ഷിര്‍ദിയിലെ അറിയപ്പെടുന്ന ജ്യോതിഷിയായിരുന്നു ലക്ഷ്മണ് റാവ് കുല്‍ക്കര്‍ണി. തികഞ്ഞ യാഥാസ്ഥിതിക ബ്രാഹ്മണന്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം പാലിച്ചു പോന്ന കുല്‍ക്കര്‍ണിക്ക് തന്‍പോരിമ കൂടുതലായിരുന്നു. ഷിര്‍ദിബാബയുടെ സിദ്ധികളോടും ബാബാഭക്തരോടും അദ്ദേഹത്തിന് പുച്ഛമായിരുന്നു.
ഞാനെന്ന ഭാവമായിരുന്നു കുല്‍ക്കര്‍ണിയുടെ മുഖമുദ്ര. മറ്റാരേയും അംഗീകരിക്കാത്ത പ്രകൃതം. സ്വയം മറന്ന് അഹങ്കരിച്ചു നടന്ന കുല്‍ക്കര്‍ണിയ്ക്ക് ദൈവം തിരിച്ചടി നല്‍കിയത് മാറാവ്യാധിയിലൂടെയായിരുന്നു.
അത് അദ്ദേഹത്തിനൊരു തിരിച്ചറിവായി. ആത്മപരിശോധനയ്ക്ക് ദൈവം നല്കിയ അവസരം. അതോടെ കുല്‍ക്കര്‍ണിയുടെ അഹന്ത ശമിച്ചു. രോഗാവസ്ഥ കടുതല്‍ സങ്കീര്‍ണമായി. കുല്‍ക്കര്‍ണി അഭയം തേടിയത് ബാബയുടെ പാദങ്ങളില്‍ . ദ്വാരകാമായിയിലെത്തിയ നിമിഷം തന്നെ അസുഖം പാതിമാറിയതു പോലെ അനുഭവപ്പെട്ടു.
നേരെ ബാബയുടെ സവിധത്തിലേക്കു നടന്നു. തന്റെ മുമ്പിലെത്തിയ കുല്‍ക്കര്‍ണിയെ ബാബ അടിമുടി നോക്കി. അരികില്‍ വിളിച്ച് മെയ്യില്‍ തലോടി. ‘ ഇനി വീട്ടിലേക്ക് മടങ്ങിക്കോളൂ. ഈശ്വരന് തുണയ്ക്കും.’ ബാബ പറഞ്ഞു. കുല്‍ക്കര്‍ണി തിരിച്ചു പോയി. അദ്ദേഹത്തിന്റെ അസുഖം മാറി. അഹന്തയും. തികഞ്ഞ ബാബാ ഭക്തനായി.
കുല്‍ക്കര്‍ണിയുടെ ഏകമകനായിരുന്നു ബപ്പാജി. കുഞ്ഞായിരിക്കെ ബപ്പാജിയ്ക്കും ഏതോ മാറാദീനം പിടിപെട്ടു. നാള്‍ക്കുനാള്‍ രോഗനില വഷളായി തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയോര്‍ത്ത് ആശങ്കയേറിയെങ്കിലും ബാബ തന്റെ മകനേയും കാത്തുകൊള്ളുമെന്ന പൂര്‍ണ വിശ്വാസമായിരുന്നു അദ്ദേഹത്തിന്.
മകന് മരുന്നിനൊപ്പം ബാബ നല്കിയ ഉദി( ഭസ്മം) യും കുല്‍ക്കര്‍ണി നല്‍കുമായിരുന്നു. എത്രയൊക്കെയായിട്ടും അസുഖം മാറിയില്ല. ഒടുവില്‍ കുല്‍ക്കര്‍ണി ബാബയുടെ കാല്ക്കല് ഭയം തേടി. മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് കേണപേക്ഷിച്ച് ബാബയുടെ പാദങ്ങള്‍ വണങ്ങി.
എന്നാല്‍ അപ്രതീക്ഷിതമായിരുന്നു ബാബയുടെ ഭാവമാറ്റം. ‘പോ, എന്റെ മുമ്പില്‍ നിന്ന് ‘. ബാബ ആക്രോശിച്ചു. ശകാരവര്‍ഷവും തുടങ്ങി. ബാബയുടെ കോപശരങ്ങേറ്റുവാങ്ങി കുല്‍ക്കര്‍ണി നിറകണ്ണുകളോടെ വീട്ടിലേക്ക് നടന്നു. ബാബ തന്നോട് ഇങ്ങനെ പെരുമാറാന്‍ കാരണമെന്താവുമെന്ന് എത്ര ചിന്തിച്ചിട്ടും അദ്ദേഹത്തിന് ബോധ്യമായില്ല.
ബാബയുടെ ഭക്തനായ ശേഷവും കുല്‍ക്കര്‍ണിയിലെ പഴയ ശീലങ്ങള്‍ പലതും മാറിയിരുന്നില്ല. ബാബ അത് മനസ്സിലാക്കിയിരുന്നു.
കുല്‍ക്കര്‍ണി വീട്ടിലെത്തി. അല്പം കഴിഞ്ഞപ്പോള്‍ ബാബയും ദ്വാരകാമായിയില്‍ നിന്നിറങ്ങി. നേരെ പോയത് കുല്‍ക്കര്‍ണിയുടെ വീട്ടിലേക്ക്. അവിടെയെത്തി ബപ്പാജിയെ കണ്ടു. സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകളാല്‍ ആശ്വസിപ്പിച്ച് ബപ്പാജിയെ തലോടി തിരിച്ചു പോയി. ഞൊടിയിടയ്ക്കുള്ളില്‍ അസുഖമെല്ലാം മാറി ഉന്മേഷവാനായി ബപ്പാജി എഴുന്നേറ്റിരുന്നു . കുല്‍ക്കര്‍ണിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
ബാബ ഈ്വശാരാംശമല്ല അവതാരം തന്നെയെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ബാബ സമാധിയാകുന്ന ദിവസം വരേയും കുല്‍ക്കര്‍ണി പതിവായി ദ്വാരകാമായിയിലെത്തുമായിരുന്നു. ദര്‍ശനം നടത്തി ദക്ഷിണ നല്‍കിയേ മടങ്ങാറുള്ളൂ.
ബാബ നിര്‍വാണമടഞ്ഞ നാളിലും ആ ദിവ്യ സാമീപ്യമറിയാനുള്ള ഭാഗ്യം കുല്‍ക്കര്‍ണിക്കുണ്ടായി. പതിവായി ദ്വാരകാമായിയില്‍ കാക്കടാരതി (പ്രഭാത ആരതി) നടത്തിയിരുന്നത് ബാപ്പു സാഹബായിരുന്നു. ബാബ സമാധിയായ ദിവസം ആരതിയുള്‍പ്പെടെ പതിവു ചടങ്ങുകളെല്ലാം നിര്‍ത്തി വെച്ചിരുന്നു. അന്നു രാത്രിയില്‍ കുല്‍ക്കര്‍ണിക്ക് ബാബ സ്വപ്നദര്‍ശനം നല്കി. ‘വരൂ, വന്നെനിക്ക് കാക്കടാരതി നല്‍കൂ. പതിവായി ബാപ്പു സാഹബാണ് അത് നടത്തിയിരുന്നത്. ഞാന്‍ മരിച്ചെന്നു കരുതി ഇന്ന് ആരതി നടന്നില്ല. താങ്കള്‍ വന്ന് അത് നടത്തണം. ഞാനിപ്പോഴും ജീവനോടെയിരിപ്പുണ്ട്.’ അതായിരുന്നു സ്വപ്നം.
കുല്‍ക്കര്‍ണി ഏഴരവെളുപ്പിന് ദ്വാരകാമായിയലെത്തി. ബാബയുടെ ചേതനയറ്റ ദേഹം കണ്ടു. മുഖം മറച്ചിരുന്ന തുണിയെടുത്തു മാറ്റി. പാദങ്ങള്‍ നമസ്ക്കരിച്ച് പൂജയാരംഭിച്ചു. ആ നേരം ബാബയുടെ കൈകള്‍ ചലിച്ചതിന് അവിടെക്കൂടിയവരെല്ലാം സാക്ഷിയായി. നിറഞ്ഞ കണ്ണുകളോടെ വിറയ്ക്കുന്ന കൈകളോടെ ബാബയുടെ കൈകള്‍ തുറന്ന് ദക്ഷിണയര്പ്പിച്ചു.
പിന്നീട് ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: