കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ അഞ്ചുവര്‍ഷം നയിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അടല്‍ ബിഹാരി വാജ്പേയി. ആറുപതിറ്റാണ്ടിലധികം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അടല്‍ജി ഇല്ലാത്ത ഒരുവര്‍ഷമാണ് കടന്നുപോയത്. 2018 സ്വാതന്ത്ര്യദിന പിറ്റേന്നാണ് രാജ്യത്തെ നടുക്കിയ വിയോഗ വാര്‍ത്തയുണ്ടായത്. 1996 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അടല്‍ജി വേറിട്ട പ്രധാനമന്ത്രിയായിരുന്നു. പൊക്രാന്‍ ആണവ സ്ഫോടനം, കാര്‍ഗില്‍ യുദ്ധം എന്നിവ മാത്രം പരിശോധിച്ചാലറിയാം മികവുറ്റ പ്രധാനമന്ത്രിയുടെ മഹിമ. എല്ലാ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വിജയപൂര്‍വം തരണം ചെയ്യാന്‍ അദ്ദേഹത്തിനായി. ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് അടല്ജിയാണു വഴികാട്ടി.
മൂന്നുതവണയാണ് അടല്‍ജി കേന്ദ്ര മന്ത്രിസഭയില്‍ ഒന്നാമനായി സത്യപ്രതിജ്ഞ ചെയ്തതെങ്കില്‍ നരേന്ദ്രമോദി രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. പ്രതിയോഗികളുടെ കള്ളപ്രചാരണങ്ങളെയും സംഘടിത നീക്കങ്ങളെയും വമ്പിച്ച ജനപിന്തുണയോടെ തള്ളിക്കളഞ്ഞ നരേന്ദ്രമോദിക്ക് പ്രേരണയും പ്രോത്സാഹനമായത് അടല്‍ജിയാണെന്ന് നിസ്സംശയം പറയാം. വാജ്പേയി ഭരണകാലം അഴിമതിമുക്തമായിരുന്നു. പ്രധാനമന്ത്രിക്കെതിരെ എന്നല്ല മന്ത്രിമാര്‍ക്കെതിരെയും കാമ്പുള്ള ഒരു ആരോപണവും വന്നില്ല. നരേന്ദ്രമോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണകാലത്തും അഴിമതികഥകള്‍ കേള്‍ക്കേണ്ടിവന്നില്ല.
അടല്‍ജി എല്ലാ ഭരണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മഹനീയ മാതൃകയാണ്. ജമ്മുകാശ്മീരിനുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ജനസംഘകാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയാണ്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഈ ആവശ്യത്തിനായി സമരം നയിച്ചതിന്റെ പേരില്‍ കരുതല്‍ തടങ്കലില്‍ രക്തസാക്ഷിയായതാണ്. അടല്‍ജി തുടര്‍ന്ന് ജനസംഘത്തെയും ബിജെപിയെയും നയിച്ചപ്പോള്‍ 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രക്ഷോഭം നയിച്ചു. തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് അതിന് സാധിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന് നരേന്ദ്രമോദി വന്‍ഭൂരിപക്ഷത്തോടെ വീണ്ടും പ്രധാനമന്ത്രിയായി നൂറുദിവസം തികയും മുമ്പ് തന്നെ കശ്മീരിനുള്ള പ്രത്യേകാധികാരം ഇല്ലാതാക്കി. ഒരു രാഷ്ട്രം, ഒരു രാഷ്ട്രപതാക, ഒരു ഭരണഘടന എന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെയും വാജ്പേയിയുടെയും അടക്കമുള്ള ദേശീയ ജനതയുടെ സ്വപ്നം സാര്‍ഥകമായി.
1953ലെ കശ്മീര്‍ സത്യാഗ്രഹസമയത്ത് ഡോ. മുഖര്‍ജിയുടെ എഴുത്തുകുത്തുകള്‍ കൈകാര്യം ചെയ്യുക, പരിപാടികള്‍ ഏര്‍പ്പാടു ചെയ്യുക മുതലായ ആവശ്യങ്ങള്‍ക്ക് ദീനദയാല്‍ജി നിയോഗിച്ചത് അടല്ബിഹാരിയെയായിരുന്നു. സത്യഗ്രഹത്തിന് മുമ്പ് നടന്ന പ്രചാരണ യോഗങ്ങളില്‍ അടല്‍ബിഹാരി ചെയ്ത പ്രസംഗങ്ങള്‍ അത്യന്തം ആകര്‍ഷകങ്ങളായി. ഉത്തരപ്രദേശത്തിനു പുറത്ത് ഒരു പ്രസംഗകനെന്ന നിലക്ക് വാജ്പേയി അറിയപ്പെടുന്നത് ആ അവസരത്തിലാണ്. പഞ്ചാബില്‍നിന്ന് ജമ്മുവിലേക്കു കടക്കാനുള്ള അതിര്ത്തിപ്പാലത്ത് വെച്ച് ഡോ മുഖര്‍ജിയെ ഷേക് അബ്ദുള്ളയുടെ പോലീസ് അറസ്റ്റുചെയ്യുന്നതുവരെ വാജ്പേയി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഡോ. മുഖര്‍ജിയുടെ മരണവാര്‍ത്തയാണ് പുറത്തുവന്നത്. അതു രാഷ്ട്രത്തെയാകെ നടുക്കി. മരണത്തിനിടയാക്കിയ ദുരൂഹ സാഹചര്യങ്ങളെക്കുറിച്ച് അനേ്വഷണം നടത്താന്‍പോലും പ്രധാനമന്ത്രി നെഹ്റു തയ്യാറായില്ല.
ഐക്യരാഷ്ട്രപൊതുസഭയിലേയ്ക്ക് വിജയലക്ഷ്മി പണ്ഡിറ്റ് നിയോഗിക്കപ്പെട്ട ഒഴിവില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനസംഘം അവിടെ യുവാവായ വാജ്പേയിയെ നിര്‍ത്തി. പുതിയൊരു രാഷ്ട്രീയ നേതാവിന്റെ ഉദയം അദ്ദേഹത്തില്‍ ലഖ്നൗവാസികള് കണ്ടു. അവര്‍ക്ക് പ്രസംഗങ്ങളും അവയിലൂടെ നല്കപ്പെട്ട സന്ദേശവും നന്നായിതോന്നി. പക്ഷേ വിജയിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. 1991ലാണ് അവര്‍ സര്‍വാത്മനാ അതിനു തയ്യാറായത്.
1957ലെ പൊതുതെരഞ്ഞെടുപ്പു ജനസംഘത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി ഡോ. മുഖര്‍ജിയുടെ മരണശേഷം നടക്കുന്ന ആദ്യത്തെതാണത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി രൂപംകൊണ്ടുകഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ കഴിയുന്നത്ര സ്ഥാനങ്ങളില്‍ മത്സരിക്കുക എന്നതായിരുന്നു ദീനദയാല്‍ജിയുടെ നയം അത്രയും കൂടുതല്‍ സ്ഥലങ്ങളില്‍ ജനസംഘത്തിന്റെ സന്ദേശമെത്തിക്കാന്‍ അവസരമുണ്ടാകുമല്ലൊ. മിക്കസ്ഥലങ്ങളിലും ജാമ്യ സംഖ്യ നഷ്ടപ്പെടുമായിരുന്നു. ആയിനത്തില്‍ സര്‍ക്കാരിന് ഏറ്റവും മുതല്‍ക്കൂട്ടിയ പാര്‍ട്ടിയെന്ന് പത്രങ്ങള്‍ ജനസംഘത്തെ കളിയാക്കി. അതിലൊന്നും ദീനദയാല്‍ജിക്ക് കൂസലുണ്ടായില്ല. എത്രവലിയ യാത്രയുടെ ആരംഭവും ആദ്യത്തെ ചെറുകാല്വെപ്പിലാണെന്ന് അദ്ദേഹം പറയുമായിരുന്നു.
1957ല്‍ ജനസംഘത്തിന് 15 സീറ്റു കിട്ടി. അതില്‍ വാജ്പേയിയുടെ ബല്‍റാംപൂരും പെട്ടു. ലോകസഭയില്‍ പുതിയ താരം ഉദിച്ചു. വിദേശകാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ കന്നി പ്രസംഗം പണ്ഡിറ്റ് നെഹ്റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പേരെടുത്തു പറഞ്ഞു വാജ്പേയിയെ അഭിനന്ദിക്കാനും മടിച്ചില്ല. ‘റൈറ്റ് മാന്‍ ഇന്‍ ദ റോങ്ങ് പാര്‍ട്ടി’ എന്ന് അന്നുതന്നെ കോണ്‍ഗ്രസ്സിലെ പലരും ചിന്തിച്ചിരിക്കും. ഇത്രയും നല്ല പ്രാസംഗികനെ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാതിരിക്കുക.
അതോടെ വാജ്പേയിയുടെ പ്രവര്‍ത്തനകേന്ദ്രം ദല്‍ഹിയായി. ഔദേ്യാഗിക വസതിയില്‍ത്തന്നെ ദീനദയാല്‍ജിയും താമസമാക്കി.
ലോകസഭാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാനും മറ്റുമായി എല്‍.കെ. അദ്വാനിയും ദല്‍ഹിയിലെത്തി. വാജ്പേയിയുടെ രാഷ്ട്രീയചിന്തകള്‍ക്ക് തെളിമയും ഗരിമയും കൈവരാന്‍ ദീനദയാല്‍ജിയുടെ സഹവാസം കാരണമായി. രാഷ്ട്രജീവിതത്തിന്റെ നാനാവശങ്ങളെ ഭാരതീയ പാരമ്പര്യത്തിന്റെയും ധര്‍മശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തില്‍ വിശകലനംചെയ്ത് ദീനദയാല്‍ജി രൂപം നല്കിയ ഏകാത്മമാനവദര്‍ശനം അടല്‍ബിഹാരിയുടെ ചിന്തകള്‍ക്കടിസ്ഥാനമായി. അദ്ദേഹത്തിന്റെ സരസ്വതീ പ്രവാഹത്തില്‍ ആ ചിന്തയുടെ അലകള്‍ കാണാം.
ഏകാത്മ മാനവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഘത്തിന്റെ തത്വവും നയവും വിശദമായി എഴുതി തയ്യാറാക്കിയ കരടുരേഖ അംഗീകരിക്കാനായി വിജയവാഡയില്‍ ഭാരതീയ പ്രതിനിധിസഭ ചേര്‍ന്നു. അതിലെ ഓരോ വാചകവും അവിടെ ചര്‍ച്ചക്കും വിശദീകരണത്തിനും വിഷയമായി. എല്ലാറ്റിനും ദീനദയാല്‍ജി സമാധാനം നല്കി. തന്റെ അഭിപ്രായമാണെങ്കിലും അതു സര്വസമ്മതമാണെങ്കില് പാസാക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. സ്വകാര്യ സ്വത്ത്, തൊഴിലാളികളുടെ അവകാശങ്ങള്‍ മുതലായവയെ സംബന്ധിച്ച കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍പോലും ഉന്നയിക്കാത്തത്ര തീവ്രമാണെന്ന് ബല്‍രാജ് മധോക്കും മറ്റു ചിലരും അഭിപ്രായപ്പെട്ടു. അത് ഹൈന്ദവ ചിന്തകള്ക്കെതിരാണെന്നവര് പറഞ്ഞു. അക്കാര്യം ദീനദയാല്‍ജി വീണ്ടും വിശദീകരിച്ചു. ഹൈന്ദവ ശാസ്ത്രങ്ങള്‍ ഉദ്ധരിച്ചുതന്നെ തന്റെഭാഗം സമര്‍ത്ഥിച്ചു. ഇനിയും എതിര്‍പ്പു തുടരുകയാണെങ്കില്‍ ആ ഭാഗം വോട്ടിനിട്ടു തീരുമാനിക്കാമെന്ന് ദീനദയാല്‍ജി സമ്മതിച്ചു. മധോക്കിന് ഏതാനും പേരുടെ പിന്തുണ മാത്രമേ കിട്ടിയുള്ളൂ. അടല്‍ ബിഹാരി ആ സമയത്ത് ദീനദയാല്ജിയൊടൊപ്പം ഉറച്ചുനിന്നു. മധോക് തന്റെ അഭിപ്രായം മാറ്റാന്‍ തയ്യാറായില്ല എന്നുമാത്രമല്ല വാജ്പേയിയെ തന്റെ എതിരാളിയായി കാണുകയും ചെയ്തു.
1957 മുതല്‍ 67 വരെ ജനസംഘത്തിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. അതിന് ലോകോത്തരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ദര്‍ശനം ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞു. ഭാരതീയ ജീവിത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍നിന്നുകൊണ്ട് ലോകത്തിന്റെ ഏതുഭാഗത്തുനിന്നുമുള്ള ഉത്തമാശയങ്ങളെയും സ്വീകരിച്ച് രാഷ്ട്രജീവിതം പടുത്തുയര്‍ത്തുവാനുള്ള അഭിലാഷമാണ് ദീനദയാല്‍ജി പ്രകടമാക്കിയത്. ആ അഭിലാഷം വാജ്പേയിയുടെ രാഷ്ട്രീയജീവിതത്തിന് പ്രചോദനമായി. 67 ആകുമ്പോഴേക്കും ദേശത്തിന്റേ നേതൃനിരയില്‍ വാജ്പേയി സ്ഥാനം കണ്ടെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ജനസംഘം 36 സ്ഥാനങ്ങള്‍ നേടി. പല സംസ്ഥാനങ്ങളിലും ഭരണകക്ഷിയായിത്തീര്‍ന്നു. കോണ്‍ഗ്രസ്സിന്റെ ഏകഛത്രാധിപത്യത്തിന് ഇളക്കം തട്ടിത്തുടങ്ങി. പരിവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആ ഘട്ടത്തിലാണ് ഭാരതീയ ജനസംഘത്തിന്റേ 14-ാം വാര്‍ഷിക സമ്മേളനത്തിലേക്ക് ദീനദയാല്‍ജിയെ അദ്യക്ഷനായി തെരഞ്ഞെടുത്തത്. സമ്മേളനം കോഴിക്കോട്ടാണ് നടന്നത്. ഉത്തരഭാരത്തിലൂടെ ഒഴുകുന്ന ഗംഗാനദി വഴിമാറി തെക്കോട്ടൊഴുകുന്നത് പോലെ തോന്നിയെന്നാണ് സമ്മേളനത്തെ മാതൃഭൂമി പത്രം വിശേഷിപ്പിച്ചത്.
ആ സമ്മേളനം കഴിഞ്ഞ് 41-ാം ദിവസം ദീനദയാല്‍ജി വധിക്കപ്പെട്ടു. പാര്‍ട്ടി ഒരു വമ്പിച്ച കുതിച്ചുകയറ്റിന് ഒരുങ്ങുമ്പോള്‍ നായകനെ നഷ്ടപ്പെട്ടു. ഡോ. മുഖര്‍ജിയുടെ ദൂരൂഹമരണംപോലെ തന്നെ ദീനദയാല്‍ജിയുടെ മരണവും ദുരൂഹമായി. വിശദാംശങ്ങള്‍ ഇന്നും അജ്ഞാതമാണ്. അത് പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതം അത്യന്തം ഭയങ്കരമായിരുന്നു.
തുടര്‍ന്ന് ജനസംഘാധ്യക്ഷസ്ഥാനം നല്കപ്പെട്ടത് വാജ്പേയിക്കാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആ പ്രസ്ഥാനം ഇന്ന് വളര്‍ന്ന് ഭാരതത്തിന്റെ ഭാഗധേയം വിരചിക്കുവാന്‍ കരുത്തുനേടി. ദീനദയാലിന്റെ കൂടെ രംഗത്തിറങ്ങിയവര്‍ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചുകഴിഞ്ഞു. അടിയന്തിരാവസ്ഥയില്‍ മുഴുവന്‍ ജയിലില്കഴിഞ്ഞശേഷം മോചിപ്പിക്കപ്പെട്ടപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രാഗത്ഭ്യം തെളിയിച്ചു. പ്രധാനമന്ത്രിയായപ്പോഴാകട്ടെ ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. നെഹ്റുവിനുശേഷം ലോകാരാദ്ധ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രിസ്ഥാനം ലഭിച്ചത് അടര്ല്ജിക്ക് മാത്രം. അതിന്റെ തുടര്‍ച്ചയാകാന്‍ നരേന്ദ്രമോദിക്ക് സാധിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതില്‍ ഉള്ളുനിറയെ സന്തോഷിച്ച അടല്‍ജിക്ക് രണ്ടാമത്തെ വന്‍ വിജയം കാണാന്‍ കഴിയാതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: