രാജ്യം 73-ാം സ്വാതന്ത്ര്യദിനമാഘോഷിച്ച വേളയില്‍ ഒരുപക്ഷേ, മറ്റാരെക്കാളും കൂടുതല്‍ സന്തോഷിച്ചിരിക്കുക കശ്മീരിലെ സഹോദരങ്ങളാവും. മൂവര്‍ണ്ണക്കൊടിയുടെ മഹത്വം ആദ്യമായി അനുഭവിക്കാനും അതിന്റെ സംസ്കാരത്തിലേക്ക് ഉയരാനും അവര്‍ക്കായത് ഇത്തവണത്തെ സ്വാതന്ത്ര്യദിനവേളയിലായിരിക്കും. നാളിതുവരെ ത്രിവര്‍ണപതാകക്കൊപ്പം പ്രാദേശികമായ പതാകയുമാണ് ഉയര്‍ത്തിയിരുന്നത്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഒരു രാഷ്ട്രത്തില്‍ ഒരു സംസ്ഥാനത്തുമാത്രം പ്രത്യേക അധികാരാവകാശങ്ങള്‍ നിലനില്‍ക്കുന്നത് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുമെന്ന് ആര്‍ക്കാണറിയാത്തത്. പത്തെഴുപത് വര്‍ഷമായി നടന്നുകൊണ്ടിരുന്ന ഒരു സംഭവഗതിക്കാണ് 73-ാം സ്വാതന്ത്ര്യദിനവേളയില്‍ തിരശ്ശീല വീണിരിക്കുന്നത്.
പാക്കിസ്ഥാന് എന്നും ദുരാഗ്രഹത്തോടെ കാണുന്ന പ്രദേശമാണ് കാശ്മീര്‍. ഭൂപ്രകൃതികൊണ്ടും സംസ്കാരം കൊണ്ടും പ്രോജ്വല പാരമ്പര്യമുള്ള ആ സംസ്ഥാനത്തെ കൈവശപ്പെടുത്താനുള്ള കുത്സിത നീക്കങ്ങള്‍ എത്രയോ കാലമായി അവര്‍ തുടരുകയാണ്. ഉന്നയിക്കാവുന്ന വേദികളിലൊക്കെ കശ്മീര്‍ ഒരു പ്രശ്നമായി ചൂണ്ടിക്കാട്ടി അവര്‍ തങ്ങളുടെ ഇംഗിതം ഭംഗ്യന്തരേണ അവതരിപ്പിക്കാറുണ്ട്. ഭാരതത്തിന്റെ അവിഭാജ്യഘടകമായ ഒരു സംസ്ഥാനം കൈവശപ്പെടുത്താനുള്ള അവരുടെ മ്ലേച്ഛ നീക്കങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്നത് ആ സംസ്ഥാനത്തിന് മാത്രം ബാധകമായ രണ്ടു വകുപ്പുകളാണ്. 370, 35 എ വകുപ്പുകളുടെ പ്രത്യേകാവകാശത്തിന്റെ ബലത്തില്‍ കശ്മീരിന്റെ ഉള്ളറകളിലേക്കാണ് അയല്‍രാജ്യം എന്നും തലകടത്തിയിരുന്നത്.
ഭാഗ്യവശാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഉജ്ജ്വലമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വകുപ്പുകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണ ഭരണത്തിലേറിയ സര്‍ക്കാര്‍ കേവലം പത്താഴ്ചത്തെ ഹ്രസ്വമായ കാലയളവിലാണ്, ഭാരതത്തിന് എന്നും തലവേദന സൃഷ്ടിച്ചിരുന്ന വകുപ്പുകള്‍ റദ്ദാക്കിയത്. പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല നടപടി. ഇതുവരെ അതിന്റെ മുന്നൊരുക്കങ്ങള്‍ ജാഗ്രതയോടെ നടത്തുകയായിരുന്നു. ജനങ്ങളുടെ പൂര്‍ണ പിന്തുണയുള്ള സര്‍ക്കാര്‍ അവരുടെ ആശയാഭിലാഷങ്ങളെ എത്രമാത്രം മാനിക്കുന്നു എന്നതിന്റെ മഹനീയ മാതൃകയാണത്. 73-ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി കശ്മീരിന്റെ ഇതഃപര്യന്തമുള്ള സ്ഥിതിഗതികളിലേക്ക് രാജ്യവാസികളെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഭാരതത്തിന്റെ ഉരുക്കുമനുഷ്യനെന്ന് ആദരവോടെ ചൂണ്ടിക്കാട്ടപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടു വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ടുള്ള നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങളെ അവഗണിക്കാനും വളരാനും അനുവദിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് മോദി പറയുമ്പോള്‍ സമൂഹത്തിനുള്ള ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. എത്രയോകാലം വെച്ചു താമസിപ്പിച്ചും അതിലൂടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയും മുന്നോട്ടു നീങ്ങിയ സര്‍ക്കാറുകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം എന്ന് ഇപ്പോള്‍ വ്യക്തമായി. കശ്മീരിലെ രണ്ടു വകുപ്പുകള്‍ ആ സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്തില്ല എന്നതിനെക്കാള്‍ തീവ്രവാദികള്‍ക്കും ദേശദ്രോഹികള്‍ക്കും വലിയ കരുത്തുപകര്‍ന്നു എന്നതാണ് ഞെട്ടലുണ്ടാക്കുന്നത്. അതേസമയം അത്തരക്കാരുടെ മാനസിക നിലവാരത്തിലേക്ക് ബഹുഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും വഴിമാറുകയുണ്ടായി. ഇരു വകുപ്പുകളും റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവും പ്രതികരണവുമായി രംഗത്തിറങ്ങിയ കക്ഷികളെ ശ്രദ്ധിച്ചാല്‍ തന്നെ അവരുടെ അജണ്ട വ്യക്തമാകും.
‘ജമ്മു കശ്മീരിന്റെ പുനഃസംഘടനയാണ് നടക്കാനുള്ളത്. അതിനായി നാം മുന്നോട്ടുപോവുകയാണെ’ന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നരേന്ദ്രമോദി വ്യക്തമാക്കി. എഴുപതു വര്‍ഷമായി നില നിന്നിരുന്ന സംവിധാനം വിഘടനവാദത്തെ ശക്തിപ്പെടുത്തുകയും ഭീകരവാദത്തിന് ജന്മം നല്‍കുകയും ചെയ്തു. വംശവാഴ്ച പ്രോത്സാഹിപ്പിക്കുകയും ഒരു തരത്തില്‍ അഴിമതിയുടെയും വിവേചനത്തിന്റെയും അടിത്തറകള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനൊക്കെ പരിഹാരമെന്ന നിലയ്ക്കാണ് രണ്ടു വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് സമുജ്ജ്വലമായ ഭാവി ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: ”എനിക്ക് അഭിമാനത്തോടെ പറയാം, ഓരോ ഇന്ത്യക്കാരനും ഒരു രാജ്യം ഒരൊറ്റ ഭരണഘടന എന്നത് സംബന്ധിച്ച് പറയാന്‍ സാധിക്കും. ഏക ഭാരതം, ശ്രേഷ്ഠഭാരതം എന്ന സര്‍ദാര്‍ സാഹിബിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാം. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും അരക്കിട്ടുറപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ നമ്മള് വികസിപ്പിക്കണം”. രാഷ്ട്രത്തിന്റെ അസ്തിത്വവും അസ്മിതയും അറിയുന്ന ഭരണാധികാരി ഇങ്ങനെ പറയുമ്പോള്‍ 130 കോടി പൗരന്മാരുടെ ആത്മവിശ്വാസം വാനോളം ഉയരുകയല്ലേ? ഛിദ്രശക്തികള്‍ ചിതറിത്തെറിക്കുകയല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: