുന്നവരോ ജാമ്യത്തില്‍ കഴിയുന്നവരോ ആണെന്ന് വ്യക്തം. പല ഉന്നതരും വിചാരണ നേരിടേണ്ട സാഹചര്യത്തില്‍ എത്തിനില്‍ക്കേ എന്തുകൊണ്ടാണ് ചിദംബരത്തിനായി നിലകൊള്ളുന്നത്? ചിദംബരത്തിനെന്താ കൊമ്പുണ്ടോ? ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: