കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണന തുടരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ അടക്കം താറുമാറായി തുടരുന്നു. വള്ളസദ്യക്കാലം കൂടിയായതോടെ ക്ഷേത്രത്തില്‍ തിരക്കും വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.
ആറ് വര്‍ഷം മുന്‍പ് തകര്‍ന്ന പടിഞ്ഞാറേ ഗോപുരത്തിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്. ഇതോടെ പടിഞ്ഞാറെ ഗോപുരത്തിന്റെ ഭാഗത്തു കൂടി രാത്രിയും പകലും ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ആര്‍ക്കും മതില്‍ക്കകത്ത് കയറുകയും ഇറങ്ങുകയും ചെയ്യാന്‍ കഴിയുമെന്ന സ്ഥിതിയിലാണ്. ആറന്മുള ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കൂടാതെ ശബരിമല തങ്കയങ്കി ഉള്‍പ്പടെ വിലമതിക്കുവാനാകാത്ത തിരുവാഭരണങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടുത്തെ സ്‌ട്രോംഗ് റൂമിലാണ്. എന്നിട്ടും യാതൊരു വിധ സുരക്ഷാ സംവിധാനം ഒരുക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടുമില്ല.
മുന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അനുവദിച്ച ഗോപുരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭക്തജനങ്ങളെയും ആശങ്കയിലാക്കുന്നു. ക്ഷേത്രത്തിന്റെ സമീപവാസിയായ വ്യക്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയപ്പോഴെങ്കിലും പടിഞ്ഞാറെ ഗോപുര നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കരുതിയ ഭക്തജനങ്ങള്‍ക്ക് നിരാശ മാത്രമാണ് ഫലം.
ഗോപുര നിര്‍മ്മാണത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കാട്ടുന്ന അവഗണനയില്‍ നാട്ടുകാര്‍ക്കിടയിലും അമര്‍ഷവും പ്രതിഷേധവുമുണ്ട്. പാതി വഴിയിലായപടിഞ്ഞാറെ ഗോപുരത്തിനു ചുറ്റും കാടും പടര്‍പ്പും വളര്‍ന്ന് അടിത്തറയുടെ ഭാഗങ്ങള്‍ മൂടിയ നിലയിലായിട്ട് മാസങ്ങളായി.
















