മലപ്പുറം: കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതില്‍ രണ്ടെണ്ണം കുട്ടികളുടേതാണ് ഇതിലൊരാളെ തിരച്ചറിഞ്ഞു. ഇതോടെ ദുരന്തഭൂമിയില്‍ മരിച്ചവരുടെ എണ്ണം 37 ആയി.
ഇനിയും 22 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമിയുടെ രൂപം മാറിയതിനാല്‍ അപകടത്തില്‍ തകര്‍ന്ന വീടുകള്‍ എവിടെയെന്ന് മാപ്പിങ്ങിലൂടെയാണ് എന്‍ഡിആര്‍ഫ് സംഘം അനുമാനിക്കുന്നത്. ഇതനുസരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
തിരച്ചില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജിപിആര്‍എസ് കൊണ്ടുവരും. ഹൈദരാബാദിലെ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിമാനമാര്‍ഗം ഇത് കൊണ്ടുവരും. അതുവരെ നിലവിലെ രീതിയില്‍ തിരച്ചില്‍ തുടരാനാണ് തീരുമാനം. എല്ലാദിവസവും മൃതദേഹങ്ങള്‍ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ, സന്നദ്ധസംഘടനകള്‍ എന്നിവരടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഇന്ന് വൈകിട്ട് കവളപ്പാറ സന്ദര്‍ശിക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരെ കണാതായത്. മഴ മാറി നിന്നതോടെ പതിവിലും നേരത്തെ ഇന്ന് തെരച്ചില്‍ തുടങ്ങി. നാല് ഭാഗമായി തിരിച്ച് 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തു.
















