ഒന്നില്‍ മറ്റൊന്ന് ഉണ്ടെന്നു തോന്നുന്നതിനയാണ് അധ്യാസം എന്നു പറയുന്നത്. അതായത് അരണ്ടവെളിച്ചത്തില്‍ കയറിനെക്കണ്ടിട്ട് പാമ്പാണെന്നു തെറ്റിദ്ധരിക്കുന്നു. സര്‍പ്പമല്ലാത്ത കയറില്‍ സര്പ്പത്തെകാണുന്നതുപോലെ ഈശ്വരനില്‍ ജഗത്ത് ഉണ്ടെന്നു തോന്നുന്നു. വികല്പവും മായയുമില്ലാത്തതും ചിദാത്മകവും നിരാമയവുമായ ആത്മാവില്‍ ആദ്യമായി അഹങ്കാരത്തെ കല്പിച്ചു. അതോടെ ശരീരമായ ഈ ഞാന്‍ ആത്മാവാണെന്ന് കരുതാന്‍ തുടങ്ങുന്നു. ആത്മാവില്‍ അഹങ്കാരത്തിന്റെ അധ്യാസമുണ്ടായപ്പോള്‍ ഞാനെന്ന ഭാവമുണ്ടായി. ആഗ്രഹം രാഗം സുഖം തുടങ്ങിയ വികാരങ്ങളാണ് സംസാരത്തെ ജനിപ്പിക്കുന്നത്. ബുദ്ധിയില്‍ ഈ വക വികാരങ്ങളുണ്ടാകുമ്പോള്‍ സംസാരത്തിന് നാശമുണ്ടാകുകയില്ല. സുഷുപ്തിയില്‍ സുഖദുഃഖങ്ങളോ ഇച്ഛയോ രാഗമോ ഒന്നുമില്ലാത്തതിനുകാരണം ബുദ്ധി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ്. ജീവന് അനാദിയായ മായയില്‍ പ്രതിബിംബിക്കുന്ന ചിത്തത്തിന്റെ പ്രകാശമാണ്. എന്നാല്‍ ആത്മാവ് ഇതില്‍ നിന്നും സാക്ഷിയായി വേറിട്ടു നില്ക്കുന്നതേയുള്ളു. ആത്മാവ് അപരിച്ഛിന്നനുമാണ്. വായുവിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അഗ്നി ഇരുമ്പില്‍ പ്രകാശിക്കുന്നു. അതുപോലെ അജഡമായ ചിദാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് ചിത്ത്ബിംബം ബുദ്ധിയില്‍ പ്രകാശിക്കുന്നു. അവയുടെ അന്യോന്യ അധ്യാസംകൊണ്ട് പരമാത്മാവിനും ബുദ്ധിക്കും ജഡത്വവും ജഡത്വമില്ലായ്മയും തോന്നുന്നു.
ഗുരുവിന്റെ ഉപദേശം കൊണ്ടും വേദവാക്യങ്ങള്‍ മനനംചെയ്യുന്നതുകൊണ്ടും ജ്ഞാനം സിദ്ധിക്കണം. അപ്പോള്‍ ആത്മാവ് തന്നില്തന്നെയെന്നറിയാന് തുടങ്ങും. അതിന് ആത്മാവല്ലാത്ത ജഡരൂപങ്ങളെയെല്ലാം ഉപേക്ഷിക്കണം. എന്നിട്ട് അഹര്‍ന്നിശം സദാ ഇപ്രകാരം മനനംചെയ്യണം. ഞാന്‍ പ്രകാശരൂപനാണ്. ഞാന്‍ ജനിക്കുന്നില്ല. ഞാന്‍ നിര്‍മ്മലനും അദ്വയനും സുകൃതിയും ആനന്ദസ്വരൂപനുമാണ്. ഞാന്‍ സമ്പൂര്‍ണ്ണനാണ്. സംസാരത്തില്‍ നിന്നും വിമുക്തനും നിഷ്ക്രിയനുമാണ് ഞാന്‍. അളവില്ലാത്ത ശക്തിയുടെ ഉറവിടമായ ഞാന്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയപ്പെടാന്‍ കഴിയാത്തവനാണ്. വിദ്വാന്മാരായ ബുദ്ധിമാന്മാര് രാവും പകലും എന്നെ ഹൃദയത്തില്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരം ആത്മവിചാരം ചെയ്തുകൊണ്ടിരുന്നാല്‍ രസായനം കഴിക്കുമ്പോള്‍ രോഗശമനം വരുമ്പോലെ കാരകങ്ങളോടുകൂടിയ അവിദ്യ
നശിക്കും. അതിന് ഏതെങ്കിലും വിജനസ്ഥലത്തിരുന്ന് ഇന്ദ്രിയവ്യാപാരങ്ങളെ അടക്കി മനസ്സിനെ ആദ്യം കീഴടക്കണം. എന്നില്‍ അന്യചിന്തകളൊന്നും കൂടാതെ പരമാത്മാവില്‍ തന്നെ മനസ്സുറപ്പിക്കണം. ഈ വിശ്വം പരമാത്മാവ് എന്നു കണ്ടുകൊണ്ട് അതിനെ പരമാത്മാവില്‍ ലയിപ്പിക്കണം. അതിനുശേഷം ബാഹ്യമായോ ആന്തരമായോ ഉള്ള യാതൊന്നിനെയും അറിയുകയില്ല. സമാധിയുടെ ആദിയില്‍ ചരാചരാത്മകമായ ഈ പ്രപഞ്ചം ഓങ്കാരരൂപമാണെന്ന് വിചാരിക്കണനം. പ്രപഞ്ചം വാച്യമാണെന്നും പ്രണവം വാചകമാണെന്നും ജ്ഞാനംകൊണ്ടുമാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. കേവലബോധത്തിനപ്പുറമാണ് ജ്ഞാനം. ജ്ഞാനികള്‍ പറയുന്നത് അ ഉ മ് എന്നീ അക്ഷരങ്ങളുടെ സംയോഗമാണ് പ്രണവമെന്നാണ്. ഇതിലെ അകാരം വിശ്വപുരുഷനും, ഉകാരം തൈജസപുരുഷനും മകാരം പ്രാജ്ഞപുരുഷനുമാണ്. ഈ ജ്ഞാനവും കേവലമായ ബുദ്ധികൊണ്ട് ഉണ്ടാകുന്നതല്ല. സമാധിയിലൂടെ മാത്രമേ ലഭിക്കുകയുള്ളു. നാനാരൂപങ്ങളായി നില്ക്കുന്ന വിശ്വപുരുഷനായ അകാരത്തെ തൈജസപുരുഷനായ ഉകാരത്തില് ലയിപ്പിക്കണം. പിന്നീട് ഉകാരത്തെ പ്രണവത്തിന്റെ അവസാനാക്ഷരമായ പ്രാജ്ഞപുരുഷനായ മകാരത്തില്‍ ലയിപ്പിക്കണം. എന്നിട്ട് പ്രാജ്ഞപുരുഷനേയും മകാരത്തേയും ചിദ്ഘനനായ പരമാത്മാവില്‍ ലയിപ്പിക്കണം. അപ്പോള്‍ ഉപാധികളില്‍നിന്നും വേറിട്ട് നിര്‍മ്മലനും പരമാത്മാവുമാണ് ഞാന്‍ എന്ന് അനുഭവിക്കാന്‍ കഴിയും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: