ദുരിതാശ്വാസ പ്രവര്‍ത്തനം സ്വന്തം വരുമാന സ്രോതസ്സായി കാണുന്ന ശൈലിയേക്കുറിച്ചുള്ള പരാതികള്‍ക്ക് ദുരന്തങ്ങളോളംതന്നെ പഴക്കമുണ്ട്. ഇന്നും അതൊക്കെത്തന്നെ അരങ്ങേറുന്നു എന്നത്, മാറുന്ന കാലത്തും മാറ്റമില്ലാതെ തുടരുന്നൊരു പ്രതിഭാസമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും പേരില്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കാറുണ്ട്. സേവാഭാരതിപോലെ ആത്മാര്‍ഥമായി സേവനരംഗത്തിറങ്ങുന്നവരേക്കൂടി സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഇത്തരത്തില്‍പ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍. ദുരന്തഭൂമിയിലേയ്ക്ക് വിനോദയാത്ര പോവുകയും ദുരന്തമുഖങ്ങളില്‍ച്ചെന്നുനിന്ന് സെല്‍ഫിയെടുക്കുകയും, അലക്കിത്തേച്ച കുപ്പായത്തില്‍ ചെളിപറ്റാതെനിന്ന് നോട്ടംകൊണ്ടുമാത്രം സേവനം നടത്തുകയും ചെയ്യുന്ന വികലമനസ്സുകളുടെ മറ്റൊരുപതിപ്പാണ് ഇക്കൂട്ടര്‍. സര്‍ക്കാര്‍ ചെലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കേണ്ട വസ്തുക്കളുടെ പേരില്‍ ചിലര്‍ ക്യാമ്പില്‍ പിരിവുനടത്തിയെങ്കില്‍ അത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം തന്നെയാണ്.
പണം മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് വരുന്നതും വന്നതുമായ ഉല്‍പ്പന്നങ്ങളും വഴിമാറ്റിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. ഫണ്ട് വകമാറ്റുന്നതും ആര്‍ഭാടത്തിനായി ഉപയോഗിക്കുന്നതും സംബന്ധിച്ച് സര്‍ക്കാരിനെതിരെ എക്കാലവും പരാതികള്‍ ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇത്തരം വമ്പന്‍ തിരിമറിയുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. സാലറി ചാലഞ്ചിലൂടെ ജീവനക്കാര്‍ സംഭാവനചെയ്ത 136 കോടിയിലേറെ രൂപയുടെ ഫണ്ടാണ് വകമാറ്റിയതായി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വക്താവുതന്നെ സമ്മതിച്ചിരിക്കുന്നത്.
എന്തൊരു ബഹളമായിരുന്നു സാലറി ചാലഞ്ചിന്റെ പേരില്‍ നടന്നത്! കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിനുശേഷം നവകേരള നിര്‍മ്മാണത്തിന് പണം സമാഹരിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഈ പദ്ധതി നടപ്പാക്കിയത്. ഓരോരുത്തരും ഓരോ മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഓരോമാസവും മൂന്നുദിവസത്തെ വീതം ശമ്പളം. അങ്ങനെ പത്തുമാസംകൊണ്ട് ഒരു മാസശമ്പളം തികയ്ക്കുക എന്നതായിരുന്നു പദ്ധതി. അതിന് തയ്യാറാകാത്തവരെ വിരട്ടുകയും ആവുംവിധം പീഡിപ്പിക്കുകയും ചെയ്തു. സേവനമോ സംഭാവനയോ ചെയ്താല്‍ പോര അത് സര്‍ക്കാരിന്റെ ക്രെഡിറ്റില്‍ത്തന്നെ വേണമെന്നും ഈ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. കെഎസ്ഇബി അവരുടെ ജീവനക്കാരില്‍നിന്ന് അങ്ങനെ പിരിച്ചെടുത്ത 146 കോടിയിലേറെ രൂപയില്‍ പത്തുകോടിയിലധികം രൂപമാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം വരെയുള്ള കണക്കാണിത്. ബാക്കി 136 കോടിയിലേറെ രൂപ വകമാറ്റി. അതായത് ജീവനക്കാര്‍ നല്കിയ സംഭാവനയുടെ ചെറിയ ശതമാനം മാത്രമാണ് ഫണ്ടിലേയ്ക്ക് എത്തിയത്. കെഎസ്ഇബി സാമ്പത്തിക ഞെരുക്കത്തിലാണെന്നാണ് ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള ഇതുസംബന്ധിച്ച് നല്കുന്ന വിശദീകരണം. മുഖ്യമന്ത്രിയുടേയും വകുപ്പുമന്ത്രിയുടേയും അറിവോടെയാണ് ഈ തിരിമറിയെന്നും വാര്‍ത്തയുണ്ട്.
സഹജീവികളുടെ വേദനയറിയാനും ദുരന്തങ്ങളില്‍ കൈത്താങ്ങായി കൂടെനില്‍ക്കാനും മനസ്സുള്ളവര്‍ സേവനത്തിനിറങ്ങുന്നത് സര്‍ക്കാരിന്റെ ശാസനകൊണ്ടോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടോ അല്ല. അവര്‍ ശീലിച്ച സംസ്കാരത്തിന്റെ പ്രത്യേകതകൊണ്ടാണ്. എത്ര ഭല്‍സിച്ചാലും വിമര്‍ശിച്ചാലും പരിഹസിച്ചാലും അവര്‍ അത് ചെയ്തുകൊണ്ടിരിക്കും. പലരുടേയും പ്രവര്‍ത്തനം പലതരത്തിലായിരിക്കാം. ശരീരംകൊണ്ടും പണംകൊണ്ടും ഉല്‍പ്പന്നങ്ങളായും വസ്ത്രങ്ങളായും അവരുടെ മനസ്സ് ദുരിതബാധിതരിലെത്തും. അവരുടെ മനസ്സും ശരീരവും തളര്‍ത്താതിരുന്നാല്‍ മതി. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ്, അത്തരം പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് നേരായ ദിശയിലേയ്ക്കെത്തിക്കാനുള്ള സന്മനസ്സും സംവിധാനവുമാണ് ഭരിക്കുന്നവര്‍ക്കുണ്ടാവേണ്ടത്. അതിന്റെ കുറവാണ് ഫണ്ടിനെ വഴിമാറ്റി ഒഴുക്കുന്നത്. ജീവനക്കാരായാലും സാധാരണക്കാരായാലും ബിസിനസ്സുകാരായാലും വിദേശികളായാലും തരുന്ന സംഭാവനയ്ക്ക് ചിലലക്ഷ്യങ്ങളുണ്ട്. അത് ആ ലക്ഷ്യത്തില്‍ത്തന്നെ എത്തണം. അങ്ങനെയല്ലാത്തിടത്തോളംകാലം ജനത്തിന് ഇത്തരം സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടും. അത് അവരുടെ കുറ്റമല്ല. ഭരിക്കുന്നവരുടേയും ഭരണസംവിധാനങ്ങളുടേയും കുറ്റമാണ്. തെറ്റുചൂണ്ടിക്കാട്ടുന്നവര്‍ക്കുനേരെ ആക്രോശിച്ചിട്ടു കാര്യമില്ല. തെറ്റുചെയ്യുന്നവരെ നിയന്ത്രിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: