ആലപ്പുഴ: കുട്ടനാട്ടില്‍ കൃഷി സംരക്ഷിക്കുന്ന തരത്തില്‍ എ-സി കനാല്‍ ഒന്നാംകര മുതല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് ആവശ്യം ഉയരുന്നു. ഇപ്പോള്‍ കിടങ്ങറ മുതല്‍ ഒന്നാംകര വരെ കനാലിന് കുറുകെ ജലമൊഴുക്ക് തടസപ്പെടുത്തുന്ന പാലങ്ങള്‍ പൊളിച്ച് പുനര്‍ ക്രമീകരണം നടത്തുകയും നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ ആഴം വര്‍ദ്ധിപ്പിക്കുകയും വേണം.
റോഡിലെ താഴ്ന്ന ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തി നിര്‍മ്മിക്കുകയാണ് ആവശ്യം. അല്ലാതെ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ചാലും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഉണ്ടാകുന്ന സമയത്ത് കൃഷി സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എ-സി റോഡില്‍ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ചാല്‍ കര്‍ഷകരുടെ ബുദ്ധിമുട്ടും ദുരിതവും മാറില്ല. കാര്‍ഷിക മേഖലയ്‌ക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതിയാണ് വേണ്ടതെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കുട്ടനാട്ടിലെ താലൂക്ക് ആസ്ഥാനം ചെറിയ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. കുട്ടനാട് താലൂക്ക് ആസ്ഥാനമായ സിവില്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് തെക്കേക്കരയിലാണ്. സിവില്‍ സ്‌റ്റേഷന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് മണിമലക്കാട്, ഏഴുകാട്, നാലുതോട്ടിനകം ചിറ, മൂല പൊങ്ങമ്പ്ര പാടശേഖരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒരു പാടശേഖരത്തില്‍ കൃഷി നശിച്ചാല്‍ മറ്റു മൂന്നു പാടശേഖരത്തിലും കൃഷി നശിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളില്‍ ഒന്നില്‍പ്പോലും കുട്ടനാട് പാക്കേജില്‍പ്പെടുത്തി പുറംബണ്ട് സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനോ രണ്ടാം കൃഷി സുഗമമായി നടത്താന്‍ പദ്ധതികള്‍ നടപ്പാക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
മൂല പൊങ്ങമ്പ്ര പാടശേഖരത്തില്‍ രണ്ടാംകൃഷി ഇല്ലെങ്കിലോ, രണ്ടാംകൃഷി നഷ്ടപ്പെട്ടാലോ എ-സി റോഡില്‍ വെള്ളം കയറുന്നത് മൂലം വാഹന ഗതാഗതം തടസപ്പെടുക പതിവായി. കഴിഞ്ഞ വര്‍ഷം 45 ദിവസത്തോളം ഗതാഗതം ഇവിടെ തടസപ്പെട്ടിരുന്നു. പതിനഞ്ച് വര്‍ഷമായി പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ചുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് മൂല പൊങ്ങമ്പ്ര പാടശേഖരത്തിന് പുറംബണ്ട് സംരക്ഷണത്തിന് ഫണ്ട് നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
എല്ലാ വര്‍ഷകാലത്തിലും എ-സി റോഡില്‍ ഗതാഗത തടസം പരിഹരിക്കുന്നതിന് ശാശ്വത മാര്‍ഗം കാണുവാന്‍ എംപിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയാറാകാത്തത് ജനങ്ങളോടും, പാടശേഖര സമിതികളോടും കര്‍ഷകരോടുമുള്ള വെല്ലുവിളിയാണന്ന് ജനശക്തി കുട്ടനാട് താലൂക്ക് പ്രസിഡന്റ് കെ.സി. മാത്യു കൂനംതറയും, സെക്രട്ടറി അഡ്വ.വി. സുദീപും പറഞ്ഞു.
















