കോട്ടയം: വെച്ചൂര്‍ കൃഷിഭവന്റെ പരിധിയിലുള്ള- കാട്ടിളം കുന്നംകേരി പാടശേഖരത്തിലെ 70 ദിവസം വളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ വിളയുന്ന പാടത്തിന്റെ പുറംബണ്ട് സിപിഎം നേതാവും ഭാര്യയും മകനും ചേര്‍ന്ന് പരസ്യമായി തകർത്തു. ഇതുവഴി മുപ്പത്തി അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ കര്‍ഷകര്‍ക്ക് വരുത്തിയത്.
പുറംബണ്ട് തകര്‍ത്ത് നെല്‍കൃഷി നശിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ്‌ചെയ്യണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കുറ്റക്കാരായ സിപിഎം നേതാവ് ചെറുമലത്തറ ശശിധരനെയും ഭാര്യയെയും, മകനെയും അറസ്റ്റു ചെയ്യണമെന്നാണ് പാടശേഖര സമിതി ആവശ്യപ്പെടുന്നത്. കൃഷി ചെയ്ത 40 കര്‍ഷകരുടെ അന്‍പത്തിനാലു ഏക്കറിലെ എഴുപത് ദിവസം പ്രായമെത്തിയ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചതിലൂടെ മുപ്പത്തി അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
വൈക്കം ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗത്തിന്റെ ബന്ധുവാണെന്ന അഹങ്കാരവും, സിപിഎമ്മില്‍ ഉള്ള സ്വാധീനവും ഉപയോഗിച്ചാണ് പ്രതികള്‍ നിയമ നടപടികളില്‍ നിന്നും രക്ഷ നേടിയത്. ചെറുമലത്തറ ശശിധരനും കുടുംബവും പാടശേഖരത്തിന്റെ പുറംബണ്ടിനു അരികിലായാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് തോടിന്റെ മറുകരയിലുള്ള പാടശേഖരവുമായി ഒരു വിധ ബന്ധവുമില്ല.
പാടശേഖര സമിതി വൈക്കം പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ങ്കിലും ഇതുവരെയായി നടപടി ഒന്നും സ്വീകരിക്കാത്തതില്‍ കൃഷിക്കാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. വെച്ചൂര്‍ കൃഷിഭവന്റെ ഭാഗത്തു നിന്നും കൃഷിക്കാര്‍ക്കു വേണ്ടി നടപടി എടുക്കാതിരിക്കുന്നതും പരക്കെ ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. ഉയര്‍ന്നു വന്ന വെള്ളം പാടത്തു കയറാതിരിക്കാനായി അഹോരാത്രം കഷ്ടപ്പെട്ടുകൊണ്ടിരുന്ന കര്‍ഷകരുടെ മുന്നില്‍ വച്ചാണ് ഇവര്‍ ബണ്ടുപൊട്ടിച്ചുവിട്ട് കൃഷി നശിപ്പിച്ചത്. ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ നാട്ടില്‍ പാട്ടാണ്.
കൃഷിക്കാരുടെ പേരില്‍ വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്ന ഇടതുഭരണക്കാരുടെ ദുഷ്‌ചെചെയ്തികള്‍ മൂലം കര്‍ഷകര്‍ തീരാദുരിതത്തിലാണ്. ഇതില്‍ പല കര്‍ഷകരും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ വച്ചാണ് കൃഷിനശിപ്പിച്ച വിവരംപോലും അറിയുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പാടശേഖര സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
















