വണ്ണപ്പുറം: പ്രകൃതി സൗന്ദര്യം പകര്‍ത്താനെത്തി കോടമഞ്ഞില്‍ വനത്തില്‍ ദിശതെറ്റി ഒറ്റപ്പെട്ട് പോയ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ക്ക് രക്ഷകരായി കാളിയാര്‍ പോലീസ്. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ അമിത് വ്യാഴാഴ്ച രാവിലെയാണ് കാളിയാറിന് സമീപത്തെ കാറ്റാടിക്കടവില്‍ എത്തുന്നത്.
കമ്പനിയുടെ ആവശ്യത്തിനായി മഞ്ഞ് നിറഞ്ഞ് നില്‍ക്കുന്ന പ്രകൃതിഭംഗി പകര്‍ത്തുന്നതിനായിരുന്നു ഇത്. ദിശതെറ്റിയ യുവാവ് പോകേണ്ടതിന് എതിര്‍ വശത്തേക്ക് മൂന്ന് കിലോ മീറ്ററോളം സഞ്ചരിച്ച് മുള്ളരിങ്ങാട് റേഞ്ചിന് സമീപത്തെ തുമ്പിതുള്ളും പാറയില്‍ എത്തുകയായിരുന്നു.
പ്രധാനപാതയില്‍ നിന്ന് മൂന്ന് കിലോ മീറ്ററോളം ഉള്ളിലേക്ക് കയറിയാണ് കാറ്റാടിക്കടവ്. ചുറ്റിനടന്ന് ഫോട്ടോ എടുത്ത ശേഷം തിരിച്ചിറങ്ങി. ഏറെ ദൂരം പിന്നിട്ടപ്പോഴാണ് വഴി തെറ്റിയത് മനസിലായത്. കഴിക്കാന്‍ ഭക്ഷണവും കുടിക്കാന്‍ വെള്ളവും ഇല്ലാതായതോടെ അവശനായി. ഏറെ നേരത്തിന് ശേഷം മൊബൈലിന് റേഞ്ച് കിട്ടിയതോടെ 100ല്‍ വിളിച്ച് വിവരം അറിയിച്ചു. കോള്‍ കോട്ടയത്ത് കിട്ടിയതോടെ ഇവരാണ് കാളിയാര്‍ പോലീസിന് വിവരം അറിയിക്കുന്നത്. അപ്പോള്‍ സമയം 12.30 കഴിഞ്ഞിരുന്നു. ഫോണിന് ചാര്‍ജ് കുറഞ്ഞതും പ്രശ്‌നമായി, ഉടന്‍ തന്നെ കാളിയാര്‍ എസ്‌ഐ വി.സി. വിഷ്ണുകുമാര്‍ അമിതിനെ വിളിച്ച സ്ഥലത്ത് നിന്ന് മാറരുതെന്ന് നിര്‍ദേശിച്ചു.
പിന്നീട് ലൊക്കേഷന്‍ കണ്ടെത്തി പോലീസുകാര്‍ പ്രദേശത്തെ ഒരു നാട്ടുകാരന്റെ സഹായത്തോടെ ഇവിടെ എത്തുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ സംഘം കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തി. ഈ സമയം അമിത്തിന്റെ അച്ഛനും സ്ഥലത്തെത്തിയിരുന്നു. പോലീസിന് നന്ദി പറഞ്ഞ് ഇരുവരും മടങ്ങി. ഉദ്യോഗസ്ഥന്‍ മാരായ ഉണ്ണി കൃഷ്ണന്‍, ത്രിദീപ് ചന്ദ്രന്‍, പ്രമോദ്, ശശി, അനീഷ് സത്താര്‍, സിജോ എന്നിവരാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തത്.
















