സത്വഗുണം പ്രബലമാകുമ്പോള്‍ ഒരുവന് സ്വകീയമായ മേന്മകള് അറിയുകയില്ലെന്നു മാത്രമല്ല അന്യന്റെയും തെറ്റും കുറവും അറിയുകയില്ല. മഹത്തായ ആന്തരിക ശുദ്ധിയുടെ സവിശേഷതയാണത്. ഈ അവസ്ഥയില്‍ ഒരുവന്റെ മനസ്സ് സ്വാഭാവികമായി ഈശ്വരാരാധനയിലും സര്‍വ്വത്ര ഈശ്വസാന്നിദ്ധ്യദര്ശനത്തിലും വ്യാപരിക്കും. എന്നാല്‍ രജസ്സും തമസ്സും പ്രഭാവമരുളുമ്പോള് ഒരുവന് സ്വയം പ്രശംസിക്കുകയും അന്യരുടെ പ്രശംസയില്‍ അഭിമാന വിജൃംഭിതനാവുകയും ചെയ്യും. അതേപടി തന്റെ പ്രവൃത്തികളെ അന്യര്‍ വിമര്‍ശിക്കുകയോ തെറ്റു ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അയാള്‍ ക്ഷോഭിക്കുകയും കോപിക്കുകയും ചെയ്യും. നിരാശനാവുകയും ചെയ്യും. എന്നാല്‍ അന്യരുടെ തെറ്റു ചുഴിഞ്ഞു കണ്ടുപിടിക്കാന്‍ തല്പരനുമായിരിക്കും. രജോഗുണത്തിന് വിനയം തികച്ചും അപരിചിതമാണ്. നിങ്ങളുടെ നന്മകളെ അന്യര്‍ വാഴ്ത്തുമ്പോള്‍ ഉല്‍ക്കൃഷ്ടമായ സാന്മാര്ഗ്ഗി ക ആദര്ശങ്ങളിലായിരിക്കണം നിങ്ങളുടെ ചിന്ത. അങ്ങനെ ചെയ്താല്‍ അഹംഭാവം വരുവാനുള്ള അവസരം ഉണ്ടാവുകയില്ല. അന്യര്‍ ദര്‍ശിക്കുന്നത് നിങ്ങളുടെ ഗുണദോഷങ്ങളായിരിക്കുകയില്ല. അവര്‍ ഒരുപക്ഷേ അവരുടെ മാനസിക ഭാവങ്ങളായിരിക്കും പ്രകടിപ്പിക്കുന്നത്.
സാന്മാര്ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തികള്‍ നേടുകയാണെങ്കില്‍ അവ നിലനില്ക്കും. രാജസമായ നേട്ടങ്ങള്‍ അല്പകാലത്തേക്കുമാത്രമേ വാഴുകയുള്ളു. അവയൊക്കെ പൊള്ളയാണ്. രാവണന്റെ സാമ്രാജ്യത്തിലെ വൈഭവങ്ങള് ആര്‍ക്കെങ്കിലും വര്‍ണിക്കാന്‍ കഴിയുമോ? ആഴമേറിയ ഏകാഗ്രതയും മനോദാര്‍ഢ്യവും ചേര്‍ന്ന തീവ്രതപസ്സുമൂലം ദേവന്മാരെയും കീഴ്പ്പെടുത്തുവാന്‍ കഴിവുള്ള എത്ര ഉഗ്രമായ ശക്തിയാണ് ആ രാക്ഷസരാജാവിന് ഉണ്ടായിരുന്നത്. എന്നിട്ടോ അഹോ,അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനും എന്തു സംഭവിച്ചു? ഒന്നോ രണ്ടോ മഴ പെയ്യുമ്പോള്‍ നിങ്ങള്‍ കാണാറില്ലേ,ചിറകു മുളച്ച ചെറു ശലഭങ്ങള്‍ ദീപത്തിനു ചുറ്റും പറന്നു നടക്കുന്നത്. പക്ഷേ ഒന്നു രണ്ടു മണിക്കൂറുകള്‍ക്കകം അവയുടെ കഥ അവസാനിക്കുന്നു.(അഹങ്കാരത്തിന്റെ അവസ്ഥയും ഇതുപോലെയാണ്.) അഹന്തയെ പരിത്യജിക്കുവാന്‍ പഠിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: