ബസ് യാത്രകളിലെ വിരസതയകറ്റാന്‍ കണ്ടെത്തിയ വിനോദത്തിലൂടെ ലത നേടിയത് ലോകോത്തര ബഹുമതിയാണ്. 50 ഇംഗ്ലീഷ് വാക്കുകള്‍ ഒരു മിനിറ്റ് 7 സെക്കന്റ് 53 മില്ലി സെക്കന്റ് കൊണ്ട് വിപരീത ദിശയില്‍ പറഞ്ഞാണ് ലത ആര്. പ്രസാദ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.
വിനോദമാണെങ്കിലും ഇതിന് പിന്നില്‍ ഒരു കൂട്ടം ആള്‍ക്കാരുടെ പരിശ്രമമുണ്ട്. വര്‍ഷങ്ങളുടെ കഠിനാധ്വാനമുണ്ട്. 14 വര്‍ഷത്തെ പരിശീലനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലമാണ് ലത നേടിയ ലോക റെക്കോര്‍ഡ്. 50 വാക്കുകള്‍ 1 മിനിറ്റ് 22 സെക്കന്റ് 53 മില്ലി സെക്കന്റില്‍ തിരിച്ച് പറഞ്ഞ് 2013ല്‍ ഹിമാചല്‍ പ്രദേശ് സ്വദേശി ശിശിര്‍ ഹത്വാ നേടിയ റെക്കോര്‍ഡാണ് ലത മറികടന്നത്. പരേതരായ തൊടുപുഴ കീരിക്കോട് കുഞ്ഞിക്കൃഷ്ണപിള്ളയുടെയും രാധമ്മയുടെയും മകളെ നിശ്ചയദാര്ഢ്യക്കാരിയാക്കിയത് അച്ഛനാണ്. നേട്ടങ്ങള്‍ക്ക് ഉപകരിച്ച ചിട്ടയായ ജീവിത ശൈലിയും, ഏതു പ്രവൃത്തിയും പൂര്‍ണതയിലെത്തിക്കുന്ന ശീലവും കണ്ടു പഠിച്ചത് അച്ഛനില്‍ നിന്നാണ്.
ബിഎ എക്കണോമിക്സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 13 വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ കളരിക്കല്‍ ആര്. രാജേന്ദ്രപ്രസാദുമായുള്ള വിവാഹശേഷം അദ്ദേഹത്തിന്റെ ബിസിനസ്സില്‍ പങ്കാളിയായി. ബിസിനസ്സുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടി വന്നു. ഉറക്കം പോലും കൂട്ടിനെത്താത്ത വിരസമായ യാത്രകള്‍. ഇടയ്ക്കെപ്പോഴോ വഴിയരികില്‍ കണ്ട ബോര്‍ഡിലെ അക്ഷരങ്ങള്‍ തിരിച്ചുനാവില് വന്നു. പിന്നീടുള്ള യാത്രകളില്‍ മിന്നിമറയുന്ന ബോര്‍ഡുകളിലെ അക്ഷരങ്ങള്‍ തിരിച്ച് പറയുന്നത് നേരംപോക്കായി. മൂന്ന് വര്‍ഷത്തോളമാണ് ഈ തിരിച്ചു ചൊല്ലല്‍ ആരുമറിയാതെ പോയത്.
വിരസവേളകള്‍ ആനന്ദകരമാക്കിയ തലതിരിച്ചുചൊല്ലല് പരസ്യമായത് അപ്രതീക്ഷിതമായാണ്. കുടുംബ സദസിലെ സംസാരത്തിനിടയില്‍ ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ലത തല തിരിച്ചുപറഞ്ഞതാണ് ബഹുമതിയിലേക്കുള്ള ആദ്യപടി. വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് തുടര്‍ച്ചയായി ചോദിച്ച പല വാക്കുകളും ലത തിരിച്ചുപറഞ്ഞു. മകന് നല്കിയ ഇംഗ്ലീഷ് വാക്കുകള്‍ക്കും തലതിരിഞ്ഞ മറുപടി തല്‍ക്ഷണമായിരുന്നു.
തിരിച്ച് ചൊല്ലുന്നത് നാലു ഭാഷകളില്‍
അസാധാരണമായ അഭിരുചി ആരുമറിയാതെ പോകരുതെന്ന നിര്‍ബന്ധം രാജേന്ദ്രപ്രസാദിനായിരുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്കൃതം ഭാഷകളില്‍ തിരിച്ച് ചൊല്ലല്‍ പരിശീലനവും, സ്റ്റേജ് പ്രോഗ്രാമുകളും നടത്തി. സദസ്യരില്‍ നിന്ന് വരുന്ന വാക്കുകള്‍ വിപരീതദിശയില്‍ നല്‍കിയത് ശരവേഗത്തിലാണ്. നാലു ഭാഷകളില്‍ വാക്കുകള്‍ തിരിച്ചുപറയുന്ന ലതയുടെ ഓരോ സ്റ്റേജ് പ്രോഗ്രാമുകളും അത്ഭുതമാകുകയായിരുന്നു. ഗിന്നസില്‍ കയറണമെന്ന ആഗ്രഹത്തിന് കാരണവും സജീവമായ സ്റ്റേജ് പ്രോഗ്രാമിലെ കൈയടികളാണ്.
തലതിരിച്ച് ചൊല്ലലില്‍ ഹിമാചല്‍പ്രദേശ് സ്വദേശി ഗിന്നസില്‍ കയറിയിട്ടുണ്ടെന്ന അറിവ് ലഭിച്ചത് ഗൂഗിളിലൂടെയാണ്. ഗിന്നസിലേക്കുള്ള വഴി തിരയലായിരുന്നു അടുത്ത കടമ്പ. ഇന്റര്‍നെറ്റ് സഹായിച്ചെങ്കിലും അതിലേറെ സംശയങ്ങളായിരുന്നു ബാക്കി. സംശയനിവൃത്തിക്കായി ഭര്‍ത്താവിനും മകനുമൊപ്പം പലരെയും നേരില്‍ കണ്ടു. യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം ജൂറിയും ഗിന്നസ് ജേതാവുമായ ഡോ. സുനില്‍ ജോസഫില്‍ നിന്നാണ് ഗിന്നസിന്റെ നിയമാവലികള്‍ മനസ്സിലാക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശീലനം.
പരീക്ഷണങ്ങളുടെ പരിശീലന കാലം
ഗിന്നസ് പ്രകടനത്തിന് തയാറെടുക്കാന്‍ മൂന്ന് വര്‍ഷമാണ് കഠിനപ്രയത്നം നടത്തിയത്. പരിശീലന കാലയളവായിരുന്നു ഗിന്നസ് പ്രകടനത്തേക്കാള്‍ ഏറെ പരീക്ഷണമെന്ന് ലത പറയുന്നു. ഗിന്നസിലേക്ക് ഇംഗ്ലീഷ് പദങ്ങള്‍ മാത്രമേ കണക്കാക്കൂ. ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഒരു വാക്ക് തിരിച്ചുപറയണമെങ്കില് വാക്ക് അറിയണം, അതിന്റെ അര്‍ത്ഥമറിയണം. നിലവില്‍ ഈ വിഷയത്തില്‍ റെക്കോര്‍ഡ് ഉള്ളതിനാല്‍ അത് തകര്‍ത്താല്‍ മാത്രമേ ഗിന്നസില്‍ കേറാന്‍ കഴിയൂ. ആറ്, ഏഴ്, എട്ട് സ്പെല്ലിങ്ങുകളുള്ള റെക്കോര്‍ഡായിരുന്നു ശിശിര്‍ ഹത്വയുടേത്. ഇതിനായി ആറും ഏഴും എട്ടും സ്പെല്ലിങ്ങുള്ള മുഴുവന്‍ വാക്കുകള്‍ എഴുതിയെടുത്തു. ഈ വാക്കുകളുടെ സ്പെല്ലിങ്ങും അര്‍ത്ഥവും ഉച്ചാരണവും പഠിച്ചു. ദിവസവും 18 മണിക്കൂറോളമാണ് പരിശീലനത്തിനായി വിനിയോഗിച്ചത്. വേഗതയായിരുന്നു അടുത്ത ഘട്ടം. അതിനായി വാക്കുകളിലും അവയുടെ വിപരീതദിശയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാന്‍ മറന്നു. സംസാരിക്കുന്നതൊക്കെയും തല തിരിഞ്ഞ് പോകുന്ന അവസ്ഥയായി. ഏകാഗ്രവും ദൃഢവുമായ മനസ്സായിരുന്നു പ്രധാനം. ഇതിനായി യോഗയും ധ്യാനവും ശീലമാക്കി.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലായിരുന്നു പ്രകടനം. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം അധികൃതരും 120 ഓളം കാണികളും. എംജി യൂണിവേഴ്സിറ്റി റിട്ട. സെക്ഷന്‍ ഓഫീസര്‍ കെ.വി. ഫിലിപ്പാണ് അതിവേഗം അമ്പതുവാക്കുകള്‍ ചോദിച്ചത്. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തിയ ഓഡിയോ, വീഡിയോ, മറ്റ് രേഖകള്‍ ഇവയെല്ലാം ചേര്‍ത്ത് ഗിന്നസ് ആസ്ഥാനമായ ലണ്ടനിലേക്ക് അയച്ചുകൊടുത്തു. അവിടെ നടന്ന പരിശോധനയ്ക്ക് ശേഷം ലഭിച്ച അവാര്‍ഡ് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ട. ജസ്റ്റീസ് കെ.ടി. തോമസില്‍ നിന്ന് ലത ഏറ്റുവാങ്ങി. 2017ല്‍ ഇതേ ഇനത്തില്‍ യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ആത്മീയ സാമൂഹിക പ്രഭാഷണരംഗത്ത് സജീവയായ ലത കവയിത്രിയുമാണ്. 2017ല്‍ വേഴാമ്പല്‍ എന്ന കവിതാസമാഹാരം പുറത്തിറക്കി.
നേട്ടത്തിന് അവകാശികള്‍ ഏറെ
ഗിന്നസ് ബുക്കില്‍ പേര് കിടക്കുന്നത് ലത ആര്. പ്രസാദ്, കളരിക്കല്‍ എന്നാണെങ്കിലും തനിക്ക് കിട്ടിയ അവാര്‍ഡ് ലത പകുത്തു നല്‍കുകയാണ്. തലതിരിഞ്ഞ വാക്കുകള്‍ക്കായി മാറ്റിവച്ച ദിവസങ്ങളില്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഭര്‍ത്താവ് രാജേന്ദ്ര പ്രസാദ്, മകന് അരവിന്ദ്, രാവും പകലും കൂടെയിരുന്നു വാക്കുകള്‍ ചൊല്ലി പഠിക്കാന്‍ സഹായിച്ച ലിഖയെന്ന കൂട്ടുകാരി, മാനസിക ശക്തി നല്കിയ യോഗാ ടീച്ചര്‍ ശ്രീജ, വി.ആര്. സോമന് സാറും ഭാര്യ രാധാകുമാരി ടീച്ചറും, എം.ആര്. രാധാകൃഷ്ണന്… നിര നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: