പാക്കിസ്ഥാന്റെ 73 -ാം സ്വാതന്ത്ര്യദിനത്തില്‍ (ആഗസ്റ്റ് 14) ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമര പോരാളിയും വേള്‍ഡ് ബലൂച് വനിതാ ഫോറത്തിന്റെ പ്രസിഡന്റുമായ പ്രൊഫ. നൈല ഖാദ്രി ബലൂച് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പാക്കിസ്ഥാനില്‍നിന്നും ബലൂചിസ്ഥാനെ മോചിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹത്തിന്റെയും ഐക്യരാഷ്‌ട്ര സംഘടനയുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു വീഡിയോവഴി അവര്‍ നടത്തിയ പ്രസ്താവന. ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ നൈല ഖാദ്രി ബലൂച് (ബലൂചിസ്ഥാന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവരെല്ലാം, സ്ത്രീകളും പുരുഷന്മാരും, അവരുടെ പേരിനൊപ്പം ബലൂച് എന്ന് ചേര്‍ക്കുന്നു) മൂന്നുവര്‍ഷം മുമ്പ് കേരളത്തിലെത്തിയിരുന്നു. തലശ്ശേരിയില്‍ ബ്രണ്ണന്‍ കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കാനായിരുന്നു ആ വരവ്. അന്ന് ആ പരിപാടിയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ സ്വാഭാവികമായും എല്ലാവരും എഴുന്നേറ്റുനിന്നു. എന്നാല്‍ വന്ദേമാതരം തീരുന്നതുവരെ പ്രൊഫ. നൈല നിന്നത് വലതുകൈ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ചായിരുന്നു. ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും അവര്‍ തന്റെ ഹൃദയത്തോട് ചേര്‍ക്കുന്നതിന്റെ കാഴ്ചയായിരുന്നു അത്.
ബലൂച് ജനതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് മനുഷ്യത്വത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന ലോകത്തെ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ കാനഡയില്‍ താമസിച്ചുകൊണ്ട് ബലൂചിസ്ഥാന്‍ മോചനപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫ. നൈല. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ഉപയോഗിച്ച് ചൈനയുടെ ഒത്താശയോടെ ഗ്വാദര്‍ തുറമുഖത്ത് പാക്കിസ്ഥാന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനെ അവര്‍ അപലപിക്കുന്നു.
370-ാം വകുപ്പ് റദ്ദ് ചെയ്ത് കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയോടാവശ്യപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് അടിയന്തിരപ്രാധാന്യമുള്ള കാര്യമാണെന്ന് ബലൂചിസ്ഥാന്‍ വിമോചന പ്രസ്ഥാനം കരുതുന്നു. മനുഷ്യാവകാശ സംഘടനകളും അന്താരാഷ്‌ട്ര സമൂഹവും വലിയ പ്രാധാന്യമാണ് ബലൂചികളുടെ ശബ്ദത്തിന് നല്‍കുന്നത്.
ഒരുകാലത്ത് സ്വതന്ത്രരാജ്യമായിരുന്നു ബലൂചിസ്ഥാന്‍. പിന്നീട് ബ്രിട്ടീഷ് കോളനിയുടെ ഭാഗമായി. 1947 ആഗസ്റ്റ് 11ന് (പാക്കിസ്ഥാന്‍ സ്വതന്ത്രരാജ്യമാകുന്നതിന് മൂന്ന് ദിവസം മുമ്പ്) ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടി. എന്നാല്‍ പാക് ഭരണകൂടം ബലൂചിസ്ഥാനെ അവരുടെ അധീനതയിലാക്കി. ഇന്ന് പാക്കിസ്ഥാന്റെ ആറ് പ്രവിശ്യകളിലൊന്നാണ് ബലൂചിസ്ഥാന്‍. പ്രകൃതിവാതക ശേഖരത്താല്‍ സമ്പന്നമാണ് ഈ പ്രവിശ്യ. സിപിഇസി വഴി പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്തുകയും നിരവധി ഊര്‍ജപദ്ധതികള്‍ ആരംഭിക്കുകയും ആധുനിക ഗതാഗതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ചൈന ഈ പ്രകൃതിസമ്പത്തിനെ കൊള്ളയടിക്കുകയാണ്.
പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്. മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി അതിര്‍ത്തിപങ്കിടുന്നു ഈ പ്രദേശം. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാദര്‍ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെ ആഗോളരാഷ്‌ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍.
ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ഇന്നത്തേതുപോലെതന്നെ മോശമായിരുന്ന സമയത്ത്, 2016ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ആ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ ബലൂചിസ്ഥാന്‍ പരാമര്‍ശം. ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് മുമ്പാകെ കൊണ്ടുവരുമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഇതേതുടര്‍ന്ന് പാക്കിസ്ഥാനിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ബലൂച് വിമോചന ഗ്രൂപ്പുകളില്‍നിന്ന് അഭിനന്ദനങ്ങള്‍ മോദിയെ തേടിയെത്തി. മോദിസര്‍ക്കാര്‍ തുടരാനുദ്ദേശിക്കുന്ന പാക് നയത്തിന്റെ വ്യക്തമായ സൂചനയാണ് 2016ല്‍ കണ്ടത്. 2019ല്‍ മോദിസര്‍ക്കാരിന് തുടര്‍ച്ചയുണ്ടായതോടെ ഏറെ വൈകാതെ തന്നെ ആ നയത്തിന്റെ പ്രകടനം 370-ാം വകുപ്പ് റദ്ദാക്കലിലൂടെ നാം കണ്ടു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ മുമ്പൊന്നും ഇന്ത്യ ഇടപെട്ടിരുന്നില്ല. 2014ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഈ നയത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. പാക്കിസ്ഥാനില്‍ വേരൂന്നിയ ഭീകരവാദത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളിലൂടെ ഈ നയം മാറ്റത്തിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ബലൂച് ജനത ഭാരതസര്‍ക്കാരില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷകള്‍ വീണ്ടും നാമ്പെടുത്തു തുടങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ നാം കണ്ടത്.
ബലൂചിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ പിടിയില്‍നിന്നും മോചിപ്പിക്കാന്‍ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയുണ്ടായി. നിരവധി ബലൂചികളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം സന്ദേശങ്ങളയച്ചത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ ഈ സന്ദേശങ്ങള്‍ പ്രധാനവാര്‍ത്തയായി നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് തങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് മോചനം നേടാന്‍ ഇന്ത്യ സഹായിക്കണമെന്നും ബലൂചിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയില്‍ ഉള്‍പ്പെടെ എല്ലായിടത്തും ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അടുത്തിടെ ഇമ്രാന്‍ഖാന്‍ അമേരിക്കയിലെ പാക്കിസ്ഥാനികളെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ ബലൂചികളുടെ പ്രതിഷേധശബ്ദം ഉയര്‍ന്നു. ബലൂചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യമുയര്‍ത്തി ബലൂച് യുവാക്കള്‍ രംഗത്ത് വരുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ പതിനായിരക്കണക്കിന് ബലൂചികളില്‍നിന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഒഴുകിയ സന്ദേശങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ഒരുസന്ദേശം ഇങ്ങനെയാണ്:
‘ഇന്ത്യയിലെ എന്റെ സഹോദരങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. ഇന്ന്, ഇന്ത്യന്‍ ജനത ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നു. അവര്‍ ഞങ്ങളോട് ഐക്യപ്പെടുന്നതില്‍ ഞങ്ങള്‍ ബലൂചികള്‍ നന്ദിയുള്ളവരാണ്. സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി ഇന്ത്യ ഇനിയും ശബ്ദമുയര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നന്ദി. ജയ് ഹിന്ദ്’ – അട്ടാ ബലൂച് എന്ന ബലൂച് സ്വാതന്ത്ര്യ സമര പോരാളിയുടെ സന്ദേശമാണിത്.
മറ്റൊരു സന്ദേശം- ‘ബലൂചിസ്ഥാനില്‍ രക്തം വാര്‍ന്നുകൊണ്ടിരിക്കുകയാണ്. ബലൂചിസ്ഥാനിലെ ജനങ്ങള്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു’. ‘ഭാരത് മാതാ കീ ജയ്’ എന്ന് ഹിന്ദിയില്‍ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് അഷ്റഫ് ഷേര്‍ജാന്‍ എന്ന ഈ ബലൂചി തന്റെ സന്ദേശം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: