ആലപ്പുഴ : മുട്ടൊപ്പം വെള്ളം നിറഞ്ഞ വീട്ടില്‍ നിന്ന് അമ്മയും, ഭാര്യയുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുമ്പോള്‍ മനോജ് അറിഞ്ഞിരുന്നില്ല ഇനിയുള്ള കാലം ഭീതിയുടെ മുള്‍മുനയില്‍ ജീവിതം തള്ളിനീക്കേണ്ടിവരുമെന്ന്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ് മൊബൈലില്‍ പകര്‍ത്തിയ വിവി ഗ്രാമം കോളനിയിലെ മനോജിനാണ് ദുരവസ്ഥ.
പണം വാങ്ങിയ നേതാവിനെ സര്‍ക്കാരും ഭരണകൂടവും അധികാരികളും ചേര്‍ന്ന് വിശുദ്ധനാക്കുമ്പോള്‍ ഭയത്തിന്റെയും നിസ്സഹായവസ്ഥയുടേയും തടവറയിലേക്ക് തള്ളപ്പെടുകയാണ് ഈ പട്ടികജാതി കുടുംബം. വീഡിയോ എടുത്തതിന്റെ പേരില്‍ മനോജിനെയും കുടുംബത്തെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയാണ് സൈബര്‍ ലോകം. വിവി ഗ്രാമം കോളനിയിലെ വീടുകള്‍ വെള്ളക്കെട്ടിലായപ്പോള്‍ വീടിന് സമീപത്തെ പഞ്ചായത്ത് വക കെട്ടിടത്തിലേക്ക് മാറാനായിരുന്നു ഇവരുടെ പദ്ധതി. സ്ഥലം സന്ദര്‍ശിച്ച അധികാരികള്‍ കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്നും സമീപത്തെ ഏതെങ്കിലും ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഇവരെ കണ്ണികാട്ടെ ക്യാമ്പില്‍ എത്തിച്ചത്. സ്വാതന്ത്ര്യദിനമായ പിറ്റേന്ന് ക്യാമ്പില്‍ പായസമുള്‍പ്പെടെ പാചകം ചെയ്താണ് മനോജ് വീട്ടിലേക്ക് പോന്നത്. ഇതിനിടെ അമ്മ പത്മാക്ഷിക്ക് പനി ആയതിനാല്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. 70 രൂപ തന്നിട്ടേ ക്യാമ്പില്‍ നിന്ന് പോകാവൂയെന്ന് ഓമനക്കുട്ടന് ആവശ്യപ്പെട്ടതുപ്രകാരം പണം കൊടുക്കുന്നതിനിടെയാണ് മനോജ് എത്തിയത്. നിര്‍ബന്ധപൂര്‍വം പണം വാങ്ങിയതോടെയാണ് ഇദ്ദേഹം ദൃശ്യം ചിത്രീകരിച്ചത്.
വീഡിയോ കണ്ട അജ്ഞാതനായ ഒരാള്‍ പത്മാക്ഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. കണ്ണൂരില്‍ നടക്കുന്നതുപോലെ മകനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ പത്മാക്ഷി ചേര്‍ത്തല ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി. ദുരിതാശ്വാസ സഹായം ലഭിക്കാന്‍ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തവരാണ് വീഡിയോ എടുത്തതെന്ന് പ്രചരിപ്പിക്കുന്നവര്‍ കാണണം പൊട്ടിപ്പൊളിഞ്ഞ വീട്ടിലെ അമ്മയുടെയും മകന്റെയും ദുരിത ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: